20 September Sunday

കെഎസ്‌ഇബി ഡാമുകളിൽ 56.9 ശതമാനം വെള്ളം ; മുല്ലപ്പെരിയാർ 136 അടിയിലേക്ക്, ഇടുക്കിയിൽ മൂന്നടി വെള്ളം കൂടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ കെഎസ്‌ഇബി ഡാമുകളിലുള്ളത്‌ സംഭരണശേഷിയുടെ 59.6 ശതമാനം വെള്ളം. ഡാമുകളിൽ ജലവിതാനം ഉയരുന്നുണ്ടെങ്കിലും 24 മണിക്കൂറും ശക്തമായ നിരീക്ഷണസംവിധാനമുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും‌ കെഎസ്‌ഇബി അറിയിച്ചു.

ഞായറാഴ്‌ച 18 അണക്കെട്ടിലുമായി 2008.78 എംസിഎം വെള്ളമാണ് ഒഴുകിയെത്തിയത്‌. ശനിയാഴ്‌ച ഇത്‌ 1898.6 എംസിഎം ആയിരുന്നു. ഈ അണക്കെട്ടുകളുടെ ആകെ സംഭരണശേഷി 3532.5 എംസിഎമ്മാണ്‌. ഞായറാഴ്‌ചയിലെ സ്ഥിതി അനുസരിച്ച് ആകെ സംഭരണശേഷിയുടെ 56.9 ശതമാനം വെള്ളംമാത്രമാണ് അണക്കെട്ടുകളിലുള്ളത്‌. വലിയ ജലസംഭരണികളായ ഇടുക്കിയിൽ 57.76, ഇടമലയാർ–- 50.75, കക്കി–- 56.67, ബാണാസുരസാഗർ–- 69.25, ഷോളയാർ–- 69.1 ശതമാനവും വെള്ളമുണ്ട്‌. പെരിയാർ, പമ്പ, ചാലക്കുടി, കുറ്റിയാടി, കബനി എന്നീ അഞ്ചു പ്രധാന നദിയിലായാണ് ഈ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നത്.

മുൻകരുതലിന്റെ ഭാഗമായി ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പമ്പ ജലസംഭരണി പൂർണ സംഭരണശേഷി എത്തുംമുമ്പേ തുറന്ന്‌  ചെറിയതോതിൽ ജലം പുറത്തേക്ക് ഒഴുക്കി. ജലനിരപ്പ് 983.52 മീറ്റർ എത്തിയപ്പോഴാണ് ഡാം തുറന്നുവിട്ടത്. ജലനിരപ്പ് അപകടനിലയേക്കാൾ താഴെ ആയപ്പോഴായിരുന്നു നടപടി. ജലനിരപ്പ് 982 മീറ്ററിൽ എത്തുമ്പോൾ ഷട്ടറുകൾ അടയ്ക്കും. നിലവിൽ പമ്പാനദിയിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടില്ല. ശക്തമായ മഴ മുന്നിൽക്കണ്ട്‌ ഡാമുകളിൽ ഉചിതമായ രീതിയിൽ വെള്ളം ക്രമീകരിച്ചിട്ടുണ്ട്‌.


 

ഇടുക്കിയിൽ മൂന്നടി വെള്ളം കൂടി
ഇടുക്കിയിൽ മഴ ശക്തമായി തുടരുന്നു. പലയിടത്തും മലവെളളപ്പാച്ചിലുണ്ടായതിനെ തുടർന്ന്‌ പെരിയാറിൽ ജലനിരപ്പ്‌ ഉയർന്ന്‌  നിൽക്കുകയാണ്‌. ഞായറാഴ്‌ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിൽ ഇടുക്കി അണക്കെട്ടിൽ മൂന്നടി വെളളം കൂടി.  2363.58 അടിയായി  ജലനിരപ്പ്‌ ഉയർന്നു. ആകെ സംഭരണശേഷിയുടെ 68.26 ശതമാനമാണിത്‌. മൂലമറ്റം പവർഹൗസിൽ 3.69 ദശലക്ഷം യൂണിറ്റായിരുന്നു വൈദ്യുതി ഉൽപ്പാദനം. കഴിഞ്ഞവർഷം 2329.64  ആയിരുന്നു ഇതേദിവസത്തെ ജലനിരപ്പ്‌.

മുല്ലപ്പെരിയാർ 136 അടിയിലേക്ക്
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. ഞായറാഴ്ച രാവിലെ ആറിന് 135.25 അടിയായിരുന്ന ജലനിരപ്പ് വൈകിട്ട് അഞ്ചോടെ 135.8 എത്തി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഞായറാഴ്ച നേരിയ മഴയാണുള്ളത്. ഞായറാഴ്ച രാവിലെ ആറുമണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 5473.70 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാട് ഓരോ സെക്കൻഡിലും 1506 ഘനയടി വീതം വെള്ളം കൊണ്ടുപോയി. ഞായറാഴ്ച രാവിലെ മുതൽ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2010 ഘനയടിയായി ഉയർത്തി.

പമ്പാ ഡാം തുറന്നു
ശക്തമായ മഴയുടെ അളവ് കണക്കിലെടുത്ത്‌ പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഞായറാഴ്‌ച പകൽ‌ ഒന്നോടെയാണ്‌ ആദ്യ രണ്ടു ഷട്ടറുകൾ തുറന്നത്‌. പിന്നീട്‌ ക്രമേണ ആറു ഷട്ടറുകളും തുറന്നു. ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ്‌ പെയ്യുന്നത്‌.  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്‌. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ്‌‌ റെഡ് അലർട്ട് നൽകാതെ ഞായറാഴ്‌ചതന്നെ ഡാം തുറന്നത്‌. ആറു ഷട്ടറുകൾ 60 സെന്റീ മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 82 ഘനമീറ്റർ ജലമാണ്‌ പുറത്തേയ്‌ക്ക്‌ ഒഴുക്കുന്നത്‌.


 

നദിയുടെ തീരത്തുള്ള  ജനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതാനിർദേശം നൽകി. അപകടസാധ്യത മേഖലകളിൽ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. രാത്രിയോടെയാണ്‌ വടശ്ശേരിക്കര, റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒഴുക്ക്‌ ശക്തമായി‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top