23 January Wednesday

ക്ഷേത്രപ്രവേശനവിളംബരം വാര്‍ഷികാഘോഷം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

കൊച്ചി
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82–--ാം വാർഷികാഘോഷത്തിന് 10ന് ജില്ലയിൽ തുടക്കമാകും.  മൂന്നു ദിവസം നീളുന്ന ആഘോഷപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ‌്ച വൈകിട്ട് നാലിന‌് ദിവാൻസ് റോഡിലെ എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ മന്ത്രി സി രവീന്ദ്രനാഥ് നിർവഹിക്കും.  എല്ലാ ദിവസങ്ങളിലും ചരിത്ര ചിത്രപ്രദർശനം, സിനിമാ പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവയ‌്ക്കു പുറമേ  11, 12 തീയതികളിൽ സെമിനാറുകളും സ്‌കൂൾ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങളും നടത്തുമെന്ന് കലക്ടർ മുഹമ്മദ് വൈ സഫീറുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി ജില്ലയിലെ നവോത്ഥാനകേന്ദ്രങ്ങളിലൂടെ ദീപശിഖാപ്രയാണം നടത്തും. 10ന‌ു രാവിലെ ഒമ്പതിന‌് ചേന്ദമംഗലം പാലിയം ക്ഷേത്രനടയിൽനിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും.  കേരള ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്യും.  വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷിയാണ് ജാഥാ ക്യാപ്റ്റൻ. വിവിധ നവോത്ഥാന സ‌്മാരകങ്ങൾക്കു സമീപം ജാഥയ‌്ക്ക‌് സ്വീകരണം നൽകും. രാവിലെ 10ന‌് കേസരി ബാലകൃഷ്ണപിള്ള, കെടാമംഗലം പാപ്പുക്കുട്ടി എന്നിവരുടെ സ‌്മരണാർഥം പറവൂർ കേസരി കോളേജ് മൈതാനം, 11ന‌് ചെറായിയിലെ സഹോദരൻ അയ്യപ്പൻ സ‌്മൃതി, 12ന‌് പണ്ഡിറ്റ് കറുപ്പൻ, പി കെ ബാലകൃഷ്ണൻ എന്നിവരുടെ സ‌്മരണകളുറങ്ങുന്ന ഞാറക്കൽ, മൂന്നിന‌് എ ജി വേലായുധൻ സ‌്മരണയിൽ ഗോശ്രീ ജങ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നാലിന‌് ദീപശിഖാ പ്രയാണം ദർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും.

അൻവിൻ കെടാമംഗലവും സംഘവും അവതരിപ്പിക്കുന്ന ഉണർത്തുപാട്ടോടെ ഉദ്ഘാടന സമ്മേളനത്തിനു തുടക്കമാകും. കലക്ടർ മുഹമ്മദ് വൈ സഫീറുള്ള സ്വാഗതം പറയും.  ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷനാകും. ആഘോഷപരിപാടികളുടെയും ചിത്രപ്രദർശനത്തിന്റെയും ഉദ്ഘാടനം  മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിക്കും.

11നു രാവിലെ 10 മുതൽ ചരിത്ര ചിത്രപ്രദർശനവും വിദ്യാർഥികൾക്ക് ഉപന്യാസരചനാ മത്സരവും നടത്തും. മൂന്നിന‌് ഭരണഘടനയും തുല്യനീതിയും എന്ന വിഷയത്തിൽ സെമിനാർ നടക്കും.  പ്രൊഫ. എൻ രമാകാന്തൻ മോഡറേറ്ററാകും.  സെമിനാറിനുശേഷം കലാപരിപാടികളും ചലച്ചിത്രപ്രദർശനവും ഉണ്ടായിരിക്കും.

12നു രാവിലെ 10 മുതൽ ചരിത്ര ചിത്രപ്രദർശനം നടക്കും. പകൽ മൂന്നിന‌് നവോത്ഥാനത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറിൽ  കേരള മീഡിയ അക്കാദമി ഡയറക്ടർ ഡോ. എം ശങ്കർ മോഡറേറ്ററാകും.  തുടർന്ന് കലാപരിപാടികളും ചലച്ചിത്രപ്രദർശനവും ഉണ്ടായിരിക്കും.

ജില്ലാ ഭരണവൃന്ദത്തിന്റെയും ഇൻഫർമേഷൻ പബ്ലിക‌് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സാംസ്‌കാരികം, പുരാവസ‌്തു - പുരാരേഖ, വിദ്യാഭ്യാസം,  സാമൂഹ്യനീതി എന്നീ വകുപ്പുകളുമായും  കേരള ലളിതകലാ അക്കാദമി,  ജില്ലാ ലൈബ്രറി കൗൺസിൽ, ഡിടിപിസി എന്നിവയുമായും സഹകരിച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ സാംസ്‌കാരിക, സർവീസ് സംഘടനകളുടെ സജീവമായ പങ്കാളിത്തവും പരിപാടികളിലുണ്ട്.


പ്രധാന വാർത്തകൾ
 Top