18 October Friday

ഉരുൾപൊട്ടലിലും പേമാരിയിലും കൃഷി നാശം 39,153 ഹെക്ടറിൽ; തകർന്നത്‌ 20000 വീട്‌

റഷീദ‌് ആനപ്പുറംUpdated: Tuesday Sep 10, 2019


 
കേരളത്തെ പിടിച്ചുലച്ച ഉരുൾപൊട്ടലിലും പേമാരിയിലും 20,000 വീട്‌ പൂർണമായി തകർന്നതായി പ്രാഥമിക കണക്ക്‌. 2,20,000 വീട്‌ ഭാഗികമായും തകർന്നു. 39,153 ഹെക്ടറിൽ കൃഷി നശിച്ചു. 1908 കിലോ മീറ്റർ റോഡും 88 പാലവും തകർന്നു. ജലസേചനം,  വൈദ്യുതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും വൻ നഷ്ടമുണ്ടായി.

ആയിരങ്ങൾക്ക്‌  തൊഴിലും തൊഴിലുപകരണങ്ങളും നഷ്ടമായി. കേരളം സന്ദർശിക്കുന്ന കേന്ദ്രസംഘത്തിനു സമർപ്പിക്കാനുള്ള പട്ടികയിലേതാണ്‌ ഈ വിവരം. 16ന്‌ കേരളം സന്ദർശിക്കുന്ന കേന്ദ്ര സംഘത്തിനു മുമ്പിൽ 2100 കോടി രൂപയുടെ കണക്കുമാത്രമാണ്‌ കേന്ദ്ര മാനദണ്ഡപ്രകാരം സമർപ്പിക്കാനാകുക.  കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ 15,632 വീട്‌ പൂർണമായും 2,63,433 വീട്‌ ഭാഗികമായും തകർന്നിരുന്നു. 2,36,645.5 ഹെക്ടറിൽ കൃഷിയും നശിച്ചു. ഇതിൽനിന്ന്‌  കരകയറുന്നതിനിടെയാണ്‌ വീണ്ടും ദുരന്തമുണ്ടായത്‌. 125 പേർ മരിച്ചു. 11 പേരെ ഇനിയും കണ്ടെത്താനുണ്ട്‌. 

കാർഷികമേഖലയിൽ 1351 കോടി രൂപയുടെ നഷ്ടമുണ്ടായി.  മാനദണ്ഡത്തിലെ അശാസ്‌ത്രീയതയെ തുടർന്ന്‌  228.78 കോടി രൂപ മാത്രമാണ്‌  കേന്ദ്രത്തിൽനിന്ന്‌ കേരളത്തിനു ലഭിക്കുക. 39,153 ഹെക്ടർ കൃഷി നശിച്ചതിൽ 21192ലും നെൽക്കൃഷിയാണ്‌.  530 ഹെക്ടർ ഭൂമിയിൽ കേര കൃഷിയും 3261 ഹെക്ടറിൽ പച്ചക്കറിയും നശിച്ചു.  2611 കോടിരൂപയുടെ നഷ്ടമാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റേത്‌. 1908 കിലോ മീറ്റർ റോഡ്‌ തകർന്നതിൽ  308 കിലോമീറ്റർ ദേശീയപാതയാണ്‌. 

വൈദ്യുതി വകുപ്പിന്‌ 243 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ്‌ കണക്ക്‌. ഇതിൽതന്നെ കേന്ദ്ര മാനദണ്ഡപ്രകാരം 102.22 കോടി രൂപയേ ലഭിക്കൂ. 445 ട്രാൻസ്‌ഫോർമർ നശിച്ചു. വിതരണരംഗത്ത്‌ 224.24 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഡാം സൈറ്റുകളിൽ 5.77 കോടി രൂപ നഷ്ടമാണുണ്ടായത്‌. മൃഗസംരക്ഷണമേഖലയിൽ 32.94 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 294 പശുക്കൾക്കും 101 കിടാരികൾക്കും ജീവഹാനിയുണ്ടായി. 3,81,723 കോഴിയും 6466 താറാവും ചത്തു. ജലസേചന മേഖലയിൽ 575 കോടിരൂപ നഷ്ടം കണക്കാക്കി. 116 കോടി രൂപ മാത്രമാണ്‌ ലഭിക്കുക. തൊഴിലും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടവരുടെ കണക്ക്‌ തയ്യാറാക്കിവരികയാണ്‌. 

ഒരു മാസം, ദുരിതാശ്വാസനിധിയിൽ 265.13 കോടി
തിരുവനന്തപുരം
ഒരു മാസത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തിയത്‌ 265.13 കോടി രൂപ. ആഗസ്‌ത്‌ ഒന്നുമുതൽ സെപ്‌തംബർ അഞ്ചുവരെയുള്ള കണക്കാണിത്‌. കൊച്ചുകുട്ടികൾമുതൽ കോർപറേറ്റുകൾവരെ സന്തോഷത്തോടെ നൽകിയ തുകയാണിത്‌. 

ശനിയാഴ്‌ചവരെയുള്ള കണക്കുപ്രകാരം ആകെ ലഭിച്ച തുക 4660.92 കേടി രൂപയാണ്‌. ഇതിൽ 2,970.41 കോടി രൂപയും പൊതുജനങ്ങളുടെ വിഹിതമാണ്‌. സാലറി ചലഞ്ച്‌ വഴി 1,211.45 കോടി രൂപയും  ഉത്സവ ബത്തയായി 117.69 കോടി രൂപയും കെയർ ഹോം പദ്ധതിയുടെ ഭാഗമായി സഹകരണമേഖല ശേഖരിച്ചു നൽകിയ 52.69 കോടി രൂപയും മദ്യ വിൽപ്പനയിലെ അഡീഷണൽ ടാക്‌സായ 308.68 കോടി രൂപയും ലഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top