09 August Sunday

പ്രതിപക്ഷത്തിന്റെ അക്രമസമരം മനുഷ്യജീവന്‌ വെല്ലുവിളി: സിപിഐ എം

സ്വന്തം ലേഖകൻUpdated: Saturday Jul 11, 2020


സംസ്ഥാനം‌‌ കോവിഡ്‌ സമൂഹവ്യാപനത്തിന്‌ അരികെ എത്തിനിൽക്കെ സ്വർണക്കടത്തിന്റെ മറവിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനുനേരെയുള്ള വെല്ലുവിളിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്  വ്യക്തമാക്കി.  സ്വർണക്കടത്തിലെ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നതാണ് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ആവശ്യം.  എൻഐഎ ഉൾപ്പെടെ യുക്തമായ ഏത് കേന്ദ്ര ഏജൻസിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്‌.  ഒരു കള്ളക്കടത്ത് ശക്തിയെയും സംരക്ഷിക്കുന്ന പണി സർക്കാരിനില്ല. നാലു വർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.

കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനാണ്‌ സമരം. വിമാനത്താവള കള്ളക്കടത്തുകേസിന്റെ മറവിൽ സംഘടിപ്പിക്കുന്നത് അധികാരമോഹം  മുൻനിർത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയസമരം മാത്രമാണ്. കോവിഡ് പ്രോട്ടോകോൾ പോലും കാറ്റിൽ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് രോഗവ്യാപനത്തിന്റെ ആപൽഘട്ടത്തിൽ മനുഷ്യജീവൻവച്ചുള്ള പന്താടലാണ്. കള്ളക്കഥകൾ പ്രചരിപ്പിച്ച് എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യുഡിഎഫും ബിജെപിയും. ഇവരുടെ അരാജകസമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കിൽ ഇക്കൂട്ടർ മനസ്സിലാക്കണം. കേന്ദ്ര സർക്കാർ നിയോഗിച്ചപ്രകാരം സ്വർണക്കടത്തുകേസിൽ ദേശീയ ഏജൻസി അന്വേഷണം തുടങ്ങി. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശരിയായി നടന്നാൽ പലരും കുടുങ്ങുമെന്ന ഭയം ബിജെപിയെയും യുഡിഎഫിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്‌. കള്ളക്കടത്തുശക്തികളെയും സഹായികളെയും പുറത്തുകൊണ്ടുവരാൻ ഉദ്ദേശിച്ചുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് തുരങ്കംവയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും  സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top