19 October Saturday

കൂടത്തായി കൊലപാതക പരമ്പര : അറസ്‌റ്റിനുമുമ്പ്‌ ജോളി ലീഗ്‌ നേതാവിന്റെ സഹായം തേടി

സ്വന്തം ലേഖകർUpdated: Thursday Oct 10, 2019



കോഴിക്കോട്‌/തിരുവനന്തപുരം
കൂടത്തായി കൊലപാതക പരമ്പരയില്‍ പൊലീസ് പിടിയിലാകും മുമ്പ് പ്രതി ജോളി മുസ്‌ലിംലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീനെ വിളിച്ചതായി ഫോണ്‍ രേഖകള്‍. സഹായം തേടിയാണ്‌ വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിന് മൊഴി നല്‍കി. പിടിയിലാകുമെന്നറിഞ്ഞ ജോളി, ലീഗ് നേതാവിനെ നിരന്തരം വിളിക്കുകയും നേരിട്ടു  കാണുകയും ചെയ്തിരുന്നു. അഭിഭാഷകനെ ഏര്‍പ്പാടാക്കി നല്‍കണമെന്നായിരുന്നു ആവശ്യം.  അഭിഭാഷകനെ ഏര്‍പ്പാടാക്കിയെങ്കിലും മറ്റൊരാളെ കണ്ടുപിടിച്ചതായി  ജോളി പറഞ്ഞുവെന്നാണ്‌  ഇമ്പിച്ചി മൊയ്തീന്റെ മൊഴി.

ജോളിയില്‍ നിന്ന്  അമ്പതിനായിരം രൂപ  വാങ്ങിയിരുന്നു. ജോളി കൈക്കലാക്കിയ കുടുംബ സ്വത്തിന്റെ നികുതി അടയ്ക്കാന്‍ ശ്രമിച്ചതായും എന്നാല്‍ അതിനല്ല പണം വാങ്ങിയതെന്നും  മൊഴിയിലുണ്ട്‌. ജോളിയടക്കമുള്ള മൂന്നു പ്രതികളെയും വ്യാഴാഴ്‌ച കോടതിയിൽ ഹാജരാക്കും. ജോളിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി പരിഗണിക്കും.

പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി. മേൽനോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനായിരിക്കും. സാങ്കേതികസഹായം നൽകുന്നതിന് ഐസിടി വിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം ഉണ്ടാകും.

 


പ്രധാന വാർത്തകൾ
 Top