12 September Thursday

അവരുടെ പുഞ്ചിരിയിലാണ്‌ 
ഇവരുടെ സന്തോഷം ; ഒരേക്കർ എട്ടരസെന്റ്‌ സ്ഥലം പാവങ്ങൾക്ക്‌ നൽകാൻ ടോമി മൈക്കിളും സഹോദരീ ഭർത്താവ്‌ ടോം ഫ്രാൻസിസും

നൗഷാദ് നടുവില്‍Updated: Friday Jun 9, 2023



ആലക്കോട് (കണ്ണൂർ)
തലചായ്‌ക്കാൻ ഒരുതുണ്ടു ഭൂമിപോലുമില്ലാതെ ബുദ്ധിമുട്ടുന്നവർക്കായി തങ്ങളുടെ അധ്വാനത്തിൽ സ്വരുക്കൂട്ടിയ പണംകൊണ്ടുവാങ്ങിയ സ്ഥലം വിട്ടുനൽകാൻ സിപിഐ എം ചപ്പാരപ്പടവ്‌ ലോക്കൽ സെക്രട്ടറി ടോമി മൈക്കിളിന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. ഇനീഷ്യേറ്റീവ്‌ ഓഫ്‌ റിഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറി (ഐആർപിസി)ലൂടെ ജീവകാരുണ്യരംഗത്ത്‌ സജീവമായ ടോമിക്കൊപ്പം ഭൂമി നൽകാൻ സഹോദരീ ഭർത്താവ്‌ ടോം ഫ്രാൻസിസും ചേർന്നതോടെ ഉറവവറ്റാത്ത കാരുണ്യത്തിന്റെ മാതൃക നാടേറ്റെടുത്തു.

ഫെഡറൽ ബാങ്കിൽനിന്ന്‌ വിരമിച്ച ടോമി മൈക്കിളും (63) ഇരുപത്‌ വർഷം കുവൈത്തിൽ പ്രവാസിയായിരുന്ന ടോം ഫ്രാൻസിസും(55) 25 ലക്ഷം രൂപ ചെലവഴിച്ച്‌ വാങ്ങിയ ഒരേക്കർ എട്ടരസെന്റ്‌ സ്ഥലമാണ്‌ ഭൂമിയും വീടുമില്ലാത്തവർക്കായി നൽകുന്നത്‌. ആദ്യ ഗുണഭോക്താവായ എടക്കോത്തെ കെ അനീഷിനും കുടുംബത്തിനും വീട് വയ്‌ക്കാനുള്ള സ്ഥലം ശനിയാഴ്ച എടക്കോത്ത്‌ നടക്കുന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറും.

സാന്ത്വനപരിചരണ മേഖലയിലെ പ്രവർത്തനമാണ്‌ ടോമി മൈക്കിളിന്റെ ജീവിതം മാറ്റിയത്‌.  ഇദ്ദേഹവുമായുള്ള ആത്മബന്ധം ടോം ഫ്രാൻസിസിനെയും  കാരുണ്യപ്രവർത്തനത്തിലേക്ക്‌ നയിക്കുകയായിരുന്നു. ബെഫി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ടോമി വിരമിച്ചശേഷമാണ്‌ സിപിഐ എമ്മിൽ സജീവമായത്‌. കഴിഞ്ഞ സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറിയായി. പെരുമ്പടവ്‌ ബിവിജെഎം എച്ച്‌എസ്‌എസിൽനിന്ന്‌ വിരമിച്ച അധ്യാപിക സിൽവി സിറിയക്കാണ്‌ ഭാര്യ. ഐടി എൻജിനിയർമാരായ ജിതിൻ ടോം, സച്ചിൻ ടോം എന്നിവർ മക്കൾ. ടോമി മൈക്കിളിന്റെ ഇളയസഹോദരി ടിനി മൈക്കിളിന്റെ ഭർത്താവാണ്‌ ടോം ഫ്രാൻസിസ്‌. ഇദ്ദേഹം ഇരിട്ടി എടൂരിൽ കൃഷിക്കാരനാണ്‌. ടെസ്സ മരിയ ടോം, ടെവിൻ ടോം എന്നിവർ മക്കൾ. 

ഗതാഗത സൗകര്യവും വൈദ്യുതിയും കുടിവെള്ളവും ലഭ്യമായ സ്ഥലമാണ്‌ ഇവർ നൽകുന്നത്‌. ഭൂമി അർഹരുടെ കൈകളിലെത്തണമെന്ന ഇവരുടെ ആഗ്രഹം സഫലമാക്കാൻ പാർടി സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. നിർധനരായ 12 കുടുംബങ്ങൾക്കെങ്കിലും ഇവിടെ പാർപ്പിടസൗകര്യം ഒരുക്കുകയാണ്‌ ലക്ഷ്യം. വീട്‌ നിർമിക്കാൻ സർക്കാർ സഹായം ലഭ്യമാക്കും. സമാന ചിന്താഗതിയുള്ള സ്പോൺസർമാരുടെ സഹായവും തേടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top