19 September Saturday

'കോടികളുടെ വില'യുള്ള നൂറ് രൂപ നൽകിയത് കുമ്പളങ്ങിയിലെ മേരിച്ചേച്ചി; ആദരിച്ച് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

പള്ളുരുത്തി > പൊതിച്ചോറിനുള്ളിൽ 100 രൂപ പൊതിഞ്ഞു നൽകിയ കുമ്പളങ്ങി ഒന്നാംവാർഡിലെ വീട്ടമ്മ വേലംപറമ്പിൽ മേരി സെബാസ്റ്റ്യന് കണ്ണമാലി പൊലീസിന്റെ ആദരം. കടൽക്ഷോഭത്തിലും കോവിഡിലും ദുരിതമനുഭവിക്കുന്ന ചെല്ലാനത്തുകാർക്ക് കണ്ണമാലി സിഐ പി എസ് ഷിജുവിന്റെ നിർദേശപ്രകാരം കുമ്പളങ്ങയിൽനിന്ന് കഴിഞ്ഞദിവസങ്ങളിൽ  പൊതുപ്രവർത്തകരും സംഘടനകളും നവമാധ്യമ കൂട്ടായ്മകളുമാണ് ഭക്ഷണപ്പൊതികൾ എത്തിച്ചത്. 

ഏറെനാൾ പണിക്കുപോകാൻ പറ്റാതെ ദുരിതത്തിലായിരിക്കുന്ന ചെല്ലാനത്തേക്ക് ചോറെടുത്തപ്പോൾ അതിൽ 100 രൂപയും മേരി വച്ചു. കണ്ണമാലി പൊലീസ് സ്റ്റേഷനിലെ അനിൽ ആന്റണി പൊതി തുറന്നപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നൂറ് രൂപ ലഭിച്ചത്. ഇത് ഇൻസ്പെക്ടർ ഷിജു കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന പേരിൽ ഫെയ്സ്ബുക്കിൽ കുറിച്ചതോടെയാണ് സംഭവം വൈറലായത്. ഒരു പഴം കൊടുത്താൽപ്പോലും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസ്സിനുമുന്നിൽ നമിക്കുന്നു എന്നായിരുന്നു പോസ്റ്റിന്റെ പൂർണരൂപം.

കിട്ടുന്നയാൾക്കു മാത്രമല്ല, സ്‌നേഹത്തിന്റെയും കരുതലിന്റെയും പൊതിച്ചോറുകൾ ശേഖരിച്ചു ചെല്ലാനം മേഖലയിൽ വിതരണം ചെയ്യുന്ന സന്നദ്ധപ്രവർത്തകർക്കും പൊലീസിനും ഊർജം പകർന്നുനൽകുന്നതായി ആ  നോട്ട്. സംഭവം നവമാധ്യമങ്ങളിൽ വൈറലായതോടെ  കണ്ണമാലി പൊലീസ് മേരിയെ തേടിയെത്തി. കുമ്പളങ്ങിയിലെ വീട്ടിലെത്തി സിഐ പി എസ് ഷിജു, എസ്‌ഐ സനൽ, സിപിഒ വിജു എന്നിവർ ചേർന്ന് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.  ഭക്ഷണക്കിറ്റുകളും മേരിക്കു നൽകിയശേഷമാണ് പൊലീസ് മടങ്ങിയത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top