17 February Sunday
വികസനത്തിന് ഉപഗ്രഹ സാങ്കേതികവിദ്യ

കേരളഭുവന്‍ പോര്‍ട്ടല്‍ നിലവില്‍വന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2016


തിരുവനന്തപുരം > സംസ്ഥാനത്തിന്റെ വികസനത്തിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരളഭുവന്‍ പോര്‍ട്ടല്‍ നിലവില്‍വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ പ്രത്യേകം തയ്യാറാക്കിയ ആപ്ളിക്കേഷനാണിത്്. ഉപഗ്രഹചിത്രങ്ങളും മറ്റു വിവരങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സമ്പൂര്‍ണ വിവരശേഖരണം നടത്തുക വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. എട്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ ജിയോ മാപ്പിങ് പൂര്‍ത്തിയാക്കും. ഭൂതല ഉപഗ്രഹമാപ്പും സര്‍വേനമ്പരുകളും സംയോജിപ്പിച്ചുള്ള കഡസ്ട്രല്‍ മാപ്പിങ് നടത്തും. അഞ്ചു മുതല്‍ പത്തു മീറ്റര്‍ വരെയുള്ള സൂക്ഷ്മതല വിവരങ്ങളാണ് ശേഖരിക്കുക. 70 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളുടെ  ഇത്തരത്തിലുള്ള മാപ്പിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭൂജല ലഭ്യത, വനം, കാര്‍ഷികമേഖല,  തണ്ണീര്‍തടങ്ങള്‍, ജലാശയങ്ങള്‍, തരിശുഭൂമി, റെയില്‍–റെയില്‍ ഗതാഗത ശൃംഖല  തുടങ്ങി എല്ലാ വിവരങ്ങളും ഇതില്‍പെടും.  കുടിവെള്ള പദ്ധതി, ദുരന്തനിവാരണം, വികേന്ദ്രീകൃതാസൂത്രണം, നഗര–ഗ്രാമ വികസനം, കൃഷിവികസനം തുടങ്ങിയവയ്ക്കെല്ലാം കേരളഭുവന്‍ സഹായകമാകും.

കേരളഭുവന്റെ പ്രവര്‍ത്തനം എല്ലാ ആഴ്ചയും ചീഫ് സെക്രട്ടറി  അവലോകനം ചെയ്യും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് സെന്ററിനാണ് ചുമതല.

പൊതുമരാമത്ത് വകുപ്പിനായി തയ്യാറാക്കിയ കേരളഭുവന്‍ പിഡബ്ളുഡി പോര്‍ട്ടല്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് കിരണ്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ഐഎസ്ആര്‍ഒയുടെ ഉപഹാരമായി ഉപഗ്രഹത്തിന്റെ മാതൃക മുഖ്യമന്ത്രിക്ക് ചെയര്‍മാന്‍ നല്‍കി.

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍, ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി ഡോ. പി ജി ദിവാകര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍, റിമോട്ട് സെന്‍സിങ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ പി രഘുനാഥമേനോന്‍, രഘുവെങ്കിട്ടരമണ്‍, ഡോ. സുരേഷ് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top