18 June Friday

ഇവരുണ്ട്‌, കൈമെയ്‌ മറന്ന്‌ 
നിങ്ങൾക്കായി...

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

കടവൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പുല്ല് വെട്ടി നല്‍കുന്നു


കൊച്ചി
കോവിഡ്‌ മഹാമാരി രൂക്ഷമായ സാഹചര്യത്തിൽ നിസ്വാർഥ സേവനവുമായി 24 മണിക്കൂറും രംഗത്തുണ്ട്‌ ഈ യുവാക്കൾ. ഭക്ഷണമോ മരുന്നോ കോവിഡ്‌ രോഗികളെ ആശുപത്രികളിലേക്ക്‌ മാറ്റലോ കാലികൾക്ക് പുല്ലുവെട്ടി നൽകലോ ആകട്ടെ, വിളിപ്പുറത്തുണ്ട്‌ കർമനിരതരായി ഡിവൈഎഫ്‌ഐ പ്രവർത്തകർ. കോവിഡ്‌ രണ്ടാംതരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇവരുടെ സൗജന്യ സേവനം ലഭിക്കും.

ജില്ലയിലെ വിവിധ ബ്ലോക്ക്‌ കമ്മിറ്റികളിലായി ആയിരക്കണക്കിന്‌ ചെറുപ്പക്കാരാണ്‌ നിസ്വാർഥ സേവനത്തിൽ കണ്ണിചേരുന്നത്‌. നാട്ടിൻപുറങ്ങളിലും നഗരത്തിലും ഇവരുടെ സേവനം എത്താത്ത ഇടങ്ങളില്ല. കൊച്ചി നഗരസഭാപരിധിയിൽ ഡിവൈഎഫ്‌ഐ സിറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ സേവനപ്രവർത്തനങ്ങൾ. ലോക്ക്‌ഡൗൺമൂലം ഭക്ഷണം കിട്ടാതെ തെരുവിൽ താമസിക്കുന്നവർക്കും സെക്യൂരിറ്റി ജീവനക്കാർക്കും ഇവർ ഭക്ഷണം എത്തിക്കുന്നു. ബിരിയാണിയും ചിക്കൻ കറിയും ചോറും എന്നിങ്ങനെ മാറി മാറി നൽകും.ശനിയാഴ്‌ച 230 പൊതി വിതരണം ചെയ്‌തു.

കോവിഡ്‌ മൂലം മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കാനും മരുന്ന്‌ വാങ്ങിനൽകാനും അണുനശീകരണത്തിനും ഇവർ മുന്നിലുണ്ട്‌. കഴിഞ്ഞ ലോക്ക്‌ഡൗണിൽ 45 ദിവസം ഇവർ 15,000 ഭക്ഷണപ്പൊതി വിതരണം നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, മേഖലാ പ്രസിഡന്റ്‌ എം മാഹിൻ, സെക്രട്ടറി ഫിറോസ്‌ മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകുന്നു.

മൂവാറ്റുപുഴയിൽ തദ്ദേശസ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൻ നടത്താൻ മുന്നോട്ടുവരാത്തതിനാൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ ആയവനയിലും വാളകത്തും  ആരംഭിച്ചത്‌. ഇവിടെ എല്ലാ പഞ്ചായത്തും മുനിസിപ്പാലിറ്റികളും കോൺഗ്രസാണ്‌ ഭരിക്കുന്നത്‌. എന്നാൽ, അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. മറ്റു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കമ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ പ്രവർത്തകർ. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹവണ്ടിയും സജ്ജമാക്കിയിട്ടുണ്ട്‌. 10 ഡ്രൈവർമാരാണ്‌ രണ്ട്‌ ഷിഫ്‌റ്റുകളിലായി സേവനരംഗത്തുള്ളത്‌. കോവിഡ്‌ രോഗികൾക്ക്‌ യാത്രയും ആവശ്യക്കാർക്ക്‌ മരുന്ന്‌, പലചരക്ക്‌, ഭക്ഷണം എന്നിവയും സാധ്യമാക്കുന്നത്‌ ഈ ചെറുപ്പക്കാരാണ്‌. പൊലീസിനെ സഹായിക്കാനും  കർമനിരതരാണ്‌ ഇവർ.

കളമശേരിയിലും ബ്ലോക്ക്‌ കമ്മിറ്റി ആവശ്യക്കാർക്ക്‌ മൂന്നുനേരവും ഭക്ഷണം നൽകുന്നു. രാവിലെ എട്ടിനും ഉച്ചയ്‌ക്ക്‌ 12നും രാത്രി ഏഴിനുമാണ്‌ ഭക്ഷണവിതരണം. നാട്ടിലെ വിവിധ വാട്‌സാപ്‌ കൂട്ടായ്‌മകളിൽ ബന്ധപ്പെട്ട്‌ നമ്പർ സഹിതം പ്രചരിപ്പിച്ചാണ്‌ സേവനം ആവശ്യമുള്ളവരെ കണ്ടെത്തുന്നത്‌. ഏതു സമയത്തും ഓടിയെത്താനുള്ള സ്‌നേഹവണ്ടിയും ഇവിടെ തയ്യാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top