25 August Sunday

ബാംബൂ കോർപറേഷനെതിരായ വാർത്ത വസ‌്തുതാവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019


കൊച്ചി
അങ്കമാലി റെയിൽവേ സ‌്റ്റേഷന‌് സമീപത്തെ ബാംബൂ കോർപറേഷൻ  കിയോസ‌്കുകൾ വാടകയ‌്ക്ക‌് നൽകിയതുസംബന്ധിച്ച മാധ്യമവാർത്തകൾ വസ‌്തുതകൾ മറച്ചുവച്ചുള്ളതാണെന്ന‌് ചെയർമാൻ കെ ജെ ജേക്കബ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ‌് ഭരണകാലത്ത‌് പി ജെ ജോയി ചെയർമാനായ ഭരണസമിതിയിൽനിന്ന‌് കിയോസ‌്ക‌് വാടകയ‌്ക്കെടുത്ത മഞ്ഞപ്ര സ്വദേശി കെ പി ജിജു കരാർകാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല. ഒരുവർഷത്തേക്ക‌് പ്രതിമാസം 61,000 രൂപ വാടകയ‌്ക്ക‌ാണ‌് ജിജു രണ്ട‌് കിയോസ‌്കുകൾ നടത്തിപ്പിനായി ഏറ്റെടുത്തത‌്. ഇവിടെ പാർക്കിങ്ങിന‌് അനുവദിച്ച സ്ഥലത്ത‌് കോർപറേഷന്റേയോ മുനിസിപ്പാലിറ്റിയുടേയോ അനുമതിയില്ലാതെ ഷെഡ്ഡ‌് നിർമിച്ച‌് ഹോട്ടൽ ആരംഭിച്ചു. ഇത‌് പൊളിച്ചുമാറ്റാൻ അങ്കമാലി മുനിസിപ്പാലിറ്റി ഉത്തരവിട്ടതോടെ ജിജു 2015ൽ ഹൈക്കോടതിയെ സമീപിച്ചു.

ഇപ്പോഴത്തെ ഭരണസമിതി ചുമതലയേറ്റശേഷം 2017ൽ വാടകക്കാരനെ ഒഴിപ്പിക്കാനും കുടിശ്ശിക ഈടാക്കാനും വിധിവന്നു. ഇതുപ്രകാരം വാടകക്കുടിശ്ശികയിൽ കോർപറേഷൻ ആലുവ മുൻസിഫ‌് കോടതിയെ  സമീപിച്ചു. 2018 മെയ‌് വരെയുള്ള കുടിശ്ശികയായ 21,96,000 രൂപ ജിജു കോർപറേഷന‌് നൽകണമെന്ന‌് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ജിജു കോടതിയിൽനിന്ന‌് ഇടക്കാല സ‌്റ്റേ നേടിയെങ്കിലും ജൂൺ 20ന‌് കോടതി ഒഴിവാക്കി.

വാടകക്കുടിശ്ശിക അടയ‌്ക്കാത്ത സാഹചര്യത്തിൽ ഇയാളെ ഒഴിപ്പിക്കാൻ ഡയറക്ടർ ബോർഡ‌് യോഗം തീരുമാനിച്ചു. ഒഴിപ്പിക്കൽ നോട്ടീസ‌് അയക്കുന്നതുൾപ്പെടെ നടപടി വന്നപ്പോൾ മാധ്യമവാർത്തകളിലൂടെ കോർപറേഷനെയും ഭരണസമിതിയെയും കുറ്റപ്പെടുത്താനാണ‌് ജിജു ശ്രമിച്ചത‌്.

ആന്തൂർ സംഭവവുമായി കൂട്ടിച്ചേർത്ത‌് മനോരമ ന്യൂസ‌് ചാനലിൽ വിഷയം ചർച്ചചെയ‌്തു. സാങ്കേതികനടപടികൾ അന്വേഷിച്ചു മനസ്സിലാക്കുന്നതിനുപകരം ഏകപക്ഷീയമായ രീതിയിലാണ‌് വാർത്തകൾ വന്നത‌്. മനോരമ ന്യൂസിൽ വാർത്തയ‌്ക്കിടെ ഫോണിൽ വിളിച്ചപ്പോൾ ഇക്കാര്യങ്ങൾ വിശദമാക്കിയെങ്കിലും അവയുൾപ്പെടുത്തിയില്ല. പിന്നാലെ കോർപറേഷന്റെ ഭാഗം കേൾക്കാതെ മറ്റു മാധ്യമങ്ങളിലും വാർത്തവന്നു.

കെട്ടിടത്തിനായി വൻതുക മുടക്കിയ സംരംഭകൻ എന്ന മട്ടിൽ വാർത്ത നൽകിയവർ യാഥാർഥ്യം മനസ്സിലാക്കിയിട്ടില്ലെന്നും കെ ജെ ജേക്കബ‌് ചൂണ്ടിക്കാട്ടി. കോർപറേഷനുമായുണ്ടാക്കിയ കരാർ, ടെൻഡർ നടപടി, കോടതി ഉത്തരവുകൾ എന്നിവയുൾപ്പെടെ രേഖകളും വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക‌് കൈമാറി. എംഡി എ എം അബ്ദുൾ റഷീദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top