21 November Thursday

ശ്രീകുമാർമേനോനെതിരായ പരാതി : മഞ്ജുവാര്യർ മജിസ്ട്രേട്ടിന്‌ രഹസ്യമൊഴി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


ചാവക്കാട്
സംവിധായകൻ ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യർ ചാവക്കാട് കോടതി മജിസ്ട്രേറ്റ്‌ മുമ്പാകെ 164–-ാം നിയമ പ്രകാരം രഹസ്യമൊഴി നൽകി. പകൽ രണ്ടരയോടെ കോടതിയിലെത്തിയ മഞ്ജുവിൽനിന്നും  അടച്ചിട്ട കോടതിയിലാണ്‌ മൊഴിയെടുത്തത്‌. വൈകിട്ട് അഞ്ചുവരെ തുടർന്നു. കഴിഞ്ഞ ഞായറാഴ്ച ക്രൈംബ്രാഞ്ച് മഞ്ജുവിന്റെ പുള്ളിലെ വീട്ടിലെത്തിയും തൃശൂരിൽ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയും മൊഴിയെടുത്തിരുന്നു. ഇതിൽ ഡിജിറ്റൽ തെളിവുകളുൾപ്പെടെ അന്വേഷക സംഘത്തിന് കൈമാറിയിരുന്നു.  അസി.കമീഷണർ സി ഡി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘമാണ് കേസ് അന്വേഷിക്കുന്നത്.  

2017 മുതൽ കരിയറിനേയും, സ്ത്രീത്വത്തേയും നിരന്തരം അപമാനിക്കുകയും, സമൂഹമാധ്യമങ്ങളിലും, ഒടിയൻ ഷൂട്ടിങ്‌ സൈറ്റുകളിലും നിരന്തരം തേജോവധം ചെയ്യുകയും ചെയ്തതുമടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. ശ്രീകുമാർ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനി വഴി 2013ൽ കരാറിലേർപ്പെട്ട് പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയും മഞ്ജുവാര്യർ ഫൗണ്ടേഷന്റെയും ചാരിറ്റി പ്രവർത്തനത്തിന്റെയും മേൽനോട്ടവും നൽകിയിരുന്നു.

2017 ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ വിവിധ മാനഹാനിയും ഭീഷണിയും ചെയ്ത് വരികയാണെന്നതടക്കമാണ് പരാതിയിലുള്ളത്. നേരത്തെ ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി ജോസഫിൽനിന്നും നിർമാതാവ് ആന്റണി പെരുമ്പാവൂരിൽനിന്നും മൊഴിയെടുത്തിരുന്നു.


പ്രധാന വാർത്തകൾ
 Top