22 October Tuesday
തെരഞ്ഞെടുപ്പ‌് അട്ടിമറി ചോദ്യംചെയ‌്തു

സിപിഐ എം പ്രവർത്തകരെ എസ്ഡിപിഐ ക്രിമിനലുകൾ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

പരിക്കേറ്റ സലാം നൊച്ചിലകത്ത്

പറവൂർ
പള്ളി മഹല്ല് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത‌് ചോദ്യംചെയ്ത സിപിഐ  എം പ്രവർത്തകരെ എസ്ഡിപിഐ ക്രിമിനലുകൾ ക്രൂരമായി മർദിച്ചു. ചിറ്റാറ്റുകര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം വി എ ഹബീബ് (54), മാക്കനായി ബ്രാഞ്ച് സെക്രട്ടറി സലാം നൊച്ചിലകത്ത് (49) എന്നിവരാണ് കറുപ്പം വീട്ടിൽ ഷിഹാബ്, മകൻ വഖാർ,  അമീനുള്ള എന്നിവരുടെ  ആക്രമണത്തിൽ പരിക്കേറ്റ് ഡോൺ ബോസ‌്കോ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ‌്ച വൈകിട്ട‌് അഞ്ചിന് മന്നം കവലയിൽ സർവകക്ഷി പ്രതിഷേധയോഗം ചേരും.

മന്നം പാറപ്പുറം മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റിയിലേക്ക് മെയ് 13ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നു. വർഷങ്ങളായി എസ്ഡിപിഐ സംസ്ഥാന നേതൃത്വത്തിന്റെ  നിയന്ത്രണത്തിലാണ് ഈ പള്ളിയുടെ പ്രവർത്തനം. എല്ലാ വർഷവും നടക്കേണ്ട തെരഞ്ഞെടുപ്പ് പൊതുയോഗം കഴിഞ്ഞ മൂന്നുവർഷമായി ഇവിടെ അട്ടിമറിക്കപ്പെട്ടതിൽ ഭൂരിപക്ഷം വിശ്വാസികളും കടുത്ത പ്രതിഷേധത്തിലായിരുന്നു. ബൈലോ നിയമങ്ങൾക്ക് വിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ഇവരുടെ ശ്രമം സലാം നൊച്ചിലകത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ചോദ്യംചെയ്തതിനെ തുടർന്ന് പൊതുയോഗം മാറ്റിവച്ചു. ഇതുസംബന്ധിച്ച‌് നിരവധി പരാതികൾ വഖഫ് ബോർഡിന് വിശ്വാസികൾ നൽകിയതിനെ തുടർന്ന് ഞായറാഴ‌്ച  ബോർഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ പൊതുയോഗം നിശ്ചയിച്ചു.

എന്നാൽ, ബൈലോയ‌്ക്ക് വിരുദ്ധമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ശ്രമം നടന്നത‌് വിശ്വാസികൾ  എതിർത്തതോടെ പൊതുയോഗം വീണ്ടും മാറ്റി. യോഗം കഴിഞ്ഞ്   ബൈക്ക് എടുക്കാൻ പോയ സലാമിനെയും ഹബീബിനെയും മുഖത്തിടിച്ച് വീഴ്ത്തുകയായിരുന്നു.  ബൈക്കിന്റെ താക്കോൽ ഊരിയെടുത്തശേഷം വീണ്ടും  ക്രൂരമർദനം തുടർന്നു. ആക്രമണത്തിൽ സലാമിന്റെ കണ്ണിന‌് ഗുരുതര പരിക്കേറ്റിട്ടുണ്ട‌്.

ഷിഹാബിന്റെ ഭാര്യ എസ്ഡിപിഐ വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റാണ്.  വഖാർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും.  പൊലീസിൽ പരാതി നൽകിയിട്ടുണ്ട‌്. എസ്ഡിപിഐ ക്രിമിനലുകളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് സിപിഐ  എം ചിറ്റാറ്റുകര ലോക്കൽ സെക്രട്ടറി ടി എസ് രാജൻ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top