20 September Sunday

കോവിഡ്‌ : ആദിവാസിമേഖലകൾക്കായി പ്രത്യേക കർമപദ്ധതി; പുറത്തുനിന്ന്‌ എത്തുന്നവർക്ക്‌ സമ്പർക്കവിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020


തിരുവനന്തപുരം
കോവിഡ്‌ വ്യാപനം നിയന്ത്രിക്കാൻ ആദിവാസിമേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ  ഊർജിതമാക്കും. പുറത്തുനിന്ന്‌ എത്തുന്നവർക്ക്‌ സമ്പർക്കവിലക്ക്‌ ഏർപ്പെടുത്തും. മൊബൈൽ യൂണിറ്റുകൾ, വളന്റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളിൽ നിരീക്ഷണം ശക്തമാക്കും. മറ്റ്‌ പകർച്ചവ്യാധികൾക്കെതിരെയും കർശന ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്‌.

ആദിവാസിമേഖലകളിലേക്കുള്ള പ്രവേശനകവാടത്തിൽത്തന്നെ കോവിഡ്‌ പരിശോധനാ പോയിന്റുകൾ സ്ഥാപിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പ്രദേശത്തെ പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ നേതൃത്വം നൽകും. ഇവ കാര്യക്ഷമമായി നടക്കുന്നെന്ന്‌ ജില്ലാഭരണ സംവിധാനവും പട്ടികർഗവകുപ്പും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിന്റെ ട്രൈബൽ ഹെൽത്ത്‌ ആക്‌ഷൻ പ്ലാൻ നിർദേശിക്കുന്നു.

ഊരിനു പുറത്തുപോയി ജോലിചെയ്യുന്ന യുവാക്കൾ, മറ്റ്‌ സ്ഥലങ്ങളിൽനിന്ന്‌ എത്തുന്ന സന്ദർശകർ എന്നിവർ ഹൈ റിസ്ക്‌ വിഭാഗത്തിലുള്ളവരുമായി ഇടപഴകരുത്‌. ആവശ്യമെങ്കിൽ ഇവർക്കായി പ്രത്യേക താമസസ്ഥലം ലഭ്യമാക്കണം. കോവിഡ്‌ ബാധിതരാകുന്നവർക്കായി പ്രാദേശികതലത്തിൽ പ്രഥമതല ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കണം.

ഊരിന്‌ ഒരു വളന്റിയർ എന്ന നിലയിൽ ചുമതല നൽകി പനി, ശ്വസനസംബന്ധ പ്രശ്‌നങ്ങൾ എന്നിവ വർധനയുണ്ടോ എന്ന്‌ നിരീക്ഷിക്കണം. അസ്വാഭാവിക മരണങ്ങളെല്ലാം പരിശോധിക്കപ്പെടുന്നു എന്ന്‌ ഉറപ്പാക്കണം. കോവിഡ്‌ വ്യാപനം, ക്ലസ്റ്റർ രൂപീകരണം എന്നിവ തുടക്കത്തിൽത്തന്നെ കണ്ടെത്തി പരിശോധന, നിർവ്യാപന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം. വീടുകൾതോറും ബോധവൽക്കരണം നടത്തി മറ്റ്‌ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ്‌ നിർദേശിക്കുന്നു.

വനത്തിനുള്ളിൽ താമസിക്കുന്നവർക്കിടയിലേക്ക്‌ കോവിഡ്‌ പടരുന്നത്‌ ഒഴിവാക്കാൻ കർശന മുൻകരുതലാണ്‌ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌‌. ആദിവാസിമേഖലകളിൽ പ്രത്യേക കോവിഡ്‌ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top