09 August Sunday

5‌ ക്ലസ്‌റ്ററാക്കി പ്രത്യേക പരിശോധന ; രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തും

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020


തിരുവനന്തപുരം
രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്റൈനിലാക്കുന്നതിനും വിവിധ വിഭാഗങ്ങളെ അഞ്ച്‌ ക്ലസ്റ്ററായി തിരിച്ച് പ്രത്യേക പരിശോധന നടത്തുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ടെയ്ൻമെന്റ്‌ സോണിലെ ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ജെഎച്ച്ഐ, ജെപിഎച്ച്, ആശാവർക്കർ, ആബുലൻസുകാർ തുടങ്ങിയ ആരോഗ്യപ്രവർത്തകരാണ്‌ ക്ലസ്റ്റർ ഒന്നിൽ. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, വളന്റിയർമാർ, ഭക്ഷണവിതരണക്കാർ, കച്ചവടക്കാർ, പൊലീസുകാർ, മാധ്യമപ്രവർത്തകർ, ഡ്രൈവർമാർ, ഇന്ധന പമ്പ് ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ബാങ്ക്, ഓഫീസ് ജീവനക്കാർ എന്നിവരാണ്‌ ക്ലസ്റ്റർ രണ്ടിൽ ഉള്ളത്.

ക്ലസ്റ്റർ മൂന്നിൽ കണ്ടെയ്ൻമെന്റ്‌ സോണിലെ ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാർ, വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെയും ക്ലസ്റ്റർ നാലിൽ അതിഥിത്തൊഴിലാളികളെയും പരിശോധിക്കും. ഈ നാല് ക്ലസ്റ്ററിലും സിഎൽഐഎ ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ സമീപ പ്രദേശങ്ങളിലുള്ളവർക്കാണ് ക്ലസ്റ്റർ അഞ്ചിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ്‌ നടത്തുന്നത്.

വളരെ കർശനമായ ട്രിപ്പിൾ ലോക്‌ഡൗൺ ആണ് നടപ്പാക്കുന്നത്. ജനങ്ങൾ ഒരു കാരണവശാലും പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. കമാൻഡോകളും മുതിർന്ന ഓഫീസർമാരും ഉൾപ്പെടെ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് പൂന്തുറയിൽമാത്രം വിന്യസിച്ചിരിക്കുന്നത്. മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ തമിഴ്നാട്ടിലേക്ക്‌ പോകുന്നതും വരുന്നതും തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

പൂന്തുറയിൽ പൊലീസ് ഒരു ലക്ഷം മാസ്ക് സൗജന്യമായി വിതരണം ചെയ്തു. ട്രിപ്പിൾ ലോക്‌ഡൗണിനിടെ തിരുവനന്തപുരം നഗരത്തിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്ക്‌ പൊലീസിന്റെ നേതൃത്വത്തിൽ സഹായം എത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റിന്റെ സഹകരണത്തോടെ  ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.തീരദേശ മേഖലയിൽ ഒരു വീട്ടിൽതന്നെ ഒരുപാടുപേർ താമസിക്കുന്ന സാഹചര്യമുണ്ട്‌. ഇത്‌ റിവേഴ്‌സ്‌ ക്വാറന്റൈനിന്‌ ബുദ്ധിമുട്ടുണ്ടാകും. അവരെ ബോധ്യപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്നതിന്‌ സർക്കാർ സന്നദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top