13 December Friday

ആർഎംഎസ് ഓഫീസുകൾ 
അടച്ചുപൂട്ടരുത്: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

തിരുവനന്തപുരം
തപാൽ വകുപ്പിന്റെ ജീവനാഡിയായ റെയിൽവേ മെയിൽ സർവീസിനെ (ആർഎംഎസ്‌) തകർത്ത് തപാൽ മേഖലയുടെ സ്വകാര്യവൽക്കരണം വേഗത്തിലാക്കാനുള്ള നീക്കം കേന്ദ്ര സർക്കാര്‍ ഉപേക്ഷിക്കണമെന്ന് എൻഎഫ്പിഇ സംസ്ഥാന ചെയർമാനും മുൻ എംപിയുമായ പി കരുണാകരൻ ആവശ്യപ്പെട്ടു.

പഴയ പോസ്റ്റോഫീസ് നിയമം ഭേദഗതി ചെയ്ത് കൊണ്ടുവന്ന 2023ലെ പുതിയ നിയമം അന്താരാഷ്ട്ര കൊറിയർ കമ്പനികളെ സഹായിക്കാൻ കൂടിയാണ്. റെയിൽവേ സ്റ്റേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ആർഎംഎസ്‌ ഓഫീസുകളെ ആഗോള കൺസൽട്ടൻസിയായ മെക്കൻസിയുടെ ശുപാർശ അനുസരിച്ച് 2010ൽ ലെവൽ 1, ലെവൽ 2 ഓഫീസുകളായി മാറ്റിയിരുന്നു.
പിന്നീട് സ്പീഡ് പോസ്റ്റ്, പാഴ്‌സലുകൾ എന്നിവ കൈകാര്യം ചെയ്യാൻ പ്രത്യേക ഹബ്ബുകൾ തുറന്നു. ഇതോടെ ആർഎംഎസ് ഓഫീസുകൾ ഓർഡിനറി കത്തുകളും രജിസ്റ്റേഡ് കത്തുകളും മാഗസിനുകളും മാത്രം എത്തുന്ന കേന്ദ്രങ്ങളായി മാറി. ഇത്തരം കേന്ദ്രങ്ങളെ സ്പീഡ് പോസ്റ്റ് ഹബ്ബുകളുമായി ലയിപ്പിക്കാനാണ് പുതിയ ഉത്തരവ്. ഇത് രാജ്യത്തെ 300ലധികം വരുന്ന ആർഎംഎസ് ഓഫീസുകളുടെ നിലനിൽപ്പ്‌ തന്നെ അപകടത്തിലാക്കും. കേരളത്തിൽ 12 ആർഎംഎസ്‌ കേന്ദ്രങ്ങൾ ഉടനെ അടച്ചു പൂട്ടാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

നീക്കം തപാൽ മേഖലയുടെ കാര്യക്ഷമത ഇല്ലാതാക്കുകയും പൊതുജനങ്ങൾക്ക് നിലവിലുള്ള സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യവും സൃഷ്‌ടിക്കും. തസ്തികകൾ ഇല്ലാതാക്കി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ഇത്‌ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ആർഎംഎസുകൾ പുട്ടുന്നതിനും സ്വകാര്യവൽക്കരണത്തിനുമെതിരെ എൻഎഫ്പിഇ നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികൾക്ക്‌ മുഴുവൻ ജനവിഭാഗങ്ങളും പിന്തുണ നൽകണമെന്നും പി കരുണാകരൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top