22 February Friday

പ്രളയ ബാധിതർക്ക‌് ആശ്വാസമേകി സിപിഐ എം ഗൃഹസന്ദർശനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


കൊച്ചി
ആലങ്ങാട‌് നീറിക്കോട‌് ആശാരിപള്ളം കോളനിയിലെ 55 ഓളം വീടുകൾ പ്രളയത്തിൽ പൂർണമായും മുങ്ങിയിരുന്നു. ദിവസങ്ങൾ നീണ്ട ക്യാമ്പ‌്  വാസത്തിനുശേഷം പുതുജീവിതത്തിലേക്ക‌് പിച്ചവയ‌്ക്കുകയാണ‌് കോളനിവാസികൾ. എല്ലാം ഒന്നേന്ന‌് തുടങ്ങണം. കണ്ണടപ്പറമ്പിൽ വീട്ടിൽ പങ്കജത്തിന്റെ സ്ഥിതിയും വേറിട്ടതല്ല. എങ്കിലും ശനിയാഴ‌്ച രാവിലെ വീട്ടിനുമുന്നിൽ പഴയ സമരസഖാവ‌് എം സി ജോസഫൈനെ കണ്ടതോടെ പങ്കജം ഒരുവേള ദുഃഖം മറന്നു. ജോസഫൈനെ പങ്കജം കൈയിൽപിടിച്ച‌് വീട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. പഴയ സമരനാളുകളെക്കുറിച്ചാണ‌് ഇരുവരും സംസാരിച്ചത‌്. പിന്നെ ചർച്ച പ്രളയം തകർത്ത ജീവിതത്തെക്കുറിച്ചായി. പ്രളയം എല്ലാം കൊണ്ടുപോയെങ്കിലും ഒരുപാട‌്പേർ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നതായി പങ്കജം പറഞ്ഞു. ക്യാമ്പിൽ ഞങ്ങൾക്ക‌് ഒരു മുട്ടുമില്ലായിരുന്നു. ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റുകളും ആശ്വാസമായി. ഇനിയും ഒപ്പമുണ്ടാകും എന്നുപറഞ്ഞാണ‌് ജോസഫൈൻ മടങ്ങിയത‌്.

സിപിഐ എം നേതൃത്വത്തിൽ ആരംഭിച്ച ഗൃഹസന്ദർശനം  പ്രളയത്തെ അതിജീവിച്ച‌് സ്വന്തം ഭവനങ്ങ‌ളിൽ തിരിച്ചെത്തിയവർക്ക‌് പകർന്ന ആശ്വാസം ചെറുതല്ല. എന്നും ഒപ്പമുണ്ടാകുമെന്ന നേതാക്കളുടെ വാക്കുകൾ വലിയ പ്രതീക്ഷയും പ്രത്യാശയുമാണ‌് അവർക്ക‌് സമ്മാനിച്ചത‌്. 2120 സ്ക്വാഡുകളാണ‌് ശനിയാഴ‌്ച ഗൃഹസന്ദർശനം നടത്തിയത‌്. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനും ക്യാമ്പുകളിൽ ഭക്ഷണവും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും ചെളിയും വെള്ളവും നിറഞ്ഞവീടുകളും വഴികളും  ശുദ്ധീകരിക്കുന്നതിനും സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ അർഹിക്കുന്ന കരങ്ങളിൽ എത്തിക്കുന്നതിനും നേതൃത്വം നൽകിയ സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും പ്രളയബാധിതർ നിറഞ്ഞ മനസോടെയാണ‌് സ്വീകരിച്ചത‌്.

കേന്ദ്ര കമ്മിറ്റിയംഗം എം സി ജോസഫൈൻ ആലങ്ങാട് നീറികോട്ട‌് ഗൃഹസനദർശനത്തിനു നേതൃത്വം നൽകി. പ്രളയം ഏറെ നാശംവിതച്ച ചേന്ദമംഗലത്തെ കരിമ്പാടത്തും  ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം. സംസ്ഥാന കമ്മിറ്റി  അംഗങ്ങളായ എസ് ശർമ പറവൂർ മാട്ടുമ്മൽതുരുത്തിലും ഗോപി കോട്ടമുറിക്കൽ കടുങ്ങല്ലൂരിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ മണിശങ്കർ ആലുവ പമ്പുകവല വാർഡിലും ടി കെ മോഹനൻ കാഞ്ഞൂർ ചെങ്ങലും കെ ജെ ജേക്കബ‌് കാലടി കൊണ്ടോട്ടിയിലും എം പി പത്രോസ് നെടുമ്പാശേരി പുളിയനത്തും പി ആർ മുരളീധരൻ ആലങ്ങാട് തത്തപ്പിള്ളിയിലും ജോൺ ഫെർണാണ്ടസ് തുരുത്തിപ്പുറത്തും  കെ എൻ ഉണ്ണികൃഷ്ണൻ പുതുവാശേരിയിലും എം സി സുരേന്ദ്രൻ ആലങ്ങാട് കരൂമാല്ലൂരിലും എൻ സി മോഹനൻ പെരുമ്പാവൂർ ഒക്കലിലും  പി എം ഇസ്മയിൽ മൂവാറ്റുപുഴയിലും ഗൃഹസന്ദർശനത്തിനു നേതൃത്വം നൽകി. 

ടി കെ വത്സൻ, ടി ആർ ബോസ്, എം ബി സ്യമന്തഭദ്രൻ, വി എം ശശി, വി എ സക്കിർ ഹുസൈൻ, ടി സി ഷിബു, വി സലിം, ഇ പി സെബസ്റ്റ്യൻ, കെ എം റിയാദ്, എം കെ ബാബു, സി കെ സലിംകുമാർ, പി എ പീറ്റർ, എം ആർ പ്രഭാകരൻ, പി വാസുദേവൻ, കെ ഡി വിൻസെന്റ്, പി എം സലിം എന്നിവരും ജനപ്രതിനിധികളും സ്ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗൃഹസന്ദർശനം ഞായറാഴ‌്ചയും തുടരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top