19 September Saturday

ആനിക്കാടുചിറ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


മൂവാറ്റുപുഴ
ആവോലി പഞ്ചായത്തില്‍ നവീകരണം പൂർത്തിയായ ആനിക്കാടുചിറ  ചൊവ്വാഴ്ച പകൽ 11ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷനാകും. കോവിഡ്- നിയന്ത്രണങ്ങൾ പാലിച്ച് ചിറയുടെ നടപ്പാതയില്‍ സജ്ജീകരിച്ച വേദിയില്‍ സ്‌ക്രീന്‍ സ്ഥാപിച്ച് ഉദ്ഘാടനച്ചടങ്ങുകള്‍ നടത്തും.

നബാർഡിൽനിന്ന് 2.28 കോടി രൂപ മുടക്കിയാണ് ആനിക്കാടുചിറ നവീകരിച്ചത്. മൂന്ന് ഏക്കർ വിസ്തൃതിയുള്ള  ചിറയുടെ ആദ്യഘട്ട നവീകരണമാണ് പൂര്‍ത്തിയാക്കിയത്.കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനായിരുന്നു ചുമതല. വർഷങ്ങളായി നിറഞ്ഞുകിടന്ന പായലും ചെളിയും മാലിന്യങ്ങളും നീക്കി ചിറയ്‌ക്കുള്ളിൽ മൂന്നുവശവും കരിങ്കൽഭിത്തി നിർമിച്ചു.  ഇറങ്ങാൻ  വീതിയുള്ള റാമ്പും  നാലു വശത്തും പടികളുമുണ്ട്.  തൊടുപുഴ–മൂവാറ്റുപുഴ റോഡരുകിലാണ്  തടാകം.

ചിറയുടെ ചുറ്റും മൂന്നു മീറ്റർ വീതിയില്‍ നടപ്പാത നിര്‍മിച്ച്‌ ടൈൽ വിരിച്ച് ആകർഷകമാക്കി. ചിറയില്‍നിന്ന്‌ വെള്ളം ഒഴുക്കുന്നതിന് ഓവ് ചാലുണ്ട്. പായല്‍ വളരുന്നത് ഒഴിവാക്കാൻ ആയിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ചിറയില്‍ നിക്ഷേപിച്ചു. നടപ്പാതയിൽ ഉടൻ ഹാന്‍ഡ് റെയിലുകൾ സ്ഥാപിക്കും. രണ്ടാം ഘട്ടമായി ഔഷധ സസ്യോദ്യാനം, ടൂറിസം വകുപ്പുമായി സഹകരിച്ച് ബോട്ടിങ്‌ എന്നിവയാണ്‌ ലക്ഷ്യമിടുന്നത്. ചിറ  സംരക്ഷണത്തിന് ആവോലി പഞ്ചായത്ത് അഞ്ചുലക്ഷം രൂപ അനുവദിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top