19 September Saturday
കോൺഗ്രസും ബിജെപിയും തടഞ്ഞിട്ടും സർക്കാർ ഉറച്ചുനിന്നു

തോട്ടപ്പള്ളിയിൽ പൊഴിമുറിച്ചത്‌ രക്ഷയായി ; വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


ആലപ്പുഴ
തോട്ടപ്പള്ളി പൊഴിയിലെ തടസം നീക്കിയതോടെ കടലിലേക്ക്‌ ഒഴുകുന്നത്‌ സെക്കൻഡിൽ 620 ക്യുബിക്‌ അടി വെള്ളം. ആറുകളിൽ പ്രളയകാലത്തിന്റെ അത്ര ജലനിരപ്പുയർന്നിട്ടില്ല. മെയ്‌–-ജൂലൈ മാസങ്ങളിലാണ്‌  മരംമുറിച്ച്, ‌ മണൽമാറ്റി  പൊഴിയുടെ വീതി  393 മീറ്റർ ആക്കിയത്. പിന്നാലെ  സ്‌പിൽവേയിലെ 40 ഷട്ടറുകളിലൂടെയും ഒഴുകിയെത്തുന്ന ജലം പൊഴിയിലൂടെ കടലിൽ പതിച്ചു തുടങ്ങി.  ഇതോടെ കുട്ടനാട്‌, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ ജലനിരപ്പ്‌ താഴ്‌ന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ്‌ കൂടിയിട്ടും, പമ്പാ നദിയുടെ അണക്കെട്ട്‌ തുറന്നിട്ടും വെള്ളപ്പൊക്ക വലിയ ഭീഷണി വിതയ്‌ക്കാതിരുന്നത്‌ തോട്ടപ്പള്ളിയിലെ ഈ ഒഴുക്ക്‌ കാരണമാണ്‌.

മരം വളർന്നും മണൽ അടിഞ്ഞും തോട്ടപ്പിള്ളിയിൽ ഒഴുക്ക്‌ തടസപ്പെട്ടിരുന്നു. സർക്കാർ നടത്തിയ കൂടിയാലോചനയിൽ ഒഴുക്ക്‌ സുഗമമാക്കാൻ തടസം നീക്കി  പൊഴിയുടെ വീതി കൂട്ടണമെന്ന നിർദേശമുയർന്നു.  മെയ്‌ 23ന്‌ ജോലി തുടങ്ങി. കോൺഗ്രസ്‌, ബിജെപി, ജാതി, മത, വർഗീയ സംഘടനകൾ കരിമണൽ കടത്താനാണ്‌ മണൽ മാറ്റുന്നതെന്നാരോപിച്ച്‌  സംയുക്തമായി തടയാനെത്തി. എതിർപ്പു വകവയ്‌ക്കാതെ തുടർന്ന ജോലി ജൂലൈ 22ന്‌ പൂർത്തിയാക്കി. 52,000 ക്യുബിക്ക്‌ മീറ്റർ മണൽ നീക്കി,   ‌ജൂലൈ 31ന്‌ 30 മീറ്റർ മുറിച്ചു. ഒഴുക്ക്‌ ശക്തമായതോടെ  90 മീറ്റർ കൂടി തുറന്നു. ശനിയാഴ്‌ച മുതൽ പൊഴിയുടെ ബാക്കി ഭാഗം കൂടി തുറക്കൽ തുടങ്ങി. ഞായറാഴ്‌ച ഇത്‌ പൂർത്തിയായതോടെ 300 മീറ്റർ വീതിയിൽ ജലം ഒഴുകാൻ തുടങ്ങി.

ഇനി 93 മീറ്ററാണ്‌ തുറക്കാനുള്ളത്‌. പൊഴിയിൽ നിന്ന്‌ നീക്കിയ മണൽ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎൽ  ഇൽമനൈറ്റ്,  മോണോസൈറ്റ് തുടങ്ങിയ ധാതുക്കൾ വ്യാവസായിക ആവശ്യത്തിനായി എടുത്തശേഷം തിരികെ കൊണ്ടുവന്നു തുടങ്ങി‌. തോട്ടപ്പള്ളി മണ്ണമ്പറം കോളനിയിൽ ലൈഫ്‌ പദ്ധതി പ്രകാരം ഫ്ലാറ്റ്‌‌ സമുച്ചയം നിർമിക്കുന്ന സ്ഥലത്ത്‌ ഇതിനകം 50 ലോഡ്‌ മണൽ കൊണ്ടുവന്നു‌.

അച്ചൻകോവിൽ തീരത്തും രക്ഷയായി
അച്ചൻകോവിലാർ കരകവിഞ്ഞൊഴുകിയിട്ടും ഇത്തവണ മാവേലിക്കരയിലെ തീരപ്രദേശങ്ങളെ പ്രളയം വിഴുങ്ങിയില്ല. തോട്ടപ്പള്ളി പൊഴിമുറിച്ചതാണ് ആശ്വാസമായതെന്ന് റവന്യു അധികൃതർ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷങ്ങളിലും  മാവേലിക്കരയിലെ തഴക്കര, വെട്ടിയാർ, പ്രായിക്കര, കണ്ടിയൂർ കുരുവിക്കാട്, ചെട്ടികുളങ്ങരയുടെ വടക്കൻ പ്രദേശങ്ങൾ  പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top