22 September Sunday

ആദിവാസികള്‍ക്ക് ഭൂമി; 1675 ഏക്കർ ഭൂമി വിതരണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019


സ്വന്തം ലേഖകൻ
ഭൂരഹിതരായ ആദിവാസികൾക്ക്‌ ഭൂമി വിതരണംചെയ്യുന്ന പദ്ധതിയിൽ 1675 ഏക്കർ ഈ മാസം അവസാനംമുതൽ വിതരണം ചെയ്യും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായ ഭൂമിയാണ്‌ വിതരണം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. ജില്ലാതല കമ്മിറ്റികൾ അംഗീകരിച്ച 640 അപേക്ഷകളിൽ ഈ മാസം വനാവകാശരേഖ (ആർഒആർ) വിതരണം ചെയ്യും.

ജില്ലാതല കമ്മിറ്റികളിൽ  185 അപേക്ഷകളും സബ്ഡിവിഷണൽ കമ്മിറ്റികൾ മുമ്പാകെ  5290 അപേക്ഷകളും നിലവിലുണ്ട്‌. ഇവയിൽ നടപടിക്രമം പൂർത്തിയാക്കി ഒക്ടോബർ 31നുമുമ്പ് ഭൂമി വിതരണം ചെയ്യും.

സുപ്രീംകോടതിവിധി പ്രകാരം ലഭിച്ച 2367 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ (958 ഹെക്ടർ) ആദിവാസികൾക്ക് വനാവകാശരേഖ  നൽകി.  ഇതിനുപകരം പട്ടയം റവന്യൂവകുപ്പ്‌ ലഭ്യമാക്കും. എല്ലാ ആദിവാസികൾക്കും ഭൂമി ലഭ്യമാക്കുന്നതിന് അനുയോജ്യമായ ഭൂമി വിലയ്‌ക്ക്‌ വാങ്ങുന്നത്‌ വേഗത്തിലാക്കും. യോഗത്തിൽ മന്ത്രിമാരായ എ കെ ബാലൻ, ഇ ചന്ദ്രശേഖരൻ, കെ രാജു തുടങ്ങിയവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top