19 August Monday

തടയണയിലെ വെള്ളമൊഴുകിപ്പോകാന്‍ സൗകര്യമുണ്ടാക്കിയെന്ന് കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019


കൊച്ചി
പി വി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി കെ അബ്ദുൽ ലത്തീഫിന്റെ ചീങ്കണ്ണിപ്പാലയിലുള്ള തടയണയിൽനിന്ന‌് വെള്ളമൊഴുകിപ്പോകാൻ വേണ്ട സൗകര്യമുണ്ടാക്കിയതായി ജില്ലാ കലക്ടർ ഹെെക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ച രീതിയിൽ മുകൾവശത്ത് 25 മീറ്റർ വീതിയിലും താഴെ ആറു മീറ്റർ വീതിയിലും വിടവുണ്ടാക്കിയതായി കലക്ടർ അറിയിച്ചു. മഴക്കാലത്ത‌് പാർക്കും തടയണയും അപകടമുണ്ടാക്കുമോയെന്ന് പരിശോധിക്കണമെന്ന സ്റ്റേറ്റ് അറ്റോർണി കെ വി സോഹന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ, സോയിൽ കൺസർവേഷൻ ഓഫീസർ, മെെനർ ഇറി​ഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം ജൂലെെ അഞ്ചിന് പ്രദേശം സന്ദർശിച്ചിരുന്നു.

ചില കുളങ്ങളിൽ വെള്ളം കണ്ടു. കനത്ത മഴയുണ്ടായാൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അതിനാൽ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കരുതെന്ന് നിർദേശിച്ചു. കഴിഞ്ഞ മഴക്കാലത്ത് അവിടെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. അതിനാൽ, ഭാവിയിൽ മണ്ണിടിച്ചിലുണ്ടാവില്ലെന്ന് പറയാനാവില്ല. അതിനാൽ, നിർമാണത്തിന്റെ സ്വഭാവവും ബലവും പരിശോധിക്കാൻ വിശദമായ പഠനം വേണം. ഐഐടി, എൻഐടി, സിഡബ്ല്യുആർഡിഎം എന്നീ സ്ഥാപനങ്ങളിലെ വിദ​ഗ‌്ധരുടെ നേതൃത്വത്തിലായിരിക്കണം പഠനമെന്ന‌് ശുപാർശയുള്ളതായും കലക്ടർ വ്യക്തമാക്കി. ഇത് പരി​ഗണിച്ച കോടതി കേസ് നാല് ആഴ്ചത്തേക്ക് മാറ്റി.


പ്രധാന വാർത്തകൾ
 Top