10 August Monday

ഭയക്കേണ്ട ജാഗ്രത മതി ; രക്ഷാദൗത്യത്തിന്‌ സർവശേഷിയുമെടുത്ത്‌ സർക്കാർ

പ്രത്യേക ലേഖകൻUpdated: Friday Aug 9, 2019തിരുവനന്തപുരം
മഹാപ്രളയത്തിന്റെ  ഒന്നാം വാർഷികത്തിൽ കാലവർഷം വീണ്ടും കലിപൂണ്ടതോടെ കേരളം ഒരിക്കൽക്കൂടി ദുരന്തമുഖത്തായി. കഴിഞ്ഞ വർഷത്തെ ദുരന്തത്തിൽനിന്ന്‌ കരകയറാനുള്ള സർക്കാരിന്റെ പരിശ്രമത്തെ തകിടംമറിക്കുന്ന പ്രളയക്കെടുതിയാണ്‌ അഭിമുഖീകരിക്കുന്നത്‌. ഇപ്പോഴത്തെ അസാധാരണ സ്ഥിതിവിശേഷം നേരിടാൻ സർവശേഷിയുമെടുത്ത രക്ഷാദൗത്യമാണ്‌ സർക്കാർ ഏറ്റെടുത്തത്‌.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ്‌ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നത്‌. വ്യാഴാഴ്‌ച രാത്രി അദ്ദേഹം ദുരന്തനിവാരണ അതോറിറ്റി കൺട്രോൾ റൂമിലെത്തി സ്ഥിതിഗതി വിലയിരുത്തി. ചീഫ്‌ സെക്രട്ടറി  അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി. വെള്ളിയാഴ്‌ച രാവിലെ മുഖ്യമന്ത്രി നേരിട്ട്‌ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിച്ചു. ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ മന്ത്രിമാരെ നിയോഗിച്ചു. ഇതിന്‌ 22.5 കോടിരൂപ അടിയന്തരമായി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു.

വയനാട്‌ പുത്തുമലയിലെ മലയിടിച്ചിൽ ദുരന്തം അവലോകനം ചെയ്യുന്നതിനിടെയാണ്‌ നിലമ്പൂർ കവളപ്പാറയിലെ ദുരന്തവാർത്ത എത്തിയത്‌. ഉച്ചതിരിഞ്ഞ്‌ മുഖ്യമന്ത്രി വീണ്ടും കൺട്രോൾ റൂമിലെത്തി സ്ഥിതിഗതി മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിന്‌ ആവശ്യമായ നിർദേശം നൽകി. ദുരിതബാധിത ജില്ലകളിൽ വകുപ്പുകളുടെ ഏകോപനത്തിന്‌ മന്ത്രിമാരും നേതൃത്വം നൽകുന്നു. ജില്ലാ ഭരണസംവിധാനങ്ങളും 24 മണിക്കൂറും ജാഗ്രതയോടെ രംഗത്തുണ്ട്‌. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീം സംസ്ഥാനത്തെത്തി. പൊലീസും അഗ്നിസുരക്ഷാസേനയും മറ്റ്‌ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്‌. ദേശീയ ദുരന്ത നിവാരണ സേനയും പ്രതിരോധ സേനയും കേരളത്തെ സഹായിക്കാനായി രംഗത്തുണ്ട്‌.

കഴിഞ്ഞ  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പഴുതടച്ചുള്ള മുൻകരുതൽ നടപടിയാണ്‌ സർക്കാർ കൈക്കൊണ്ടത്‌. ഒരു നിമിഷം അമാന്തിക്കാതെയുള്ള രക്ഷാപ്രവർത്തനത്തിന്‌ രൂപംനൽകി സർക്കാർ സംവിധാനം ഒന്നാകെ മുന്നിട്ടിറങ്ങിയ അനുഭവം മുമ്പുണ്ടായിട്ടില്ല. എല്ലാറ്റിനും മേൽനോട്ടം വഹിച്ച്‌ മുഖ്യമന്ത്രിയും ചീഫ്‌ സെക്രട്ടറിയും ഡിജിപിയും രംഗത്തുണ്ട്‌. കേരളം പ്രളയക്കെടുതിയിലായിട്ടും ഇതുവരെ കേന്ദ്ര സർക്കാർ അറിഞ്ഞ മട്ട്‌ കാണിച്ചിട്ടില്ല. കഴിഞ്ഞ പ്രളയം മനുഷ്യനിർമിതമാണെന്ന്‌ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കും മിണ്ടാട്ടമില്ല. മിക്ക ജില്ലകളും ദുരന്തത്തിലായിട്ടും പ്രതിപക്ഷം നിസ്സംഗത തുടരുകയാണ്‌.

പൊലീസ്‌ സഹായത്തിന്‌ വിളിക്കാം 112
തിരുവനന്തപുരം
കാലവർഷക്കെടുതിയിൽപെട്ടവർക്ക് സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നും സംസ്ഥാന പൊലീസ് ആസ്ഥാനത്തെ 112 എന്ന നമ്പരിലേക്കുവിളിച്ച്‌ സഹായം അഭ്യർഥിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് എമർജൻസി റെസ്പോൺസ് സെന്ററിൽ  ലഭിക്കുന്ന സന്ദേശം എവിടെനിന്നാണെന്ന്‌ കൃത്യമായി മനസ്സിലാക്കാം. എല്ലാ കൺട്രോൾ റൂം വാഹനങ്ങളുമായി ബന്ധിപ്പിച്ചതിനാൽ  വിളിക്കുന്ന ആളുടെ സമീപപ്രദേശത്തുള്ള വാഹനം ഉടൻ സ്ഥലത്തെത്തും. ഇതുവഴി പെട്ടെന്ന് രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക്‌ എത്തിക്കാം. ഈ നമ്പരിലേക്ക് എസ്എംഎസും അയയ്ക്കാം. 

112 ഇന്ത്യ എന്ന മൊബൈൽ  ആപ്പ് വഴി ഈ സഹായം തേടാം.   പാനിക്ക് ബട്ടൺ അമർത്തിയാൽ സ്റ്റേറ്റ് കൺട്രോൾ റൂമിൽനിന്ന് ആ നമ്പരിലേക്ക് തിരികെ വിളിക്കും. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് 0471 2722500, 9497900999 എന്നീ നമ്പരുകൾവഴി ബന്ധപ്പെടാം. ഇവിടെ ലഭിക്കുന്ന സന്ദേശങ്ങൾ പ്രദേശത്തെ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷന് കൈമാറി രക്ഷാപ്രവർത്തകരെ അയക്കും.

രക്ഷാപ്രവർത്തനത്തിന്‌ പൊലീസും
തിരുവനന്തപുരം
കാലവർഷക്കെടുതി നേരിടാനും ദുരിതബാധിതർക്ക് സഹായം എത്തിക്കാനുമായി പൊലീസും സജീവമായി രംഗത്ത്‌. ലോക്കൽ പൊലീസിനൊപ്പം കേരള ആംഡ് പൊലീസ് ബറ്റാലിയനുകൾ, സ്പെഷ്യൽ ബ്രാഞ്ച്  ഉൾപ്പെടെ സ്പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിലെ  പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിലുണ്ട്‌.   ഇന്ത്യ റിസർവ്‌ ബറ്റാലിയൻ, റാപ്പിഡ് റെസ്പോൺസ് റെസ്ക്യൂ ഫോഴ്സ്, നാല്‌ റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റർ റിലീഫ് ടീം എന്നിവയിൽനിന്ന് ഉൾപ്പെടെ ദുരന്തനിവാരണ മേഖലയിൽ  പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളിൽ  അധികമായി വിന്യസിച്ചു. 

മണ്ണിടിച്ചിൽപ്രദേശങ്ങളിൽ  രക്ഷാപ്രവർത്തനത്തിന് എല്ലാ സ്റ്റേഷനുകളിലും ജെസിബികൾ എത്തിക്കും. പൊലീസ്‌ വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.  വാർത്താവിനിമയബന്ധം തകർന്ന സ്ഥലങ്ങളിൽ പൊലീസിന്റെ വയർലെസ് സെറ്റും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിക്കുന്നുണ്ട്‌. 

ദുരിതാശ്വാസകേന്ദ്രങ്ങളിൽ  പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.  സ്ഥിതിഗതികൾ വിലയിരുത്താൻ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോൺഫൻസ് വഴി ആശയവിനിമയം നടത്തും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top