മൂവാറ്റുപുഴ
വയനാടിന് ഒരു കൈസഹായമേകാൻ സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയും വഴിയോര തട്ടുകട കച്ചവട യൂണിയനും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം ‘ഒരു മെഗാ തട്ടുകട’ നടത്തി. ഇടിയപ്പം, അപ്പം, പത്തിരി, ചപ്പാത്തി, പൊറോട്ട, ദോശ, കപ്പ, ബീഫ് കറി, മുട്ടക്കറി, മീൻകറി, കടലക്കറി, വെജിറ്റബിൾ കറി, ഓംലറ്റ്, ചായ, കാപ്പി തുടങ്ങിയ വിഭവങ്ങൾ നൽകിയാണ് ജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചത്. നഗരത്തിലെ തട്ടുകട നടത്തിപ്പുകാരും ജോലിക്കാരും സിഐടിയു നേതാക്കളും തൊഴിലാളികളുമായിരുന്നു ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്.
ഭക്ഷണംകഴിച്ച് മടങ്ങുന്നവർ ഇഷ്ടമുള്ള തുക സഹായനിധി പെട്ടിയിൽ നിക്ഷേപിച്ചു. പകൽ രണ്ടിന് പ്രവർത്തനം തുടങ്ങിയ തട്ടുകട രാത്രി 12 വരെ പ്രവർത്തിച്ചു. ഇതിലൂടെ ലഭിച്ച തുക മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് സംഘാടകർ പറഞ്ഞു. സിഐടിയു മൂവാറ്റുപുഴ ഏരിയ സെക്രട്ടറി സി കെ സോമൻ, ഏരിയ പ്രസിഡന്റ് എം എ സഹീർ, എം ആർ പ്രഭാകരൻ, വഴിയോര തട്ടുകട യൂണിയൻ സെക്രട്ടറി കെ സി ബിജുമോൻ, പ്രസിഡന്റ് ഒ എസ് ഷാഹുൽഹമീദ്, ബിനീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..