14 April Wednesday

654 പേർക്ക് രോഗം, 137 മുക്തി; കൈവിടരുത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021


കൊച്ചി
നിയമസഭാ തെരഞ്ഞെടുപ്പിനുപിന്നാലെ ജില്ലയിലെ കോവിഡ്‌ നിയന്ത്രണങ്ങൾ കർശനമാക്കി. മൂന്നുമാസത്തിനിടെ ജില്ലയിലെ പ്രതിദിന രോഗബാധയിൽ കുറവുണ്ടായിരുന്നു. എന്നാൽ, രാജ്യത്ത്‌ കോവിഡ്‌ മൂന്നാംഘട്ടം ശക്തിപ്രാപിക്കുന്നതോടെ സംസ്ഥാനത്തും നിയന്ത്രണം കർശനമാക്കുകയാണ്‌. പരിശോധനയുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്‌. ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും വരുംദിവസങ്ങളിൽ പരിശോധന നടത്തും. മാസ്ക്‌ ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും കർശനമായി പരിശോധിക്കും. ജില്ലയിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിലും കർശന കോവിഡ്‌ സുരക്ഷയാണ്‌ ഒരുക്കിയിരിക്കുന്നത്‌. ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നിരീക്ഷണം കർശനമാക്കും.

രോഗമുക്തി നിരക്ക്‌ 
97.6 ശതമാനം
ജില്ലയിൽ 97.6 ശതമാനമാണ്‌ കോവിഡ്‌ രോഗമുക്തി നിരക്ക്‌. 2020 മാർച്ച്‌ 20ന്‌ ആദ്യ കോവിഡ്‌ രോഗബാധ റിപ്പോർട്ട്‌ ചെയ്തതുമുതൽ ഈമാസം വ്യാഴാഴ്ചവരെ ജില്ലയിൽ 1,33,632 പേർക്ക്‌ കോവിഡ്‌ ബാധിച്ചിട്ടുണ്ട്‌. ഇതിൽ 1,29,272 പേർ രോഗമുക്തി നേടി. 457 കോവിഡ്‌ മരണമാണ്‌ ജില്ലയിലിതുവരെ സ്ഥിരീകരിച്ചത്‌. 0.35 ശതമാനമാണ്‌ മരണനിരക്ക്‌. ജനുവരിയിൽ 24,482 പേർക്ക്‌ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ചപ്പോൾ 21,477 പേർ രോഗമുക്തി നേടി. ഫെബ്രുവരിയിൽ 15,803 പേർ രോഗബാധിതരായപ്പോൾ 17,909 പേർ രോഗമുക്തി നേടി. മാർച്ചിൽ 6639 പേർക്ക്‌ രോഗം സ്ഥിരീകരിച്ചപ്പോൾ ഇരട്ടിയിലേറെപ്പേർ രോഗമുക്തി നേടി. 13,091 പേരാണ്‌ മാർച്ചിൽ രോഗമുക്തരായത്‌. ഈമാസം വ്യാഴാഴ്ചവരെ 3202 പേർക്ക്‌ രോഗം ബാധിച്ചിട്ടുണ്ട്‌. 1471 പേർ രോഗമുക്തി നേടി.

വാക്സിൻ സ്വീകരിച്ചത്‌ 
നാലരലക്ഷംപേർ
ജില്ലയിലിതുവരെ 4,55,991 പേർ കോവിഡ്‌ വാക്സിൻ സ്വീകരിച്ചു. 3,88,828 പേർ ആദ്യ ഡോസും 67,163 പേർ രണ്ടാമത്തെ ഡോസ്‌ വാക്സിനും സ്വീകരിച്ചു. 45 വയസ്സിനുമുകളിലുള്ളവർക്കാണ്‌ നിലവിൽ വാക്സിൻ നൽകുന്നത്‌. ഇത്‌ 45 ദിവസംകൊണ്ട്  പൂർത്തി
യാക്കും. www.cowin.gov.in എന്ന പോർട്ടലിൽ ഫോൺ നമ്പറും ആധാർ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രം തെരഞ്ഞെടുത്താണ് വാക്സിൻ സ്വീകരിക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top