24 January Friday

പ്രവാസം മതിയാക്കുന്നവരിൽ 95 ശതമാനവും ഗൾഫുകാർ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

തിരുവനന്തപുരം > വിദേശരാജ്യങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ മടങ്ങിവരുന്നവരിൽ 95 ശതമാനവും ഗൾഫ്‌ മേഖലയിൽനിന്നുള്ളവരാണെന്ന്‌ പഠനം. കഴിഞ്ഞവർഷം സിഡിഎസ്‌ നടത്തിയ സർവേയിൽ 12.95 ലക്ഷം പ്രവാസികളാണ്‌ കേരളത്തിലേക്ക്‌ മടങ്ങിവന്നതായി കണ്ടെത്തിയത്‌. ഇതേതുടർന്ന്‌ സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി. മലയാളിയുടെ പ്രവാസജീവിതത്തിന്‌ വൈകാതെ തിരശ്ശീല വീണേക്കാമെന്ന വാർത്ത സംബന്ധിച്ച സമഗ്ര പരിശോധനയാണ്‌ ഈ ലക്കം ‘മാർക്‌സിസ്റ്റ്‌ സംവാദം’ നടത്തുന്നത്‌. “ഗൾഫ്‌ സാമ്പത്തിക പ്രതിസന്ധിയും കേരളവും’ എന്ന വിഷയത്തിൽ നടത്തുന്ന പഠനത്തിൽ ഗൾഫ്‌ മേഖലയിലെ സാമ്പത്തികപ്രതിസന്ധിയും അതിന്റെ ഭവിഷ്യത്തുകളും പരിശോധിക്കുന്നു.  

വർഷങ്ങളായി കേരളത്തിന്റെ പ്രധാന വരുമാനസ്രോതസ്സാണ്‌ പ്രവാസികൾ.  പല ഗൾഫ്‌ രാജ്യങ്ങളിലും തദ്ദേശീയർ പ്രധാനപ്പെട്ട സർവീസുകളിൽ നിയമിതരായിക്കഴിഞ്ഞു. സർക്കാർ സർവീസിൽ മാത്രമല്ല, താഴേത്തട്ടിലെ തൊഴിൽമേഖലകളിലും സ്വദേശിവൽക്കരണം വ്യാപിപ്പിക്കുകയാണ്‌.
കേരളത്തിലേക്ക്‌ വരുന്ന വിദേശപണം സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ മൂന്നിലൊന്ന്‌ ശതമാനം വരും. 2017ലെ വാർഷിക കണക്ക്‌ പ്രകാരം 80,000 കോടി രൂപയാണ്‌ ഗൾഫിൽനിന്ന്‌ കേരളത്തിലെത്തിയത്‌.  ഇതിൽ 40 ശതമാനം വീടുണ്ടാക്കാനും മറ്റ്‌ നിർമാണപ്രവർത്തനങ്ങൾക്കും ചെലവഴിച്ചു. റിയൽ എസ്റ്റേറ്റ്, സേവനം എന്നീ മേഖലകളില വളർച്ചയ്‌ക്ക്‌ കാരണമായതും ഈ തുകയാണ്‌.

ഇപ്പോഴത്തെ ഗൾഫ്‌ പ്രതിസന്ധി സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ചിട്ടുണ്ട്‌. സജീവമായ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ഈ പ്രതിസന്ധി മറികടക്കാനുള്ള ഏകമാർഗമായി മാർക്‌സിസ്‌റ്റ്‌ സംവാദം ചൂണ്ടിക്കാട്ടുന്നു.  സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുകയും അതുവഴി സാമൂഹ്യപദ്ധതികളിൽ നിക്ഷേപം നടത്താൻ പ്രവാസിസമൂഹത്തെ പ്രേരിപ്പിക്കണം. ഇവയ്‌ക്കൊപ്പം ചെലവ്‌ കുറഞ്ഞ വീടുകൾ, വിദ്യാഭ്യാസ–-ആരോഗ്യരംഗങ്ങളിലെ ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങിയ നടപടികളും സംസ്ഥാനത്ത്‌ പുതിയ വികസനപാത തുറക്കുമെന്നും പുസ്‌തകത്തിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ടി എം തോമസ്‌ ഐസക്‌, കെ ടി ജലീൽ, എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ, സിഡിഎസിലെ ഡോ. എസ്‌ ഇതുദയരാജൻ, ഡോ. കെ സി സക്കറിയ തുടങ്ങിയവരുടെ ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌.


പ്രധാന വാർത്തകൾ
 Top