20 August Tuesday

പച്ചത്തുരുത്താകാൻ 600 ഏക്കർ

ആനന്ദ‌് ശിവൻUpdated: Sunday Jun 9, 2019



കൊച്ചി
അതിജീവനത്തിന്റെ പച്ചപുതച്ച ചെറുവനങ്ങൾക്ക‌് ജന്മം നൽകാൻ സംസ്ഥാനത്ത‌് ഇതുവരെ കണ്ടെത്തിയത‌് 600 ഏക്കർ തരിശുഭൂമി. ഹരിതകേരളം മിഷൻ  സർക്കാർ വകുപ്പുകളുമായി കൈകോർത്ത‌് നടപ്പാക്കുന്ന വനവൽക്കരണ പദ്ധതിയായ ‘പച്ചത്തുരുത്ത‌ി’ലേക്ക‌് ഇതുവരെ കണ്ടെത്തിയ ഭൂമിയുടെ വിസ‌്തൃതിയാണിത‌്. കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുംവിധം ചെറുവനങ്ങൾ വളർത്തിയെടുക്കുകയും ഒപ്പം തദ്ദേശീയ വൃക്ഷ, സസ്യ വൈവിധ്യ സംരക്ഷണവുമാണ‌് പച്ചത്തുരുത്ത‌് ലക്ഷ്യമിടുന്നത‌്.

തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തുന്ന ഭൂമിയിൽ തൊഴിലുറപ്പുതൊഴിലാളികളെ ഉപയോഗിച്ച‌ാണ‌് പദ്ധതി നടപ്പാക്കുന്നത‌്. അരസെന്റോ അതിനുമുകളിലോ ഉള്ള സർക്കാർഭൂമി, പുറമ്പോക്ക‌്, തൊഴിലുറപ്പുകാർഡുള്ളവരുടെ സ്വകാര്യഭൂമി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കും.

ആദ്യഘട്ടത്തിൽ സംസ്ഥാനത്ത‌് 250 ഇടങ്ങളിലായാണ‌് 600 ഏക്കർ ഭൂമി കണ്ടെത്തിയത‌്. കണ്ണൂർ ജില്ലയിലാണ‌് കൂടുതൽ–- 250 ഏക്കർ. മലപ്പുറത്ത‌് 150,  തൃശൂരിൽ 42,  കോഴിക്കോട്ട‌് 38, തിരുവനന്തപുരത്ത‌് 21 ഇടങ്ങളിൽവീതം ഭൂമി കണ്ടെത്തി. ഇവയുടെ ആകെ വിസ‌്തൃതി കണക്കാക്കിവരികയാണെന്ന‌് ഹരിതകേരളം മിഷൻ ടെക‌്നിക്കൽ ഓഫീസർ ഹരിപ്രിയ ദേവി പറഞ്ഞു. എറണാകുളം ജില്ലയിൽ എട്ടു പഞ്ചായത്തിലായി 1.45 ഏക്കർ ഭൂമിയാണ‌് കണ്ടെത്തിയത‌്. കോട്ടയം ജില്ലയിൽ സ‌്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചാണ‌് ആദ്യഘട്ടത്തിൽ പച്ചത്തുരുത്തുകൾ ഒരുങ്ങുക.

നിലവിൽ കണ്ടെത്തിയ ഭൂമിയിൽ തൈ നടുന്നതിനുപിന്നാലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഭൂമി ഒരുക്കാനും പരിപാലനത്തിനും തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്തും. വേലികളും ആവശ്യമെങ്കിൽ സജ്ജമാക്കും. പരിസ്ഥിതി–-സന്നദ്ധ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരെ ചേർത്ത‌് പ്രാദേശിക ജൈവവൈവിധ്യ സമിതികളും രൂപീകരിക്കും. തുടർപരിപാലന ചുമതല ഈ സമിതികൾക്കായിരിക്കും. ആവശ്യമെങ്കിൽ കൃഷി, വനം, ജൈവവൈവിധ്യ ബോർഡ‌് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. 

പദ്ധതിനിർവഹണത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഹരിതകേരളം മിഷൻ കൈപ്പുസ‌്തകം തയ്യാറാക്കിയിട്ടുണ്ട‌്. ഭൂമിയുടെ പ്രത്യേകത, കാലാവസ്ഥ എന്നിവ പരിഗണിച്ച‌് ഓരോ സ്ഥലത്തും നടാവുന്ന ഉയരം കൂടിയ വൃക്ഷങ്ങൾ, ഇടത്തരം വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ എന്നിവയുടെ വിശദപട്ടിക ഇതിലുണ്ട‌്. എല്ലായിടത്തും ഔഷധസസ്യങ്ങളുടെ സാന്നിധ്യം ഉറപ്പാക്കും. ആര്യവേപ്പ‌്, രക്തചന്ദനം, ശതാവരി, സർപ്പഗന്ധി, കച്ചോലം, ആടലോടകം, ഇഞ്ച എന്നിവ നട്ടുപിടിപ്പിക്കും. ഫലവൃക്ഷങ്ങളും ഇടത്തരം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും ഇടകലർത്തിയാണ‌് നടുന്നത‌്. ഗ്രാഫ‌്റ്റ‌് ചെയ‌്ത സസ്യങ്ങൾ, വിദേശ ഇനങ്ങൾ, അധിനിവേശ സസ്യങ്ങൾ എന്നിവ ഒഴിവാക്കണമെന്ന‌് പ്രത്യേകം നിർദേശിക്കുന്നുണ്ട‌്. 

ഭൂമി കണ്ടെത്താത്തതും പദ്ധതി രൂപീകരിക്കാത്തതുമായ തദ്ദേശസ്ഥാപനങ്ങൾക്ക‌് പദ്ധതിയുടെ ഭാഗമാകാൻ ഇനിയും അവസരമുണ്ട‌്. തൊഴിലുറപ്പിന്റെ വാർഷികപദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്തി അംഗീകാരം നേടിയാൽ, കണ്ടെത്തുന്ന ഭൂമിയിൽ പച്ചത്തുരുത്ത‌് ഒരുക്കാൻ ഹരിതകേരളം മിഷൻ സഹായം ലഭ്യമാക്കും.
 


പ്രധാന വാർത്തകൾ
 Top