12 November Tuesday

നമ്മൾ അതിജീവിച്ചു; നിപാ നിയന്ത്രണവിധേയം

സ്വന്തം ലേഖികUpdated: Monday Jun 10, 2019


നിപാ വൈറസിന്റെ രണ്ടാംവരവിനെയും അതിവേഗം അതിജീവിക്കാൻ സഹായിച്ചത‌് സംസ്ഥാന സർക്കാരിന്റെ ജാഗ്രതാപൂർവമായ പ്രവർത്തനം. കേട്ടുകേൾവിയില്ലാതിരുന്ന വൈറസ‌് 2018ൽ 16 ജീവൻ കവർന്നു. എന്നാൽ, സ്ഥിതിഗതികൾ വളരെവേഗം നിയന്ത്രണവിധേയമാക്കാനും രോഗം സ്ഥിരീകരിച്ച രണ്ടുപേരെ ജീവിതത്തിലേക്ക‌് തിരികെ കൊണ്ടുവരാനും ആരോഗ്യവകുപ്പിന‌് കഴിഞ്ഞു. ഇത്തവണയും അതേ ജാഗ്രതയോടെ ഇടപെടാൻ ആരോഗ്യവകുപ്പിന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. വൈറസ‌് ബാധിതനായ വിദ്യാർഥി ഒഴികെ മറ്റൊരാൾക്കും നിപാ ഇതുവരെ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ആശങ്കയ്ക്ക‌് വഴിയില്ലെന്നും ഭീതി ഒഴിഞ്ഞെന്നും ആരോഗ്യവകുപ്പ‌് അറിയിച്ചു.

ഒരു വർഷത്തിനകം വീണ്ടും നിപാ ബാധയുണ്ടാകാം എന്ന‌് കഴിഞ്ഞ വർഷംതന്നെ വിദഗ‌്ധർ മുന്നറിയിപ്പ‌് നൽകിയിരുന്നു. ഇതേത്തുടർന്ന‌് മെയ‌് മാസത്തിൽത്തന്നെ വേണ്ട മുൻകരുതൽ എടുക്കാനും മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡ‌് സജ്ജമാക്കാനും നിർദേശം നൽകിയിരുന്നു.ജീവനക്കാർക്ക‌് പരിശീലനം നൽകി. പനി, ശക്തമായ ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി എത്തിയവരുടെ സ്രവസാമ്പിളുകൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക‌് അയച്ചു. കോഴിക്കോട‌് മെഡിക്കൽ കോളേജിൽ ഒരാളെ ഐസൊലേഷനിലും  പ്രവേശിപ്പിച്ചു.

എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ‌് ആയിരുന്നെങ്കിലും പഴംതീനി വവ്വാലുകളുടെ പ്രജനനകാലം അവസാനിക്കുന്ന ജൂലൈവരെ മുൻകരുതൽ തുടരാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിർദേശം നൽകി. എറണാകുളം പറവൂർ സ്വദേശിയായ യുവാവിന‌് ജൂൺ നാലിന‌് നിപാ ബാധ സ്ഥിരീകരിച്ചപ്പോൾ നിപാ പ്രോട്ടോക്കോൾ അനുസരിച്ച‌് ത്വരിതഗതിയിൽ പ്രവർത്തിക്കാനുമായി. ആരോഗ്യമന്ത്രി, പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ, ഡയറക്ടർ ആർ എൽ സരിത എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ജില്ലാഭരണ നേതൃത്വം, കൊച്ചി കോർപറേഷൻ എന്നിവർ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധ നടപടികൾ സ്വീകരിച്ചു.
എറണാകുളം സ്വദേശിയായ, തൊടുപുഴയിൽ പഠിക്കുന്ന യുവാവിന‌് തൃശൂരിൽവച്ചാണ‌് രോഗലക്ഷണങ്ങൾ പ്രകടമായത‌്. ഉറവിടം, രോഗിയുമായി സമ്പർക്കത്തിലായവർ തുടങ്ങിയവരെ കണ്ടെത്തുന്നത‌് ശ്രമകരമായി. 327 പേരുടെ ലിസ്റ്റ‌് തയ്യാറാക്കി. 52 പേർ തീവ്രനിരീക്ഷണത്തിലാണ‌്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുണെ എൻഐവി എന്നിവിടങ്ങളിൽനിന്നും ചെന്നൈയിൽനിന്നും വിദഗ‌്ധ സംഘമെത്തി. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹായത്തോടെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘം വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

നിയന്ത്രണവിധേയം: കെ കെ ശൈലജ
വീണ്ടും നിപാ സ്ഥിരീകരിച്ചതിനെത്തുടർന്നുണ്ടായ ആശങ്ക ഒഴിഞ്ഞതായി  മന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗം നിയന്ത്രണവിധേയമാണ‌്. നിപാ സ്ഥിരീകരിക്കപ്പെട്ട വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട‌്.

വിദ്യാർഥി അമ്മയോട‌് സംസാരിക്കുന്നുണ്ട‌്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 11 പേരിൽ നാലുപേരെ വാർഡിൽനിന്ന‌് മാറ്റിയെന്നും മന്ത്രി പറഞ്ഞു.
ക്യാൻസർ ഇല്ലാത്ത രോഗിക്ക‌് കീമോ നൽകിയ സംഭവം കൂടുതൽ സൂക്ഷ്മത ആവശ്യമാണെന്ന‌ അനുഭവപാഠമാണെന്ന‌് മന്ത്രി കേരളഹൗസിൽ മാധ്യമങ്ങളോട‌് പ്രതികരിച്ചു. മെഡിക്കൽ ബോർഡ‌് കൂടാതെ കീമോ തീരുമാനിക്കരുതെന്ന‌് നിർദേശിക്കും.

ഡോക്ടർമാർ മനഃപൂർവം പിഴവുവരുത്തിയതായി കരുതുന്നില്ല. കീമോ നൽകിയത‌് സദുദ്ദേശ്യത്തോടെതന്നെയെന്നാണ‌് മനസ്സിലാക്കുന്നത‌്. കീമോയ‌്ക്ക‌് വിധേയമായ ആൾക്ക‌് തുടർചികിത്സയ‌്ക്ക‌ുവേണ്ട എല്ലാ സഹായവും സർക്കാർ നൽകുമെന്ന‌് മന്ത്രി പറഞ്ഞു.

സമഗ്രപരിശോധന: മന്ത്രി
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താൻ സമഗ്രപരിശോധന നടത്തിവരികയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്. നിപാ കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും അതീവശ്രദ്ധയോടെയാണ് ഇടപെടൽ നടത്തുന്നത്.

കുട്ടികളെയും പ്രതിരോധതലത്തിലേക്ക‌് ഉയർത്തും. അങ്കണവാടികളിലും മറ്റ‌് വിദ്യാലയങ്ങളിലും ആരോഗ്യപ്രവർത്തകരും ജനപ്രതിനിധികളും ബോധവൽക്കരണം നടത്തും. 4316 പേർക്ക് നിപാ ജാഗ്രതാപരിശീലനം നൽകി.  പറവൂർ, പെരുമ്പാവൂർ, കാക്കനാട് മേഖലകളിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ തൊഴിൽവകുപ്പ് അധികൃതർ പരിശോധന നടത്തി. ആരോഗ്യവകുപ്പ് അധികൃതരും കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയും കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

പന്നികളുടെ സാമ്പിളും ശേഖരിക്കും
പുണെ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിൽനിന്നുള്ള രണ്ടാമത്തെ സംഘവും കേരളത്തിലെത്തി. പന്നിഫാമുകളിൽനിന്ന് പന്നികളുടെ രക്തസാമ്പിളുകളും ശേഖരിക്കുന്നുണ്ട‌്. തൊടുപുഴ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലെ പന്നി വളർത്തുന്ന വീടുകളിലും പന്നി ഫാമുകളിലും നിരീക്ഷണം നടത്താനും അസ്വാഭാവിക രോഗങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യാനും ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തൊടുപുഴയിൽ വവ്വാലിന്റെ സ്രവം ശേഖരിച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴയിൽ വലയിൽ കുടുങ്ങിയ പഴംതീനി വവ്വാലുകളിൽനിന്നും പുണെ നാഷണൽ വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽ നിന്നെത്തിയ സംഘം സ്രവങ്ങൾ ശേഖരിച്ചു. ശനിയാഴ‌്ച വൈകിട്ടാണ‌് വൈറോളജി ഇൻസ‌്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം വവ്വാലുകളെ പിടികൂടാൻ വല സ്ഥാപിച്ചത‌്. ഞായറാഴ‌്ച
രാവിലെയോടെ സംഘം എത്തിയപ്പോൾ ഇതിൽ നിരവധി വവ്വാലുകൾ കുടുങ്ങിയിരുന്നു.

തൊടുപുഴ നഗരസഭാ പ്രദേശത്താണ‌് മൂന്നിടത്തായി വല സ്ഥാപിച്ചിരുന്നത‌്. ഞായറാഴ‌് രാവിലെ ഇതിൽ 30 വവ്വാലുകൾ കുടുങ്ങിയിരുന്നു. ഉമിനീര‌് ഉൾപ്പെടെ ശേഖരിച്ച സ്രവങ്ങൾ നിയന്ത്രിത ഊഷ‌്മാവിൽ സൂക്ഷിച്ചിരിക്കുകയാണ‌്. ഇതിനുപുറമെ മുട്ടത്തെ ക്ഷേത്രത്തിന് സമീപം പുതുതായി രണ്ട‌് വല കൂടി സ്ഥാപിച്ചിട്ടുണ്ട‌്. ഈ ഭാഗത്തും നിരവധി വവ്വാലുകളുണ്ട‌്.

ഏതാനും ദിവസങ്ങൾ കൂടി സംഘം തൊടുപുഴയിലും പരിസരത്തുമുണ്ടാവും. അടുത്ത ഘട്ടമായി നിപാ ബാധിച്ച വിദ്യാർഥിയുടെ സ്വദേശമായ വടക്കൻ പറവൂരിലും വവ്വാലുകളെ പിടികൂടി പരിശോധനയ‌്ക്ക‌് വിധേയമാക്കും.


പ്രധാന വാർത്തകൾ
 Top