22 June Tuesday

കെെവിടില്ല അതിഥികളെ ; സംരക്ഷണം ഉറപ്പാക്കി ജില്ലാ ഭരണകേന്ദ്രവും തൊഴിൽവകുപ്പും

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


കൊച്ചി
ലോക്ക്‌ഡൗൺ കാലത്ത്‌ അതിഥിത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി ജില്ലാ ഭരണകേന്ദ്രവും തൊഴിൽവകുപ്പും. ഇതിനകം ഏതാണ്ട്‌ 7000 അതിഥിത്തൊഴിലാളികൾമാത്രമാണ്‌ നാടുകളിലേക്ക്‌ മടങ്ങിയത്‌. ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ്‌ കൂടുതലും മടങ്ങിയത്‌. ലോക്ക്‌ഡൗണിലും തൊഴിൽ തടസ്സപ്പെടില്ലെന്ന്‌ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്തിയതോടെയാണ്‌ നാട്ടിലേക്ക്‌ മടങ്ങുന്നവരുടെ എണ്ണം കുറഞ്ഞത്‌.

ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ നാനൂറോളം അതിഥിത്തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച്‌ ബോധവൽക്കരണം നടത്തി. ഉദ്ദേശം 30,000 അതിഥിത്തൊഴിലാളികളുടെ വിവരം ശേഖരിച്ചു. ബുദ്ധിമുട്ട്‌ നേരിട്ടാൽ ജില്ലാ ലേബർ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്‌.

അതിഥിത്തൊഴിലാളികൾക്കായി സിഎഫ്എൽടിസി കെട്ടിടം കണ്ടെത്താനുള്ള നടപടി പുരോഗമിക്കുകയാണ്‌. സിവിൽ സപ്ലൈസ്‌ വകുപ്പിന്റെ സഹകരണത്തോടെ ഉടൻ സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകും. 5000 ഭക്ഷ്യ കിറ്റുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. അരി, കടല, ആട്ട, ഉപ്പ്‌, സൺഫ്ലവർ ഓയിൽ, പരിപ്പ്‌, സവാള, ഉരുളക്കിഴങ്ങ്‌, മുളകുപൊടി, മാസ്‌ക് എന്നിവ കിറ്റിലുണ്ടാകും.

തൊഴിലാളികൾക്ക്‌ ഭക്ഷണം നൽകാനുള്ള നടപടി വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. തൊഴിലുടമകളോടും കരാറുകാരോടും തൊഴിലാളികൾക്ക്‌ ഭക്ഷണം ഉറപ്പാക്കണമെന്ന്‌ തൊഴിൽവകുപ്പ്‌ നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top