19 June Saturday
പെരിയാറും കൈവഴികളും കലക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു

പെരിയാറിലെ വെള്ളപ്പൊക്കം തടയാൻ നീരൊഴുക്ക്‌ സുഗമമാക്കും ; ഇടപെടലുമായി മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021

കലക്ടർ എസ് സുഹാസ് പരിശോധനയ്ക്കിടെ


കളമശേരി
വ്യവസായമന്ത്രിയും കളമശേരി എംഎൽഎയുമായ പി രാജീവിന്റെ നിർദേശാനുസരണം കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പെരിയാറിലും കൈവഴികളിലും പരിശോധന നടത്തി. മഴക്കാലത്ത് പെരിയാറിലെ വെള്ളപ്പൊക്കസാധ്യതകൾ നിയന്ത്രണവിധേയമാക്കാനുള്ള വിശദമായ പദ്ധതിക്ക് രൂപംനൽകുന്നതിനാണ്‌ പരിശോധന.

ഏലൂർ മുനിസിപ്പാലിറ്റിയിലെ ഡിപ്പോകടവ് പ്രദേശത്ത്‌ അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യാനും കണ്ടെയ്നർ റോഡിലെ മാടപ്പാട്ട് കൽവെർട്ടിലെ അശാസ്ത്രീയ നിർമാണംമൂലമുള്ള വെള്ളക്കെട്ട് ഒഴിവാക്കാനും നിർദേശം നൽകി. പെരിയാറിലെ റഗുലേറ്റർ കം ബ്രിഡ്ജുകളിലെ ഷട്ടറുകളിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കും. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഓഞ്ഞിത്തോട്ടിലെ മാലിന്യങ്ങൾ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കും. ആലങ്ങാട് പഞ്ചായത്തിലെ തിരുവാലൂർ കുണ്ടേലി ഇറിഗേഷൻ കനാൽ പുതുക്കിപ്പണിതപ്പോൾ വട്ടക്കരിത്തോട്ടിൽ തള്ളിയ കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കും. കരുമാല്ലൂർ പഞ്ചായത്തിലെ നർണി തോട്ടിലെ പോളയും പുല്ലും മറ്റു മാലിന്യങ്ങളും ഒഴിവാക്കും. തടിക്കക്കടവ് പാലം നിർമാണത്തിലെ അപാകംമൂലം പെരിയാറിൽ വീണ രണ്ടു ഗർഡറുകൾ അടിയന്തരമായി പൊട്ടിച്ചുനീക്കാനും നിർദേശം നൽകി.

കുന്നുകര പഞ്ചായത്തിലെ ചാലാക്ക കോരൻകടവ് പഴയപാലത്തിൽ റഗുലേറ്ററുകൾ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബീമുകളും പില്ലറുകളും പൊളിച്ചുമാറ്റി മാഞ്ഞാലിത്തോട്ടിലെ നീരൊഴുക്ക് സുഗമമാക്കും.  വിടാക്കുഴ പാടശേഖരങ്ങളിലേക്ക് പോകുന്ന മുതലക്കുഴി തോട്ടിലെ വാട്ടർ അതോറിറ്റിയുടെ ഇൻസ്പെക്ഷൻ റോഡിലെ കൽവെർട്ടുകൾ പൊളിച്ചുപണിയും. പെരിങ്ങഴച്ചിറയിൽനിന്ന്‌ പെരിയാറിലേക്ക് നീരൊഴുക്ക് സുഗമമാക്കും.

മണ്ഡലത്തിലെ പെരിയാറും അതിനോടനുബന്ധിച്ചുള്ള കൈവഴികളുടെയും നീരൊഴുക്ക് പുനഃസ്ഥാപിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനും വിശദമായ പഠനറിപ്പോർട്ട് സമർപ്പിക്കുന്നതിന് മൈനർ ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനിയർ ബാജി ചന്ദ്രനെ ചുമതലപ്പെടുത്തി. ഏലൂർ മുനിസിപ്പൽ ചെയർമാൻ എ ഡി സുജിൽ, കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന സാബു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കടുങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, ജില്ലാപഞ്ചായത്ത് അംഗങ്ങളായ യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ്, മേജർ മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ കലക്ടറോടൊപ്പം ഉണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top