26 February Wednesday

മലയോര ഹൈവേ അഴിമതി : വിജിലൻസ്‌ പ്രാഥമിക അന്വേഷണം തുടങ്ങി

കെ ടി ശശിUpdated: Friday Jan 10, 2020


കണ്ണൂർ
മലയോര ഹൈവേയുടെ ഭാഗമായ വള്ളിത്തോട്‌–- എടൂർ റോഡ്‌ നിർമാണത്തിൽ അഞ്ചു കോടിയിൽപ്പരം  രൂപയുടെ അഴിമതി നടന്നെന്ന പാരാതിയിൽ വിജിലൻസ്‌ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണ്ണൂർ വിജിലൻസ്‌ ഡിവൈഎസ്‌പി വി മധുസൂദനന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. വിജിലൻസ്‌ വകുപ്പിലെ സിവിൽ എൻജിനിയർ അടക്കമുള്ള സാങ്കേതിക വിദഗ്‌ധരുടെ സഹായമുണ്ടാകും.

കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ എസ്‌റ്റിമേറ്റ്‌ അനാവശ്യമായി പുതുക്കി അഞ്ചു കോടിയിലധികം രൂപ കരാറുകാരും മറ്റും ചേർന്ന്‌ തട്ടിയെന്നാണ്‌ പരാതി. ഇരിട്ടി കിളിയന്തറ ഓടിച്ചുകുന്നിലെ വി എസ്‌ ജെയിംസ്‌ മുഖ്യമന്ത്രിക്കും പൊതുമരാമത്ത്‌ മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം വിജിലൻസിനു വിട്ടത്‌. നേരത്തേ പൊതുമരാമത്ത്‌ വകുപ്പ്‌ വിജിലൻസ്‌ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട്‌ സ്ഥിരീകരിച്ചിരുന്നു.  
മലയോര ഹൈവേ കൂമൻതോട്‌–- ആറളം റീച്ചിന്റെ ഭാഗമായ വള്ളിത്തോട്‌–- ആനപ്പന്തി–- കരിക്കോട്ടക്കരി റോഡ്‌ നിർമാണം 2013 ജനുവരിയിലാണ്‌ സർക്കാർ കേരള സ്‌റ്റേറ്റ്‌ കൺസ്‌ട്രക്‌ഷൻ കോർപറേഷന്‌ ടെൻഡർ നൽകിയത്‌. ഏഴു കിലോമീറ്റർ റോഡിന്‌ എസ്‌റ്റിമേറ്റിലും ഒമ്പതു ശതമാനം കുറച്ച്‌ 9.95 കോടിക്ക്‌ ടെൻഡർ ഉറപ്പിച്ചു. കൺസ്‌ട്രക്‌ഷൻ കോർപറേഷനാണ്‌ കരാർ ഏറ്റെടുത്തതെങ്കിലും പിന്നീട്‌ സ്വകാര്യ കരാറുകാർക്ക്‌  ഉപകരാർ നൽകി.

പ്രവൃത്തി പുരോഗമിക്കുന്നതിനിടെ, കരിക്കോട്ടക്കരി മുതൽ എടൂർ വരെയുള്ള 2.65 കിലോമീറ്റർ റോഡുകൂടി ചേർത്ത്‌ എസ്‌റ്റിമേറ്റ്‌ പുതുക്കുകയായിരുന്നു. ഇതോടെ എസ്‌റ്റിമേറ്റ്‌ തുക 15.14 കോടിയായി. ആദ്യ എസ്‌റ്റിമേറ്റിനേക്കാൾ 5.19 കോടി കൂടുതൽ. പൊതുമരാമത്ത്‌ ചട്ടപ്രകാരം കൂട്ടിച്ചേർക്കുന്ന ഭാഗം പുതിയ പ്രവൃത്തിയായി കണക്കാക്കി വീണ്ടും ടെൻഡർ ചെയ്യണം. പുതിയ പ്രവൃത്തിയും ചേർത്ത്‌ പഴയ എസ്‌റ്റിമേറ്റ്‌ പുതുക്കുന്നത്‌ നിയമവിരുദ്ധമാണ്‌. അഴിമതി ലക്ഷ്യമിട്ടായിരുന്നു ഈ നടപടിയെന്ന്‌ പരാതിയിൽ പറയുന്നു.

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട്‌ കണ്ടെത്തിയാൽ വിജിലൻസ്‌ ഡയറക്ടറുടെ അനുമതിയോടെ എഫ്‌ഐആർ രജിസ്‌റ്റർചെയ്‌ത്‌ വിശദമായ അന്വേഷണത്തിലേക്കു നീങ്ങുമെന്ന്‌ വിജിലൻസ്‌ ഡിവൈഎസ്‌പി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top