27 September Sunday

അസെൻഡ്‌ 2020 : സംരംഭക സൗഹൃദത്തില്‍ കേരളം മുന്നില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020

കേരളം മികച്ച സംരംഭക സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണെന്ന സാക്ഷ്യപ്പെടുത്തലുമായി  പ്രമുഖ വ്യവസായികൾ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെൻഡ്‌ 2020–-ന്റെ പാനൽ ചർച്ചയിലാണ് സംരംഭകർ അനുഭവങ്ങൾ പങ്കുവച്ചത്.

കേരളം രാജ്യത്തെ മികച്ച നിക്ഷേപക സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനമാണെന്നും കേരളത്തിലെ ലുലുമാളും ​ഗ്രാൻഡ് ഹയാത്ത് ഹോട്ടലും ഇതിന് തെളിവാണെന്നും ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി പറഞ്ഞു.  വ്യവസായ വളർച്ചയിൽ സർക്കാർ കാണിക്കുന്ന നിശ്ചയദാർഢ്യം ആത്മവിശ്വാസം പകരുന്നതാണെന്നും കൂടുതൽ നിക്ഷേപം നടത്താൻ സന്നദ്ധനാണെന്നും ആർ പി ഗ്രൂപ്പ് സിഎംഡി രവി പിള്ള അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കേരളം മെച്ചപ്പെട്ട നിലയിലാണെന്നാണ് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയർമാനുമായ വി കെ  മാത്യൂസ് പറഞ്ഞത്. 

നിക്ഷേപത്തിന് തയാറായെത്തുന്നവരോട് നാളെത്തന്നെ വ്യവസായം തുടങ്ങാൻ പറയുന്ന തരത്തിലേക്ക് കേരളം മാറിയിട്ടുണ്ടെന്നത് കാണാതിരിക്കാനാവില്ലെന്ന്‌ എബിഎൻ കോർപറേഷൻ ചെയർമാൻ ജെ കെ മേനോൻ പറഞ്ഞു. കേരളത്തിൽ തൊഴിൽദിനങ്ങൾ നഷ്ടപ്പെടാറില്ലെന്നാണ് തന്റെ  അനുഭവമെന്ന്‌  പീക്കേ സ്റ്റീൽ മാനേജിങ്‌ ഡയറക്ടർ കെ ഇ  മൊയ്തു പറഞ്ഞപ്പോൾ തൊഴിലാളി യൂണിയനുകൾ സമാധാനപരമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വികെസി ഫുട് വെയർ മാനേജിങ്‌ ഡയറക്ടർ വി  അബ്ദുൾ റസാഖും കഴിഞ്ഞ നാലു വർഷത്തോളമായി സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് കിറ്റെക്സ് ഗാർമെന്റ്‌സ്‌  ചെയർമാനും മാനേജിങ്‌  ഡയറക്ടറുമായ സാബു എം  ജേക്കബും വ്യക്തമാക്കി.കേരളീയരുടെ ആത്മാർഥത എടുത്തു പറയേണ്ടതാണെന്ന് ഇസാഫ് ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ കെ പോൾ തോമസ് ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത മറ്റു പല സ്ഥലങ്ങളേയും അപേക്ഷിച്ച് കേരളത്തിൽ ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ലോകോത്തര ശ്രദ്ധ നേടിക്കഴിഞ്ഞെന്ന്  സിജിഎച്ച് എർത്ത് ഹോട്ടൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോസ് ‍ഡൊമിനിക്കും പത്തുവർഷത്തിനുള്ളിൽ സംരംഭകരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്ന് വികെഎൽ ഹോൾഡിങ്‌സ്‌ സിഎംഡി വർഗീസ് കുര്യനും ചർച്ചയിൽ പറഞ്ഞു.  പ്ലാനിങ്‌ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ  രാമചന്ദ്രൻ മോഡറേറ്ററായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top