31 January Tuesday
പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

വിത്തുൽപ്പാദനകേന്ദ്രം ഇനി 
കാർബൺ ന്യൂട്രൽ ഫാം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


ആലുവ
തുരുത്തിലെ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രം സംസ്ഥാനത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രൽ ഫാം ആയി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്ന്‌ ഫാം അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി പകൽ 11ന് ആലുവ എംജി ടൗൺഹാളിൽ നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം. തുരുത്തിലെ ഫാം മുഖ്യമന്ത്രി സന്ദർശിക്കും. കൃഷിമന്ത്രി പി പ്രസാദ് അധ്യക്ഷനാകും. വ്യവസായമന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തും. കാർഷികോൽപ്പാദന കമീഷണർ ഇഷിത റോയ് കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിന്റെ നാള്‍വഴികള്‍ അവതരിപ്പിക്കും.

സംസ്ഥാന കൃഷിവകുപ്പിനുകീഴിൽ കഴിഞ്ഞ 10 വര്‍ഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവര്‍ത്തിക്കുന്ന തോട്ടമാണ് ആലുവയിലേത്‌. ഐപിസിസിയുടെ കണക്കനുസരിച്ച് അന്തരീക്ഷത്തിലേക്ക്‌ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 24 ശതമാനമാണ്. അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന അതേ അളവിൽ മണ്ണിൽ കാർബൺ ആഗീരണം ചെയ്യുമ്പോഴാണ് കാർബൺ ന്യൂട്രൽ കൃഷിയാകുന്നത്. 2021 ജൂലൈമുതൽ 2022 ജൂൺവരെ ഫാമിൽനിന്നുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ 43.08 ടണ്ണും കാർബൺ സംഭരണം 213.45 ടണ്ണും ആണ്. വിവിധ മേഖലകളിൽനിന്ന്‌ ആകെ പുറന്തള്ളുന്ന കാർബണിനേക്കാൾ 170.37 ടൺ അധിക കാർബൺ ഫാമിൽ സംഭരിച്ചു. ഇപ്പോൾ കാർബൺ നെഗറ്റീവ് സ്ഥിതിയിലാണ് ഫാം. കാർഷിക സർവകലാശാലയുടെ വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ മണ്ണുപരിശോധന, വെള്ളാനിക്കര അഗ്രിക്കൾച്ചർ കോളേജ് മൈക്രോബയോളജി വിഭാഗത്തിന്റെ മൈക്രോബിയൽ അനാലിസിസ്, സോയിൽ സർവേവകുപ്പിന്റെ പ്രൊഫൈൽ അനാലിസ്, കാർഷിക സർവകലാശാലാ കാലവസ്ഥാ വ്യതിയാന പഠനഗവേഷണവിഭാഗം പഠനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം.

പ്രകൃതിസൗഹൃദ സുസ്ഥിര കൃഷിയുടെയും കാർബൺ ന്യൂട്രൽ ഫാമിന്റെയും പാഠശാലയായി മാറുകയാണ് കേന്ദ്രം. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ രാജി ജോസ്, ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ എസ് അനിൽകുമാർ, യേശുദാസ് പറപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top