16 June Sunday

എന്നെ വളർത്തിയത‌് ജനങ്ങളുടെ സ‌്നേഹം:- വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019


കോട്ടയം
"" ‌1965 ൽ തിരുവാർപ്പിൽ ഞാൻ പ്രസംഗിക്കാൻ  പോയപ്പോൾ കീറിയ ഷർട്ടാണ‌് ധരിച്ചിരുന്നത‌്. അവിടെക്കൂടിയവർക്ക‌് അതുകണ്ട‌് വിഷമമായി. ഉടൻതന്നെ സ‌്ത്രീകൾ അടക്കമുള്ളവർ ചേർന്ന‌് എനിക്ക‌് 48.50 രൂപ പിരിച്ചുതന്നു. പുതിയ ഷർട്ട‌് വാങ്ങാനാണ‌് അവർ അത‌് തന്നത‌്. അവരെപ്പൊലുള്ളവരുടെ സ‌്നേഹപ്രകടനവും പ്രോത്സാഹനവുമാണ‌് എന്നെ വളർത്തിയത‌്''–- വൈക്കം വിശ്വൻ ഇത‌് പറഞ്ഞു നിർത്തിയത‌് വികാരനിർഭരമായാണ‌്.  "തീക്കാറ്റു പോലെ:- വൈക്കം വിശ്വൻ –-സമരവും ജീവിതവും' പുസ‌്തക പ്രകാശനച്ചടങ്ങിൽ മറുപടി പ്രസംഗം നടത്തുമ്പോഴാണ‌് അദ്ദേഹം പഴയകാലം ഓർത്തെടുത്തത‌്.

ഒളിവിൽ കഴിഞ്ഞ പാർടി പ്രവർത്തകരുടെ ദയനീയ ജീവിതം കണ്ടിട്ടുള്ളയാളാണ‌്. അവർ അതിജീവിക്കുന്നതിന്റെ  കരുത്ത‌് കണ്ടാണ‌് വളർന്നത‌്. ആ കാലത്തെ ജനങ്ങളുടെ സ‌്നേഹമാണ‌് മുന്നോട്ടു നയിച്ചത‌്. ഇ എം എസും എ കെ ജിയുമായി ബന്ധപ്പെടാൻ കഴിഞ്ഞത‌് ജീവിതത്തിലെ വലിയ കാര്യമായി കാണുന്നു. 

കുടുംബത്തിൽനിന്ന‌് കിട്ടിയ ഊർജവും സ‌്നേഹവും കൊണ്ടാണ‌് ജീവിതം മുന്നോട്ടുകൊണ്ടുപോവാനായത‌്. ജീവിതത്തിലെ പല കാര്യങ്ങളും ഈ പുസ‌്തകത്തിൽ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല. സഖാക്കൾ പലരും വീട്ടിൽ വരുമ്പോൾ പഴയ കാര്യങ്ങൾ പറയും. പലതും ഓർത്തെടുക്കും. ഇതൊക്കെ ഒന്ന‌് എഴുതിവച്ചുകൂടെ എന്നവർ നിർബന്ധിക്കും. ആ നിർബന്ധത്തിന്റെ ഫലമാണീ പുസ‌്തകം–- വൈക്കം വിശ്വൻ. പുസ‌്തക പ്രകാശനച്ചടങ്ങിൽ വൈക്കം വിശ്വന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top