19 September Thursday

പിഎസ്‌സി: ക്രൈംബ്രാഞ്ച്‌ അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019


സ്വന്തം ലേഖകൻ
പിഎസ്‌സി സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയിൽ ക്രൈംബ്രാഞ്ച്‌ കേസ്‌ രജിസ്റ്റർ ചെയ്‌തു. ശിവരഞ്‌ജിത്‌, നിസാം, പ്രണവ്‌ എന്നിവരെ പ്രതിചേർത്ത്‌ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾപ്രകാരമാണ്‌ കേസെടുത്തത്‌. എഫ്‌ഐആർ വ്യാഴാഴ്‌ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ സമർപ്പിച്ചു.  ക്രൈംബ്രാഞ്ച്‌ തിരുവനന്തപുരം എസ്‌പി  എസ്‌ ഷാനവാസിനാണ്‌ അന്വേഷണച്ചുമതല. 

അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെയും അവരുടെ ഫോണിലേക്ക്‌ പരീക്ഷാസമയത്ത്‌ വന്ന മുഴുവൻ കാൾ, മെസേജ്‌ വിവരങ്ങളും സംഘം പരിശോധിക്കും.  ഉത്തരം സന്ദേശമായി അയച്ചതായി പറയുന്ന എസ്‌എപിയിലെ പൊലീസുകാരൻ ഗോകുലിനെ ഉടൻ ചോദ്യംചെയ്യും. തന്റെ സുഹൃത്തായതിനാലാണ്‌ പ്രണവിന്‌ ഉത്തരങ്ങൾ എസ്‌എംഎസായി അയച്ചതെന്ന്‌ ഗോകുൽ ചിലരോട്‌ പറഞ്ഞതായി അറിയുന്നു.

പ്രണവ്‌ അടുത്ത വീട്ടുകാരനുമാണ്‌. ചെറുപ്പംമുതൽ ഇരുവരും അടുത്ത കൂട്ടുകാരാണ്‌.  ഗോകുലിനെതിരെ  ഉടൻതന്നെ വകുപ്പുതല നടപടി സ്വീകരിച്ചേക്കും. അതേസമയം, ഗോകുൽ രണ്ടു ദിവസമായി ക്യാമ്പിൽ വരുന്നില്ലെന്ന്‌ എസ്‌എപി കമാൻഡന്റ്‌ പറഞ്ഞു. ഇതേക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top