20 July Saturday

ഇ കുതിപ്പിൽ ഈ കേരളം; കെഎസ‌്ആർടിസിക്കുവേണ്ടി 3000 ഇ ബസുകൾ

എ സുൽഫിക്കർUpdated: Wednesday Jul 10, 2019


ഇലക‌്ട്രിക‌് വാഹനങ്ങളുടെ ഉപയോഗവും നിർമാണവും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ബജറ്റ‌് അവതരിപ്പിക്കുന്നതിനും മാസങ്ങൾക്കുമുമ്പേ കേരളം ഇതേ പാതയിൽ സഞ്ചരിച്ചു. ഇ–-ഓട്ടോക്കായി സംസ്ഥാനം കഴിഞ്ഞ ബജറ്റിൽ 10 കോടിയും ഇത്തവണ ആറുകോടിയുമാണ‌് വകയിരുത്തിയത‌്.  കേരള ഓട്ടോ മൊബൈൽസ‌ിന്റെ ഇലക‌്ട്രിക‌് ഓട്ടോയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ‌്ച നിർവഹിക്കുമ്പോൾ കേരളം ഒരുങ്ങുന്നത‌് മറ്റൊരു കുതിപ്പിന‌ാണ‌്.

ഇ–- വാഹനങ്ങൾക്ക‌് വായ‌്പയുടെ പലിശ ഇനത്തിൽ ആദായനികുതിയിലും ചരക്കുസേവന നികുതിയിലും ഇളവ‌് നൽകുമെന്നാണ‌് കേന്ദ്ര ബജറ്റ‌് പ്രഖ്യാപനം. നീതി ആയോഗിന്റെ ഇ- വെഹിക്കിൾ പോളിസി ഭാഗമായി രാജ്യത്ത‌് ഇ–- വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതികളും ആവിഷ‌്കരിച്ച‌ുവരികയാണ‌്.

ആദ്യമായാണ‌് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത‌് ഒരു പൊതുമേഖലാ സ്ഥാപനം ഇ–-ഓട്ടോ നിർമാണത്തിന‌് യോഗ്യത നേടിയത‌്. ബഹുരാഷ്ട്ര കമ്പനികൾ ഇതിനായി കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ‌് കെഎഎൽ ഈ നേട്ടം കരസ്ഥമാക്കിയത‌്. ആദ്യഘട്ടത്തിൽ പ്രതിവർഷം 8000 ഓട്ടോ വിപണിയിലെത്തിക്കും.

ഇ–- ഓട്ടോ കൂടാതെ സ്വിസ‌് വാഹന നിർമാതാക്കളായ ഹെസിന്റെ സഹായത്തോടെ ഇലക‌്ട്രിക്‌ ബസ‌് നിർമിക്കാനുള്ള ധാരണാപത്രവും കെഎഎൽ കൈമാറി. ഒമ്പത‌് മാസത്തിനകം ഇ–- ബസിന്റെ നിർമാണത്തിലേക്ക‌് കടക്കാനാകുമെന്നാണ‌് കെഎഎല്ലിന്റെ പ്രതീക്ഷ. ഇതുവഴി കെഎസ‌്ആർടിസിക്കുവേണ്ടി 3000 ഇ–- ബസുകൾ നിർമിക്കും. മൂന്ന‌് വർഷത്തിനകം കെഎസ‌്ആർടിസി പൂർണമായും ഇ–- ബസുകളാകും.

വൈദ്യുത ഗതാഗതനയം നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടായിരത്തി ഇരുപത്തിരണ്ടോടെ 10 ലക്ഷം ഇ–- വാഹനങ്ങൾ പുറത്തിറക്കുകയാണ‌് സർക്കാർ ലക്ഷ്യം.      ഇതിൽ രണ്ട‌് ലക്ഷം ഇരുചക്ര വാഹനവും 50,500 മുച്ചക്ര വാഹനനവും 1-000 ചരക്ക‌് വാഹനവും 100 ഫെറി ബോട്ടും ഉൾപ്പെടുന്നു.

സ്വന്തം നീം ജി
കെഎഎൽ നിർമിക്കുന്ന ഇ–- ഓട്ടോയുടെ പേരാണ‌് കേരള നീം ജി. ഡ്രൈവർക്കും മൂന്ന‌് യാത്രക്കാർക്കും സഞ്ചരിക്കാവുന്ന കേരള നീം ജി കാഴ‌്ചയിൽ സാധാരണ ഓട്ടോപോലെയാണ‌്.  എന്നാൽ, ഒരു കിലോമീറ്റർ പിന്നിടാൻ സാധാരണ ഓട്ടോയിൽ രണ്ട‌് രൂപ ചെലവാകുമ്പോൾ ഇ–- ഓട്ടോയിൽ വെറും 50 പൈസമാത്രം. അതായത‌്, നാലിലൊന്ന‌് ചെലവ‌്. സംരക്ഷണ ചെലവാകട്ടെ സാധാരണ ഓട്ടോയുടെ മൂന്നിലൊന്ന‌ും.

മൂന്ന‌് മണിക്കൂർ 55 മിനിറ്റ‌ുകൊണ്ട‌് ബാറ്ററി പൂർണമായും ചാർജ‌് ചെയ്യാം. ഒരു തവണ മുഴുവൻ ചാർജ‌് ചെയ‌്താൽ 100 കിലോമീറ്റർ സഞ്ചരിക്കും. ചാർജ‌് ചെയ്യുന്നതിന‌് ഗാർഹിക വൈദ്യുതി നിരക്ക‌ുമാത്രമേ ഈടാക്കൂ. ഏകദേശം 2.70 ലക്ഷം രൂപയാണ‌് ഇ–- ഓട്ടോയുടെ വില.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top