19 April Friday

നൽകാനായില്ലല്ലോ എനിക്ക‌് ആ ജോലി... മനസ്സുപിടഞ്ഞ‌് പ്രദീപ‌്

ആർ സാംബൻUpdated: Monday Jul 9, 2018

വട്ടവട

അഭിമന്യു എന്നവിദ്യാർഥി അരൂരിലെ വ്യവസായി സി എ പ്രദീപിന് ആരുമായിരുന്നില്ല. തന്റെയടുത്ത് ഒരിക്കൽ ജോലി ചോദിച്ചെത്തിയ ഒരാൾ മാത്രം. പക്ഷേ, ആ ഓർമ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് കിലോമീറ്റർ ബൈക്കിൽ കുതിച്ച്് കൊട്ടക്കാമ്പൂരിൽ എത്താൻ. അഭിമന്യുവിന്റെ  അച്ഛനെ കെട്ടിപ്പിടിച്ച് അദ്ദേഹം കരഞ്ഞു. ഈ ജന്മം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് ആശ്വസിപ്പിച്ചു. പെട്ടെന്നുള്ള വികാരത്തിൽ പൊട്ടിപ്പുറപ്പെട്ട വാക്കല്ല അത്. കുടുംബത്തെ കാണാൻ താമസിയാതെ വീണ്ടുമൊരു യാത്ര ഉറപ്പിച്ചാണ‌് പ്രദീപ‌് മടങ്ങിയത‌്.

സ്റ്റീൽ ഫാബ്രിക്കേഷൻ കരാറുമായി ബന്ധപ്പെട്ട് ആറുമാസംമുമ്പ് എറണാകുളം ലുലുമാളിൽ പ്രദീപ് എത്തിയപ്പോഴാണ് അഭിമന്യുവിനെ കണ്ടത്. മുഷിഞ്ഞ പാന്റും ഷർട്ടും ധരിച്ച് ഒരു പിവിസി പൈപ്പും പിടിച്ച്  ആ ചെറുപ്പക്കാരൻ പ്രദീപിന്റെയടുത്ത് എത്തി. അവിടെ നടക്കുന്ന ഏതോ ജോലിയിൽ സഹായിയായി എത്തിയതായിരുന്നു അവൻ. പ്രദീപ് കരാറുകാരനാണെന്ന് മനസ്സിലാക്കി അവൻ അടുത്തെത്തി. ചേട്ടാ വർക്ക് വല്ലതും ഉണ്ടോയെന്ന് ചോദിച്ചു. മഹാരാജാസ് കോളേജ് വിദ്യാർഥിയാണെന്നും പഠിക്കാനുള്ള പണംകിട്ടാനാണ് ജോലിചെയ്യുന്നതെന്നും പറഞ്ഞപ്പോൾ മനസുപിടഞ്ഞു. വെൽഡിങ‌് അറിയാമോ എന്നുചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പരിചയമില്ലാത്തവർ അത് ചെയ്താൽ അപകടമാകും എന്നുപറഞ്ഞ് മടക്കുകയും ചെയ്തു. രാത്രി അവനെക്കുറിച്ച് ഓർത്തപ്പോൾ ബിഎക്ക് പഠിക്കുന്ന സ്വന്തം മകൻ ആദിത്യന്റെ മുഖമാണ് പ്രദീപിന്റെ മനസ്സിൽ തെളിഞ്ഞത്.  അതുകൊണ്ടുതന്നെ, ഏതോ കുഗ്രാമത്തിൽ നിന്നെത്തി പഠിക്കാൻവേണ്ടി തൊഴിലെടുക്കുന്ന വിദ്യാർഥിയുടെ രൂപം മനസിൽനിന്നുപോയില്ല.

മഹാരാജാസിലെ കൊലപാതക വാർത്ത പത്രത്തിൽ കണ്ടപ്പോഴാണ് അഭിമന്യുവിനെ  തിരിച്ചറിഞ്ഞത്. അവന്റെ ഒറ്റമുറിവീടും സ്വപ്നങ്ങൾ തകർന്ന ഊരിന്റെ വിലാപവും എല്ലാം വായിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയുംദൂരം  ബൈക്കിൽ പുറപ്പെടാൻ ഒരുങ്ങുമ്പോൾ  ഭാര്യ വിജി വിലക്കി നോക്കി. കാറിൽ പോകാൻ പറഞ്ഞിട്ട് കേട്ടില്ല. കൂട്ടുകാരൻ ഷിനോജിനെ കൂട്ടിന് വിളിച്ചപ്പോൾ എന്തോ അസൗകര്യം. ഒന്നും നോക്കിയില്ല.  ബൈക്കിൽതന്നെ പുറപ്പെട്ടു. അഭിമന്യുവിന്റെ നാടുകാണാൻ. യാത്രക്കിടെ മഴ തകർത്തുപെയ്തതൊന്നും അറിഞ്ഞില്ല. കുത്തനെയുള്ള കയറ്റങ്ങളും ഹെയർപിൻ വളവുകളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും ഓർത്തില്ല. വൈകിട്ട് നാലരയോടെ കൊട്ടക്കാമ്പൂരിലെ ഉൗരിലെത്തി. ആ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവൻ ജോലി ചോദിച്ച കഥ പറഞ്ഞു.  നൽകാതെ തിരിച്ചയച്ചതിലെ കുറ്റബോധം കണ്ണീർക്കടലായി. അമ്മ ഭൂപതിയെയും സഹോദരങ്ങളായ പരിജിത്തിനെയും കൗസല്യയെയും ആശ്വസിപ്പിച്ചു. ഇനിയും വരുമെന്നും മരണം വരെ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. താൻ ഒരു പ്രതീകം മാത്രമാണെന്ന്  പ്രദീപിന് അറിയാം. ഈ കുടുംബത്തോടൊപ്പം കരയുന്ന കേരളത്തിന്റെ പ്രതീകം.

പ്രധാന വാർത്തകൾ
 Top