29 February Saturday

കേന്ദ്രാവിഷ്‌കൃത പദ്ധതികളിലും കൈയിട്ടുവാരൽ ; നീക്കം രാഷ്‌ട്രീയ പ്രേരിതം

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020


സ്വന്തം ലേഖകൻ
കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട ധനസഹായവും കേന്ദ്ര സർക്കാർ നിഷേധിക്കുന്നു. എല്ലാ പദ്ധതികളിലും വലിയ തോതിൽ കുടിശ്ശികയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്തിന്‌ 1215  കോടിരൂപ ലഭിക്കണം. നെല്ല് സംഭരിച്ചതിന് കേന്ദ്ര സബ്‌സിഡിയായ 1035 കോടിരൂപയും കിട്ടിയിട്ടില്ല.
കർഷകർക്ക്‌ നെൽവിലയായി നൽകിയിട്ടുള്ള ബാങ്ക്‌ വായ്പകൾ ഇതുമൂലം കുടിശ്ശികയായതായി മന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

2019ലെ പ്രളയ ദുരിതാശ്വാസ സഹായത്തിൽനിന്ന്‌ കേരളത്തെ ഒഴിവാക്കി. 2018ലെ മഹാപ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്കിൽ നിന്നടക്കമെടുത്ത പുനർനിർമാണ  വായ്പകൾ സംസ്ഥാനത്തിന്റെ സാധാരണഗതിയിലുള്ള വായ്‌പയായി കേന്ദ്രം വകമാറ്റി. ഇതുമൂലം അടുത്തവർഷം ബാങ്കുകളിൽനിന്ന്‌ സ്വീകരിക്കാവുന്ന സാധാരണ വായ്പ വെട്ടിക്കുറയ്ക്കപ്പെടും.

സംസ്ഥാനങ്ങൾക്ക് പ്രകൃതിദുരന്തങ്ങളെത്തുടർന്നുള്ള പുനർനിർമാണത്തിനായുള്ള വിദേശവായ്പകൾ സാധാരണഗതിയിലുള്ള വായ്പാപരിധിക്ക് പുറത്തായി പരിഗണിക്കാമെന്ന് ജിഎസ്ടി കൗൺസിലിൽ അരുൺ ജെയ്റ്റ്‌ലി നൽകിയ വാഗ്ദാനമാണ്‌  ജലരേഖയായത്‌. 2016–-17ൽ ട്രഷറിയിലുണ്ടായിരുന്ന വിവിധ വകുപ്പുകളുടെ ചെലവഴിക്കാത്ത പണം സൂക്ഷിക്കുന്ന നിക്ഷേപങ്ങളും  ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികയിനത്തിലുള്ള നിക്ഷേപങ്ങളുമൊക്കെ കാട്ടിയാണ്‌ സാധാരണ കടമെടുപ്പ്‌ അവകാശം ഇപ്പോൾ നിഷേധിക്കുന്നത്‌.  ജിഎസ്ടി നഷ്ടപരിഹാരം ത്രിശങ്കുവിലായി. കേന്ദ്ര നികുതി വിഹിതത്തിലെ കുറവ്‌ സംബന്ധിച്ചും അറിയിപ്പില്ല. മാസം ആദ്യം ധനസഹായം എന്നത്‌ മൂന്നാം വാരത്തിലേയ്ക്കു മാറ്റി.

സംസ്ഥാന സർക്കാരിന്റെ ധനമാനേജ്മെന്റ് പ്രശ്നങ്ങളെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. പരമാവധി ചെലവ് ചുരുക്കിയും വരുമാനം വർധിപ്പിച്ചും പ്രതിസന്ധി നേരിടാനാണ് സംസ്ഥാനം പരിശ്രമിക്കുന്നത്. ഇതിനായി ട്രഷറിയിൽ ക്രമീകരണങ്ങൾ വരുത്തും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അക്രെഡിറ്റഡ് ഏജൻസികളുടെയും മറ്റും കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകൾക്ക്‌ ജനുവരി മൂന്നാംവാരത്തിൽ ബിൽ ഡിസ്കൗണ്ട് സംവിധാനംവഴി  നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ അടിയന്തരമായി നൽകും. വിദ്യാഭ്യാസ സ്കോളർഷിപ്, കാർഷിക സബ്സിഡികൾ, മരുന്നിനുള്ള ചെലവുകൾ തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകും.

 


പ്രധാന വാർത്തകൾ
 Top