17 October Thursday

കനത്ത മഴ: ചോർന്നൊലിച്ച‌് കേരള എക‌്സ‌്പ്രസ‌്; പ്രതിഷേധവുമായി യാത്രക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019


കൊച്ചി
കനത്ത മഴയിൽ ട്രെയിൻ ചോർന്നൊലിച്ചതിനെ തുടർന്ന് കേരള എക‌്സ‌്പ്രസ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ രണ്ടു മണിക്കൂറോളം നിർത്തിയിട്ടു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ചോർച്ച പരിഹരിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. ഞായറാഴ‌്ച 3.45ന് എറണാകുളം നോർത്ത് റെയിൽവേ സ‌്റ്റേഷനിലെത്തേണ്ട ട്രെയിൻ 55 മിനിറ്റ് വൈകിയിരുന്നു.

ട്രെയിൻ പ്ലാറ്റ‌്ഫോമിലേക്ക് കയറിയതും ശക്തമായ മഴ തുടങ്ങി. ഇതോടെ ഏറ്റവും പുറകിലത്തെ എ സി കോച്ചിലും  തൊട്ടുപിന്നാലെ വന്ന കന്യാകുമാരി–-ബംഗളൂരു ഐലൻഡ് എക‌്സ‌്പ്രസിലെ എ സി കോച്ചിലും ചോർച്ചയുണ്ടായി. ഗ്ലാസിന്റെ ബീഡിങ്ങിനിടയിലൂടെയാണ‌് വെള്ളമിറങ്ങിയത്. കോച്ചിനുളളിൽ വെള്ളം നിറഞ്ഞതോടെ പലരും ലഗേജ് എടുത്തു സീറ്റുകളിൽ വയ്‌ക്കേണ്ടിവന്നു. തൃശൂർ ഭാഗത്തേക്കുളള ട്രെയിനുകളെല്ലാം ഇതു കാരണം വൈകി. രണ്ട് എ സി കോച്ചുകളുടെ മേൽക്കൂരയിലെ ഡ്രെയിനേജ് പൈപ്പ് ബ്ലോക്കായതാണ് കോച്ചുകൾക്കുള്ളിലേക്ക‌് വെള്ളമിറങ്ങാൻ കാരണമെന്നാണ‌് റെയിൽവേയുടെ വിശദീകരണം.

എറണാകുളം മാർഷലിങ‌് യാർഡിൽനിന്നുളള ടെക്‌നീഷ്യൻമാരെത്തി തകരാർ പരിഹരിക്കുകയും സ്റ്റേഷൻ ജീവനക്കാരും ഓൺ ബോർഡ് ഹൗസ് കീപ്പിങ‌് സ്റ്റാഫും ചേർന്നു കോച്ചുകൾ വൃത്തിയാക്കുകയും ചെയ‌്ത ശേഷമാണ‌് ട്രെയിൻ വിട്ടതെന്ന‌് സ്റ്റേഷൻ മാനേജർ ജെ അജയ് രാജ് പറഞ്ഞു. തിരുവല്ലമുതൽ ചോർച്ച ഉണ്ടായിരുന്നുവെന്നും പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും യാത്രക്കാർ പറയുന്നു. കോട്ടയത്ത് എത്തിയിട്ടും തകരാർ പരിഹരിച്ചില്ല. തകരാർ പരിഹരിക്കാതെ ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ യാത്രക്കാരിലാരോ ചങ്ങലവലിച്ച് ട്രെയിൻ നിർത്തി. പിന്നീട് 45 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെടാനായത്. എറണാകുളം നോർത്ത് സ്‌റ്റേഷനിലെത്തിയപ്പോഴേക്കും മഴ കനത്തു. ചോർച്ച അനുഭവപ്പെട്ടതോടെ യാത്രക്കാർ ക്ഷുഭിതരാവുകയായിരുന്നു.
 


പ്രധാന വാർത്തകൾ
 Top