09 August Sunday

പെരുമൺ ദുരന്തം: കാരണം അറിയാതെ 32 വർഷം

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


കൊല്ലം
അഷ്ടമുടിക്കായലിനെ കണ്ണീരിലാഴ്‌ത്തിയ പെരുമൺ ദുരന്തക്കാഴ്ചകൾക്ക് 32 വർഷമെത്തിയ ദിവസമായിരുന്നു ബുധനാഴ്‌ച. കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന മാത്രമായിരുന്നു ചടങ്ങ്‌.

ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളാരും ഇക്കുറി പുഷ്പാർച്ചനയ്‌ക്ക് എത്തിയില്ല.  പെരുമൺ ജങ്കാർ കടവിനു സമീപം പനയം പഞ്ചായത്ത് നിർമിച്ച സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ എം മുകേഷ് എംഎൽഎ,  പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷീല, ജില്ലാ പഞ്ചായത്ത് അംഗം രാജശേഖരൻ എന്നിവർ പങ്കെടുത്തു. റെയിൽവേ പാലത്തിനു സമീപത്തെ സ്മൃതി മണ്ഡപത്തിൽ ഫ്രണ്ട്സ് ഓഫ് ബേർഡ്സ് പുഷ്പാർച്ചന നടത്തി. പെരുമൺ ഫീനിക്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ കായലിൽ രക്തപുഷ്പങ്ങൾ ഒഴുക്കി സ്മരണ പുതുക്കി.

മൂന്നുപതിറ്റാണ്ടു പിന്നിട്ടിട്ടും 105 ജീവനുകൾ കവർന്ന തീവണ്ടി അപകടത്തിന്റെ കാരണം ഇപ്പോഴും അഷ്ടമുടിക്കായലിലെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുകയാണ്‌. 1988 ജൂലൈ എട്ടിനാണ് ഐലൻഡ‌് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയത്. യാത്രക്കാർ മാത്രമല്ല രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരും മരിച്ചു. ശാസ്‌ത്രീയമായ അന്വേഷണത്തിന്‌ തയ്യാറാകാതെ ടൊർണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിനു കാരണമെന്ന്‌ വിശദീകരിക്കാനാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രസർക്കാർ തുനിഞ്ഞത്‌.  പക്ഷേ, ഒരു ചെറിയ കാറ്റുപോലും അപകടസമയത്ത് പെരുമണിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. 
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top