16 September Monday

നോക്കിനിൽക്കുകയല്ല; ഇടപെടുകയാണ‌്; ഷിബിന‌് കൈ കൊടുത്ത‌് സർക്കാർ

അർജുൻ മീരാസ‌്Updated: Friday May 10, 2019

നിറകൺചിരി: കൊല്ലം തട്ടാർകോണത്തെ ഷിബിന‌് മന്ത്രി കെ കെ ശൈലജ കൃത്രിമക്കൈ നൽകിയപ്പോൾ


കൊട്ടിയം (കൊല്ലം)
ആരോഗ്യമന്ത്രി കെ കെ ശൈലജയിൽനിന്ന്‌ കൃത്രിമ കൈ ഏറ്റുവാങ്ങുമ്പോൾ നഷ്ടപ്പെട്ടത്‌ തിരിച്ചുകിട്ടിയതുപോലെയായിരുന്നു ഷിബിന്‌. ഇനി പരീക്ഷയെഴുതാം. സ്വപ്‌നങ്ങളെ ചേർത്തുപിടിക്കാം.  അവന്റെ മുഖത്ത്‌ വീണ്ടും ചിരി പടർന്നു. കണ്ടുനിന്ന ഉമ്മ  സിന്ധുബീവി (ജുബൈരിയ)യും ആനന്ദക്കണീരണിഞ്ഞു. പ്രതീക്ഷകൾ തിരികെ പിടിക്കുകയാണ്‌  തട്ടാർകോണം പേരൂർ ജബീർ മൻസിലിൽ ഷിബിൻ.   

എട്ടുമാസം മുമ്പാണ‌് ഷിബി (22)ന്റെയും കുടുംബത്തിന്റെയും ജീവിത താളം തെറ്റിയത‌്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ ചേർത്തല വച്ചുണ്ടായ അപകടത്തിലാണ‌് ഷിബിന്റെ വലതു കൈ നഷ്ടപ്പെട്ടത‌്. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രി, തൃപ്പൂണിത്തുറ സായി റിഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിൽ ചികിത്സിച്ചു. കൊട്ടിയം എസ്‌ എൻ പോളി ടെക്‌നിക്കിലെ ഇലക്‌ട്രിക്കൽ എൻജിനീയറിങ്‌ ഡിപ്ലോമ വിദ്യാർഥിയായ ഷിബിന്റെ പഠനം പാതിവഴിയിൽ സ്‌തംഭിച്ചു. ഷിബിനെകൂടാതെ വിധവയായ സിന്ധുബീവിക്ക‌് സോണി എന്ന മകൾ കൂടിയുണ്ട‌്.  ജീവിതം വഴിമുട്ടിയ നിമിഷങ്ങൾ..

വാർഡ്‌ മെംബർ അജിത് കുമാർ , മന്ത്രി മേഴ്സിക്കുട്ടി അമ്മ എന്നിവരിലുടെ സാമൂഹ്യ സുരക്ഷാ മിഷനിൽ അപേക്ഷ നൽകി.  ആറു മാസത്തിനുള്ളിലാണ‌്  സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ ആധുനികമായ കൃത്രിമ കൈ ഷിബിന‌് നൽകുന്നത‌്. ഇലക്‌ട്രോണിക് കൺട്രോൾ സംവിധാനമുള്ള അത്യാധുനിക കൈയ്ക്ക് 4.37 ലക്ഷം രൂപയാണ് ചെലവ‌്.  ചൊവ്വാഴ്‌ച  മന്ത്രി കെ കെ ശൈലജ  സിന്ധുബീവിയെ ഫോണിൽ വിളിച്ച‌് ബുധനാഴ്‌ച രാവിലെ തിരുവനന്തപുരത്ത്‌ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്താൻ നിർദേശിച്ചു. തുടർന്ന‌് സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. അഷീൽ, ഡോ. സുമി എന്നിവരുടെ സാന്നിധ്യത്തിലാണ‌് മന്ത്രി കൃത്രിമ കൈ  ഷിബിന‌് നൽകിയത‌്.

സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്ന ഒരു കുടുംബത്തിലെ ചെറുപ്പക്കാരനെ സഹായിക്കാൻ കഴിഞ്ഞതിൽ വളരെയധികം ചാരിതാർഥ്യമുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.  അപേക്ഷ കിട്ടിയപ്പോൾ തന്നെ വിദഗ്ധ ഡോക്ടർമാർ ഷിബിനെ  പരിശോധിച്ചു.  ചുമലിനോടുചേർന്ന്‌  മുറിഞ്ഞ് പോയതിനാൽ പ്രത്യേകം അളവെടുത്താണ് കൃത്രിമകൈ രൂപകൽപന ചെയ്തത്. ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവർക്കൊരു സഹായ ഹസ്തവുമാണ് വി കെയർ പദ്ധതി.  800 ഓളം പേർക്ക്‌ ഇതുവരെ ആശ്വാസമേകി. ഈ  പദ്ധതിയെപ്പറ്റി ജനങ്ങൾ അറിയാനാണ്‌  ഷിബിന്റെ കാര്യം അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top