20 November Wednesday

ഈ കാരുണ്യത്തിന്‌ കിണറിന്റെ ആഴം

കെ ഡി ജോസഫ്‌Updated: Wednesday Oct 9, 2019


കാലടി
വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ  കാലടിയിലെ വാടക വീട്ടിൽനിന്ന്‌  സജി കല്യാണി  തലസ്ഥാനത്തേക്ക്‌ വണ്ടി കയറും.  മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൊടുക്കണം.  സ്വയം  എഴുതി   പ്രസിദ്ധികരിച്ച പുസ്തകത്തിൽ നിന്നുളള വരുമാനം മാത്രമല്ല അത്‌.    ബസ്‌സ്‌റ്റാൻഡിലും റെയിൽവേ സ്‌റ്റേഷനുകളിലും  സമ്മേളനവേദികളിലും  പുസ്‌തകം ചുമന്നെത്തിക്കുന്നതിലെ വിയർപ്പിന്റെ  വിലകൂടി അതിലുണ്ട്‌.

ഈ വർഷം  പ്രസിദ്ധികരിച്ച  ‘പനിയുമ്മകളുറങ്ങുന്ന വിട്’  കഥാസമാഹാരം വിറ്റുകിട്ടിയ തുകയാണ്‌  പ്രളയത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക്‌ കൈത്താങ്ങാകാൻ മുഖ്യമന്ത്രിക്ക്‌ കൈമാറുന്നത്‌. പുസ്‌തകത്തിന്റെ ആയിരം  കോപ്പിയാണ് പ്രസിദ്ധികരിച്ചത് .125 രൂപയാണ്‌ വിലയെങ്കിലും 100 രൂപയ്‌ക്കാണ്‌ സജി വിൽക്കുന്നത്‌.  
ബസ്‌സ്‌റ്റാൻഡിലും റെയിൽവേ സ്‌റ്റേഷൻ പരിസരത്തും  പുസ്‌തകങ്ങളുമായി സജിയെ കാണാം.  പാർട്ടി സമ്മേളന വേദികളിലും   കോളേജുകളിലും എല്ലാം  മാറിമാറി എത്തുന്നു.  സ്വന്തമായി വാഹനമില്ലാത്തതിനാൽ പുസ്‌തകക്കെട്ടുമായി  ബസ്സിലാണ്‌ യാത്രകൾ.

കണ്ണുർ ജില്ലയിലെ മട്ടന്നൂർ കയനി സ്വദേശിയായ  സജി  20 വർഷം കിണർപണിക്കാരനായിരുന്നു.  പത്താം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ.  നിന്നോളം ആഴമുള്ള കിണറുകൾ, ദൈവം പട്ടയമുള്ളവനാണ്  എന്നീ  കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.  ‘നിന്നോളം ആഴമുള്ള കിണറുകൾ’  വിറ്റ് കിട്ടിയ എൺപതിനായിരം  രൂപ   അർബുദ ചികിത്സയ്‌ക്കായി   പ്രിയ ആനിമൂട്ടിൽ എന്ന  കട്ടപ്പനക്കാരി വീട്ടമ്മയ്‌ക്ക്‌ നൽകി .

എഴുത്തിനോടുള്ള പ്രണയം കൂടിയപ്പോൾ  കിണർപണി നിർത്തി  സാമൂഹ്യമാധ്യമങ്ങളിൽ  സജിവമായി.  ഫേസ്‌ ബുക്കിൽ .തുടക്കത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും  പിന്നിട് സജിയുടെ രചനകൾക്ക്‌  പ്രതികരണങ്ങൾ വന്നു തുടങ്ങി . അതോടെ  പുസ്തകമെഴുതി പ്രസിദ്ധീകരിക്കാനുള്ള ഊർജമായി.  ആദ്യ കവിതാ സമാഹാരമായ ‘നിന്നോളം ആഴമുള്ള കിണറുകൾ’  2017ൽ പുറത്തിറങ്ങി.  

കാലടി സംസ്കൃകൃത സർവകലശാലയിലെ താൽകാലിക അധ്യാപിക ഡോ. പി കെ പ്രമീളയാണ് ഭാര്യ . ചേർത്തല എഴുപുന്ന സ്വദേശിനിയായ പ്രമീളയെ പുസ്തക വിൽപനയുമായി ബന്ധപ്പെട്ട യാത്രയിലാണ്‌  സജി കണ്ടെത്തിയത്‌.   അവധി ദിനങ്ങളിലെ  പുസ്‌തക വിൽപനയിൽ സഹായിക്കാൻ  പ്രമീളയും  ഒപ്പമുണ്ട്‌.
കാലടിയിൽ പെരിയാറിനോടു ചേർന്നുള്ള വാടകവീട്ടിൽ  പുതിയ നോവലിന്റെ തിരക്കിലാണ്‌ സജി.


പ്രധാന വാർത്തകൾ
 Top