17 February Sunday

ദേശാഭിമാനി സാഹിത്യപുരസ്‌‌കാരം ടി പത്മനാഭന് ഇന്ന് സമർപ്പിക്കും

സ്വന്തം ലേഖകൻUpdated: Saturday Mar 10, 2018

കണ്ണൂർ > ദേശാഭിമാനി പുരസ്‌‌കാരം ടി പത്മനാഭന് ശനിയാഴ്ച സമർപ്പിക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പത്തുനാൾ നീണ്ട സാംസ്കാരികോത്സവത്തിന്റെ സമാപനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ടുലക്ഷം രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം ടി പത്മനാഭന് സമ്മാനിക്കുക. വൈകിട്ട് ആറിന് കലക്ടറേറ്റ് മൈതാനിയിലാണ് ചടങ്ങ്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും ടി പത്മനാഭൻ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് രണ്ടാമത് ദേശാഭിമാനി പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ദേശാഭിമാനി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ആദ്യപുരസ്കാരം എം ടി വാസുദേവൻ നായർക്കായിരുന്നു.

നർത്തകി ലിസി മുരളീധരനും സംഘവും അവതരിപ്പിക്കുന്ന ദേശാഭിമാനി മുദ്രാഗീതത്തിന്റെ നൃത്താവിഷ്കാരത്തോടെയാണ് അവാർഡ് സമർപ്പണച്ചടങ്ങ് ആരംഭിക്കുക. ചീഫ് എഡിറ്റർ എം വി ഗോവിന്ദൻ അധ്യക്ഷനാകും. ടി പത്മനാഭന്റെ പുതിയ കഥാസമാഹാരം 'മരയ' ജനറൽമാനേജർ കെ ജെ തോമസ് കവി പ്രഭാവർമയ്ക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര പ്രതിഭകളായ മധു, ഇന്നസെന്റ് എംപി, സംസ്ഥാന ചലച്ചിത്രഅവാർഡ് ജേതാവുകൂടിയായ ഇന്ദ്രൻസ് തുടങ്ങിയവരും പി കരുണാകരൻ എംപി, ഇ പി ജയരാജൻ എംഎൽഎ, മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, കെ കെ രാഗേഷ് എംപി, കണ്ണൂർ കോർപറേഷൻ മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ്, വാരിക എഡിറ്റർ സി പി അബൂബക്കർ എന്നിവരും സംബന്ധിക്കും. തുടർന്ന് ചലച്ചിത്ര‐ടിവി താരങ്ങളും പിന്നണിഗായകരും അണിനിരക്കുന്ന മെഗാ ഇവന്റ് അരങ്ങേറും.

അവാർഡ് സമർപ്പണത്തിന് മുന്നോടിയായി ഈ മാസം രണ്ടുമുതൽ കണ്ണൂരിൽ ആരംഭിച്ച സാംസ്കാരികോത്സവം കലയുടെ വിവിധതലങ്ങൾ സ്പർശിക്കുന്ന പരിപാടികളാൽ ശ്രദ്ധേയമായി.  കഥ, ചിത്രം, സാഹിത്യനിരൂപണം, പ്രഭാഷണങ്ങൾ, സെമിനാറുകൾ, സംഗീതം, നാടൻകല, രംഗാവിഷ്കാരം, ഇന്ദ്രജാലം തുടങ്ങിയവയാണ് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top