20 May Monday

അമോണിയ ചേർത്ത റബർപ്പാൽ ചോർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019


പറവൂർ 
ടാങ്കർ ലോറിയിൽനിന്ന് അമോണിയ ചേർത്ത റബർപ്പാലിന്റെ അവശിഷ്ടം ചോർന്നു. അസഹ്യമായ ദുർഗന്ധം നഗരവാസികളുടെ ഉറക്കംകെടുത്തി. തിങ്കളാഴ്ച രാത്രി പറവൂർ പാലത്തിനു സമീപത്താണ‌് സംഭവം. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർക്കും കോഴിക്കോടുള്ള നിലമ്പൂർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനുമെതിരെ കേസെടുത്തു.

കൊല്ലത്തുനിന്ന‌് കോഴിക്കോട്ടേക്കു പോയ ടാങ്കറിൽ നിന്നാണ് അമോണിയ ചേർത്ത റബർപ്പാലിന്റെ അവശിഷ്ടം ചോർന്നത്. പശ ഉണ്ടാക്കാൻ വേണ്ടിയാണ് ഇത‌് കൊണ്ടുപോയതെന്നാണ‌് ഡ്രൈവറുടെ മൊഴി. റബർപ്പാലിന്റെ അവശിഷ്ടം കട്ടയാകാതിരിക്കാനാണ് അമോണിയ ചേർത്തത്. 12000 ലിറ്ററിന്റെ വലിയ ടാങ്കർ ആയിരുന്നു. ലോറി പുതിയതായിരുന്നെങ്കിലും അതിൽ ഘടിപ്പിച്ചിരുന്ന ടാങ്കർ പഴക്കമുള്ളതും മോശവുമായിരുന്നു. ടാങ്കറിന്റെ അടിയിലാണ‌് ചോർച്ചയുണ്ടായത്.
രാത്രി ഒമ്പതോടെ ടാങ്കർ വരാപ്പുഴ പിന്നിട്ടു ചെറിയപ്പിള്ളിയിൽ എത്തിയപ്പോഴേക്കും ചോർച്ച തുടങ്ങി. അമോണിയ ചേർത്ത റബർപ്പാലിന്റെ അവശിഷ്ടം റോഡിലേക്കും വഴിയിലൂടെ പോയ ഇരുചക്രവാഹന യാത്രികരുടെ ദേഹത്തേക്കും കാറുകളിലേക്കും തെറിച്ചു. ദുർഗന്ധം അനുഭവപ്പെട്ടതോടെ റബർപ്പാൽ ദേഹത്തുവീണ വാഹനയാത്രികർ പിന്നാലെയെത്തി പറവൂർ പാലത്തിന‌് സമീപത്തുവച്ചു ടാങ്കർ ലോറി പിടികൂടി.

അപ്പോഴേക്കും ചോർച്ച കൂടിയിരുന്നു. ശ്വാസം മുട്ടിക്കുന്ന ദുർഗന്ധം വമിച്ചതോടെ എന്താണെന്നറിയാൻ നാട്ടുകാർ വീടുകളിൽനിന്ന‌് പുറത്തേക്കിറങ്ങി. ചിലർക്കു ദേഹാസ്വാസ്ഥ്യമുണ്ടായി. കുട്ടികൾ ഛർദിച്ചു. ടാങ്കറിന് അരികിലെത്തിയ നാട്ടുകാർ സമീപത്തെ വീടുകളിൽനിന്നു തുണികൾ കൊണ്ടുവന്നു ചോർച്ചയടയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. വിവരമറിഞ്ഞു ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.

ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ 11.30ഓടെ വാഴ വെട്ടി അതിന്റെ പിണ്ടി തിരുകിക്കയറ്റിയാണു ഭാഗികമായി ചോർച്ചയടച്ചത്. പുലർച്ചെ ഒന്നരയോടെ മറ്റൊരു ടാങ്കർ എത്തിച്ചു റബർപ്പാലിന്റെ അവശിഷ്ടം അതിലേക്കു മാറ്റി കോഴിക്കോട്ടേക്കു കൊണ്ടുപോയി. ചോർച്ചയുണ്ടായ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ വീണ അമോണിയ ചേർത്ത റബർ പാൽ ഒലിച്ചു സമീപത്തെ തോട്ടിലേക്കിറങ്ങി. ഫയർഫോഴ്സ് വെള്ളം ഉപയോഗിച്ചു റോഡ് കഴുകി വൃത്തിയാക്കി. 
മോശമായ ടാങ്കർ ഉപയോഗിച്ചതാണ‌് ചോർച്ചയ്ക്കു കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top