09 August Sunday

സ്വർണച്ചങ്ങലയിൽ ബിജെപിയും യുഡിഎഫും

പ്രത്യേക ലേഖകൻUpdated: Friday Jul 10, 2020


തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസിൽ കേന്ദ്രമന്ത്രിമാരടക്കമുള്ളവരുമായി ഉറ്റബന്ധമുള്ള ബിജെപി നേതാക്കളുടെ പങ്ക്‌ വെളിപ്പെട്ടതിന്‌ പിന്നാലെ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ ഉന്നതരിലേക്കും ബന്ധുക്കളിലേക്കും അന്വേഷണം. കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ വിളിച്ച്‌ ബാഗേജ്‌ വിട്ടുകൊടുക്കണമെന്ന്‌ ഭീഷണിപ്പെടുത്തിയ ട്രേഡ്‌ യൂണിയൻ നേതാവ്‌ ഹരിരാജന്‌ കേന്ദ്രത്തിൽ വൻ സ്വാധീനം‌. മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ എംഎൽഎമാരടക്കമുള്ള നിരവധി കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും കസ്‌റ്റംസ്‌ അന്വേഷണം തുടങ്ങി. എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണത്തിന്റെ ഗതിമാറും. കുരുക്ക്‌ മുറുകാനാണ്‌ സാധ്യത. ബിജെപി, യുഡിഎഫ്‌ ബന്ധം ചുരുളഴിയാൻ തുടങ്ങിയതോടെ അന്വേഷണം അട്ടിമറിക്കാൻ അണിയറ സജീവമായി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിനോട്‌ കേന്ദ്രമന്ത്രി വി മുരളീധരനും യുഡിഎഫ്‌ നേതാക്കളും പ്രതികരിച്ചില്ല.

കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ വിളിച്ച്‌ ബാഗേജ്‌ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടത്‌ താനാണെന്ന്‌ ഹരിരാജൻ വ്യാഴാഴ്‌ച സമ്മതിച്ചു. കസ്‌റ്റംസ്‌ ക്ലിയറിങ്‌ ഏജന്റ്‌ ആവശ്യപ്പെട്ട‌ പ്രകാരമാണ്‌ ഇതെന്ന്‌ ന്യായീകരിച്ചു. ഇയാളുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും വസതികൾ കസ്‌റ്റംസ്‌ പരിശോധിച്ചു. മുഖ്യ കണ്ണിയായ ബിജെപി പ്രവർത്തകൻ സന്ദീപ്‌ നായർ ഒളിവിലാണ്‌. ഒരു ബിജെപി നേതാവിന്റെ കാറിലാണ്‌ സ്വപ്‌ന സുരേഷും സന്ദീപ്‌ നായരും തിരുവനന്തപുരത്തുനിന്നു രക്ഷപ്പെട്ടത്‌. സ്വപ്‌ന സുരേഷിന്റെ ആദ്യ സ്‌പോൺസർ മുൻ കേന്ദ്രമന്ത്രികൂടിയായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലെന്ന ആരോപണവുമായി ബിജെപി വക്താവ്‌ ബി ഗോപാലകൃഷ്‌ണൻ രംഗത്ത്‌ വന്നു. ഇതിനെ  പ്രതിരോധിക്കാൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ്‌ ചെന്നിത്തലയും തയ്യാറാകാത്തത്‌ ദുരൂഹത വർധിപ്പിച്ചു.   

സ്വർണത്തിന്റെ ഉറവിടം, ആർക്ക്‌ വേണ്ടി കൊണ്ടുവന്നു, ഹവാല ഇടപാട്‌ നടന്നോ എന്നീ കാര്യങ്ങളിലേക്ക്‌ അന്വേഷണം കടന്നിട്ടില്ല. കാർഗോ കോംപ്ലക്‌സിലെ സിസിടിവി ദൃശ്യങ്ങൾ കസ്‌റ്റംസിന്‌ കൈമാറി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top