22 September Tuesday

മഴയ്‌ക്ക്‌ നേരിയ ശമനം; ‌തീരാതെ ദുരിതം

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


പിറവം
ഞായറാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടായതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് അധികമായി ഉയർന്നില്ല. എങ്കിലും ദുരിതത്തിന്‌ ശമനമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് പിറവം കക്കാട്‌ തേക്കുംമൂട്ടിൽ കോരയുടെ വീടിന്റെ സംരക്ഷണഭിത്തി തകർന്ന്‌ വീട് അപകടാവസ്ഥയിലായി.

പിറവം–-മുളക്കുളം റോഡിൽ കരിങ്കൽ ചിറയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായതോടെ നഗരസഭയുടെ നേതൃത്വത്തിൽ കരുതൽ നടപടികൾ ആരംഭിച്ചു. പിറവം കടവിലുള്ള മൂന്നു കുടുംബങ്ങളെയും, കക്കാട്, കളമ്പൂർ മത്സ്യ കോളനിയിലുള്ളവരെയും മാറ്റിപ്പാർപ്പിക്കാൻ കളമ്പൂർ സ്‌കൂൾ, കക്കാട് സ്‌കൂൾ, പാറപ്പാലി ഓഡിറ്റോറിയം എന്നിവ തയ്യാറാക്കുമെന്ന്‌ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ് അറിയിച്ചു. മുളക്കുളം–-പിറവം റോഡിൽ  പുരത്തറ കുളത്തിനുസമീപം റോഡിൽ വെള്ളം കയറി. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നാലുതരം ക്യാമ്പുകൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ എ, ബി ക്യാമ്പുകളിൽ കോവിഡ്‌ ബാധിതരല്ലാത്തവരെയാകും താമസിപ്പിക്കുക, സി ക്യാമ്പിൽ കോവിഡ്‌ ബാധിതരെയും, ഡി ക്യാമ്പിൽ ക്വാറന്റൈനിൽ ഉള്ളവരെയും പാർപ്പിക്കും. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ക്രമീകരിക്കാൻ അഗ്‌നിശമനസേനയ്‌ക്ക്‌ നിർദേശം നൽകിയിട്ടുണ്ട്.

പെരുവ ഭാഗത്തേക്കുള്ളവർ പാലച്ചുവട് റോഡിൽക്കൂടി തിരിഞ്ഞുപോകേണ്ടിവരും.രാമമംഗലം പഞ്ചായത്തിൽ ഊരമന ശിവലിയിൽ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാമ്മലശേരി, കോരങ്കടവ്, കിഴുമുറി, രാമമംഗലം കടവ് പ്രദേശങ്ങളിൽ വെള്ളം കയറി. കടവ് പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങളെ എൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. കൂടുതൽ ആളുകളെ മാറ്റേണ്ട സാഹചര്യം ഉണ്ടായാൽ എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുള്ളതായി പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. കെ എ മിനികുമാരി പറഞ്ഞു. ശിവലിയിൽ ലിഫ്റ്റ് ഇറിഗേഷൻ കനാലിന്റെ അക്വഡേറ്റ് ഭാഗികമായി തകർന്നു. റോഡുകൾ വെള്ളത്തിലായിട്ടുണ്ട്.

കോലഞ്ചേരി
മൂവാറ്റുപുഴയാർ കരകവിഞ്ഞൊഴുകിയതോടെ ഐക്കരനാട്, പൂതൃക്ക പഞ്ചായത്തിലെ വീടുകളിൽ വെള്ളം കയറി. ഐക്കരനാട് പെരുവംമൂഴിയിലെ ഒമ്പത് കുടുംബങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ ക്യാമ്പിലേക്ക് മാറ്റി. ചാത്തനാട്ടുകുഴി പ്രദേശങ്ങളിലെ പത്തോളം കുടുംബങ്ങൾ ഭീഷണിയിലാണ്. പെരുവംമൂഴിയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന 11 അതിഥിത്തൊഴിലാളികളെ കടമറ്റം പഞ്ചായത്ത് കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റി. പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളി യുപി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 11 കുടുംബങ്ങളെ നേരത്തെ മാറ്റിയിരുന്നു.

തമ്മാനിമറ്റം, പാലക്കാമറ്റം പ്രദേശങ്ങളിലെ വീടുകളും ഭീഷണിയിലാണ്. തിരുവാണിയൂർ പഞ്ചായത്തിലെ മുരിയമംഗലം, പള്ളിപ്പാട്ട്, മാമല, കക്കാട് ഭാഗത്ത് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. കവലീശ്വരം ഭാഗത്തെ വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. പള്ളിപ്പാട്ട് റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വെൺമണിയിൽ വീടുകളിൽ വെള്ളം കയറി. മഴുവന്നൂർ പഞ്ചായത്തിൽ കടക്കനാട് എംടിഎം എൽപി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പഞ്ചായത്തിലെ ആവുണ്ട, പുലിക്കുന്നുമോളം, കടക്കനാട്, വൈദ്യശാലപ്പടി, കണ്ണിക്കാട്ടുമോളം, ഞെരിയാംകുഴി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top