09 August Sunday

സ്വർണ കള്ളക്കടത്ത്‌ ആര് അന്വേഷിക്കും; വ്യക്തതയില്ലാതെ കേന്ദ്രം

എം പ്രശാന്ത‌്Updated: Thursday Jul 9, 2020


നയതന്ത്ര മാർഗം ദുരുപയോഗിച്ചുള്ള സ്വർണ കള്ളക്കടത്ത്‌ പുറത്തുവന്ന്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണകാര്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്ര സർക്കാർ. പ്രതിപ്പട്ടികയിലുള്ളവർക്ക്‌ കുമ്മനം രാജശേഖരൻ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളുമായുള്ള ബന്ധം പുറത്തായതോടെയാണ്‌ അന്വേഷണം ഏത്‌ ഏജൻസിയെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ കേന്ദ്രത്തിന് ആശയക്കുഴപ്പം.

വിവിധ ഏജൻസികൾ ഏകോപിച്ചുള്ള അന്വേഷണമാകുമെന്ന വിശദീകരണമാണ്‌ ധനമന്ത്രാലയ വൃത്തങ്ങൾ നല്‍കുന്നത്. കള്ളക്കടത്തിൽ ഉൾപ്പെട്ടവരുടെ‌ ബിജെപി ബന്ധം പുറത്തായതോടെ അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമം ബിജെപി കേരള ഘടകമാരംഭിച്ചു‌. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കുമ്മനം അടക്കമുള്ളവരുമായി ബന്ധമുള്ള സന്ദീപ്‌നായരുടെ ഭാര്യയെ കസ്‌റ്റഡിയിലെടുത്തതിന്‌ പിന്നാലെയാണ്‌ മുരളീധരൻ തിരക്കിട്ട്‌ ധനമന്ത്രിയുടെ ഓഫീസിൽ എത്തിയത്‌. ഡിഫൻസ്‌ റിസർവ്‌ ആൻഡ്‌ ഡെവലപ്‌‌മെന്റ്‌ ഓർഗനൈസേഷന്റെ (ഡിആർഡിഒ) വ്യാജതിരിച്ചറിയൽ കാർഡുമായി തട്ടിപ്പ്‌ നടത്തി അടുത്തയിടെ കേരളത്തിൽ അറസ്‌റ്റിലായ വ്യക്തിക്ക്‌ ഉന്നത ബിജെപി നേതാക്കളുമായുള്ള ‌ബന്ധം പുറത്തുവന്ന ഘട്ടത്തിലും സമാനമായ ഇടപെടൽ ഉണ്ടായി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമായിട്ടും ഡിആർഡിഒ തട്ടിപ്പ്‌ കേസിലെ അന്വേഷണം ബിജെപി നേതൃത്വം ഇടപെട്ട്‌ അട്ടിമറിച്ചു.ഡിആർഡിഒ തട്ടിപ്പുകാരനെ അറിയില്ലെന്ന്‌ മുരളീധരൻ ബുധനാഴ്‌ച മാധ്യമങ്ങളോട്‌ പറഞ്ഞു. ഓഫീസിൽ വന്നുപോയവരുടെയെല്ലാം പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താറുണ്ടെന്നും മുരളീധരൻ പറഞ്ഞു. തട്ടിപ്പിലെ അന്വേഷണ പുരോഗതിയെക്കുറിച്ച്‌ വിശദീകരിക്കാൻ മന്ത്രി തയ്യാറായില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top