കൊച്ചി
സിൽവർലൈൻ വൈകിപ്പിക്കാൻ ട്രെയിനുകളുടെ വേഗം കൂട്ടാനെന്നപേരിൽ റെയിൽവേ നീക്കം നടത്തുന്നതായി സൂചന. പ്രധാന റൂട്ടുകളിൽ ട്രെയിൻവേഗം മണിക്കൂറിൽ 160 കിലോമീറ്റർവരെയാക്കാനെന്ന് പറഞ്ഞ് ദക്ഷിണ റെയിൽവേ പഠനം ആരംഭിച്ചത് ഇതിനുവേണ്ടിയാണെന്ന് അറിയുന്നു. ട്രെയിനുകളുടെ അതിവേഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്നാണ് നീക്കം.
കേരളത്തിൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്. 200 കിലോമീറ്റർ പരമാവധി വേഗത്തിൽ ട്രെയിൻ ഓടിക്കാനാകുന്ന (ഫിറ്റ്നസ്) പാളത്തിൽ മാത്രമേ ഈ വേഗത്തിന് റെയിൽവേയുടെ സാങ്കേതിക മാനദണ്ഡപ്രകാരം അനുമതി ലഭിക്കൂ. 160 കിലോമീറ്റർ വേഗം കൈവരിക്കണമെങ്കിൽ ട്രാക്കിന്റെ ഫിറ്റ്നസ് കുറഞ്ഞത് 250 കിലോമീറ്ററെങ്കിലുമായി നിജപ്പെടുത്തണമെന്ന് റെയിൽവേയുടെ സാങ്കേതികവിദഗ്ധർ പറയുന്നു. അല്ലെങ്കിൽ ഗുരുതരമായ സുരക്ഷാഭീഷണിയുണ്ടാക്കും. എന്നാൽ, നിലവിലെ ഫിറ്റ്നസ് കൂട്ടാതെ ട്രെയിനുകളുടെ വേഗം കൂട്ടാനാണ് റെയിൽവേ നീക്കം.
കേരളത്തിൽ ഇപ്പോൾ റെയിൽവേയ്ക്ക് ബ്രോഡ്ഗേജ് പാതകൾമാത്രമാണ് ഉള്ളത്. പാളങ്ങൾക്കിടയിൽ 1.6 മീറ്റർ വീതിയുള്ളവയാണ് ബ്രോഡ്ഗേജ്. ഇതിൽ 52, 60 ഗേജുകളുടെ പാളങ്ങളുണ്ട്. ഒരു മീറ്റർ നീളത്തിലുള്ള പാളത്തിന്റെ ഭാരം അടിസ്ഥാനമാക്കിയാണ് ഗേജ് നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് പാളങ്ങളിൽ നല്ലൊരു ശതമാനവും 52 ഗേജാണ്. ട്രെയിനുകൾ ഓടുമ്പോഴുള്ള കുലുക്കം കുറയ്ക്കാൻ പാളങ്ങളിൽ ഇടുന്ന കരിങ്കൽക്കഷണങ്ങൾ (ബാലസ്റ്റ് കുഷ്യൻ) 30 സെന്റീമീറ്റർ കനത്തിലുള്ളതായിരിക്കണം. നേരെയുള്ളഭാഗത്തും 600 മീറ്ററിൽ കുറവുള്ള വളവുകളിലും 2.022 ചതുരശ്ര മീറ്റർ അളവിൽ വേണം കരിങ്കൽക്കഷണങ്ങൾ ഇടാൻ. വളവ് 600 മീറ്ററിൽ കൂടുതലാണെങ്കിൽ 2.078 ചതുരശ്ര മീറ്ററാകും അളവ്. ട്രെയിൻ 160 കിലോമീറ്ററിൽ ഓടിക്കണമെങ്കിൽ ഈ മാനദണ്ഡങ്ങളൊക്കെ മാറ്റേണ്ടിവരും. അങ്ങനെ ജോലികൾ പൂർത്തിയാക്കാൻതന്നെ പതിറ്റാണ്ടുകളെടുക്കും. ഇത്തരത്തിൽ വേഗം കൂട്ടിയാൽത്തന്നെ അത് കാലഘട്ടത്തിന് അനുസരിച്ചുള്ള ഗതാഗതമാർഗമാകില്ലെന്ന് വിദഗ്ധർ പറയുന്നു. ഫലത്തിൽ സിൽവർലൈൻ മുടക്കലാണ് ‘പഠന’ത്തിന്റെ ലക്ഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..