15 October Tuesday

മഴയിലും മഹാപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

എസ്‌ സതീഷ്‌ നയിക്കുന്ന ഡിവൈഎഫ്‌ഐ തെക്കൻ മേഖലാ ജാഥയെ കോതമംഗലത്ത്‌ ആർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


തൃശൂർ/കൊച്ചി
തോരാത്ത മഴയിലും ചോരാത്ത പോർവീര്യവുമായി യുവജന പ്രവാഹം. അവർ പ്രഖ്യാപിച്ചു: ‘വർഗീയത വേണ്ട, ജോലി മതി’. ഡിവൈഎഫ്ഐ സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ സന്ദേശവുമായി  സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ എറണാകുളം ജില്ലയിൽ പര്യടനം ആരംഭിച്ചു. ജില്ലാ അതിർത്തിയായ മഞ്ഞള്ളൂർ അച്ചൻ കവലയിൽ വരവേറ്റു. മൂവാറ്റുപുഴയിലായിരുന്നു വ്യാഴാഴ്‌ചത്തെ ആദ്യ സ്വീകരണം. തുടർന്ന്‌ കോതമംഗലം, പെരുമ്പാവൂർ, പട്ടിമറ്റം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തോപ്പുംപടിയിൽ സമാപിച്ചു.

ജാഥാ ക്യാപ്റ്റൻ എസ് സതീഷ്,  ജാഥാ മാനേജർ എസ് കെ സജീഷ്, എംഎൽഎമാരായ എം സ്വരാജ്, ആന്റണി ജോൺ, ജാഥാംഗങ്ങളായ എം വിജിൻ, വി കെ സനോജ്, ജോ എസ്  ഷിജുഖാൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച വൈപ്പിൻ ഞാറയ്‌ക്കലിൽ നിന്നാരംഭിച്ച്‌ സൗത്ത്‌ കളമശേരിയിൽ പര്യടനം പൂർത്തിയാക്കും.

സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ വ്യാഴാഴ്ച തൃശൂർ ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ ചേലക്കര പ്ലാഴിയിൽ  ജാഥയെ വരവേറ്റു.  ആദ്യസ്വീകരണം ചേലക്കരയിലായിരുന്നു. വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, നാട്ടിക എന്നിവിടങ്ങളിലെ സ്വീകരണ ശേഷം കൊടുങ്ങല്ലൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനു പുറമെ മാനേജർ, അഡ്വ. യു ജനീഷ് കുമാർ, അഡ്വ. കെ പ്രേംകുമാർ, ഗ്രീഷ്മ അജയ്ഘോഷ്, ജയ്ക് സി തോമസ് എന്നിവർ സംസാരിച്ചു. പിഎസ്‌സി റാങ്ക് ഹോൾഡർമാരുമായി ജാഥാംഗങ്ങൾ ചർച്ച നടത്തി. വെള്ളിയാഴ്ച ഇരിങ്ങാലക്കുടയിൽ തുടങ്ങി  ചാലക്കുടി, കൊടകര എന്നിവിടങ്ങളിലെ സ്വീകരണശേഷം  വടക്കൻ മേഖല‌ാ ജാഥ ഒല്ലൂരിൽ സമാപിക്കും.


പ്രധാന വാർത്തകൾ
 Top