18 August Sunday
ആന്റണി യാഥാർഥ്യം ഉൾക്കൊള്ളണം

ഇടതുപക്ഷമില്ലാതെ ബിജെപിയെ ഇറക്കാനാവില്ല: കോടിയേരി

പ്രത്യേക ലേഖകൻUpdated: Tuesday Apr 9, 2019

ആലപ്പുഴ > ഇടതുപക്ഷം ജയിച്ചാലേ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ കഴിയുകയുള്ളുവെന്ന‌് എ കെ ആന്റണി മനസിലാക്കണമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ആലപ്പുഴ പ്രസ‌്ക്ലബിന്റെ ജനസമക്ഷം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടായിരത്തി നാലിൽ ബിജെപിയെ പുറത്താക്കിയത‌് ഇടതുപക്ഷത്തിന്റെ പിന്തുണയിലാണ‌്.  1989ൽ വി പി സിങ് പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ പാർടി  വലിയ ഒറ്റ കക്ഷിയായിരുന്നില്ല. 1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ പാർടിയായിരുന്നില്ല വലിയ കക്ഷി.  ഈ തെരഞ്ഞെടുപ്പോടെ കേന്ദ്രത്തിൽ ഉണ്ടാകാൻ പോകുന്നത‌് ഇടതുപക്ഷംകൂടി ഉൾപ്പെടുന്ന മതേതരബദൽ സർക്കാരായിരിക്കും.

ബിജെപി പ്രകടനപത്രികയിലൂടെ മുന്നോട്ടുവയ‌്ക്കുന്ന സങ്കൽപ്പം യാഥാർഥ്യമായാൽ ഇന്ത്യ ഒരു മതക്കാർക്കു മാത്രം ജീവിക്കാൻ പറ്റുന്ന രാജ്യമായി മാറും. മറ്റു മതക്കാരെ രണ്ടാംതരം പൗരൻമാരായി കാണുന്ന അവസ്ഥയുണ്ടാകും. ഏകീകൃത സിവിൽകോഡ‌്, ജമ്മു–-കശ‌്മീരിന്റെ പ്രത്യേക പദവി, മുസ്ലിങ്ങൾ ഒഴികെയുള്ളവർക്ക‌് പൗരത്വം തുടങ്ങിയ വാഗ‌്ദാനങ്ങളെല്ലാം ഉദാഹരണം. ശബരിമലയും സങ്കൽപ്പത്തിൽ ഉൾപ്പെടുത്തിയ ബിജെപി 12 വർഷം കേസ‌് നടന്നിട്ട‌് ഒരിക്കൽപ്പോലും നിലപാട‌് കോടതിയിൽ അറിയിച്ചില്ല. വിധി വന്നുകഴിഞ്ഞും കേന്ദ്രം നിലപാട‌് അറിയിച്ചില്ല. വിശ്വാസികളെ കബളിപ്പിച്ച‌് ആകർഷിക്കാനുള്ള തന്ത്രം മാത്രമാണ‌് ബിജെപിയുടേത‌്. ശരിയായ നിലപാട‌് സ്വീകരിച്ച കാലത്തെല്ലാം എൽഡിഎഫിന‌് വോട്ട‌് കൂടുതൽ കിട്ടിയിട്ടുണ്ട‌്. സ‌്ത്രീശാക്തീകരണ നിലപാടുമൂലം എൽഡിഎഫിന‌് വോട്ട‌് വർധിക്കും. 1987ൽ ഷബാനു കേസിനെത്തുടർന്ന‌് ശരിഅത്ത‌് വിവാദം ചിലർ ഉയർത്തിയെങ്കിലും എൽഡിഎഫ‌് വൻ വിജയം നേടി.

ബിജെപിക്കാർ ചില മണ്ഡലങ്ങളിൽ പ്രവർത്തനം നടത്തുന്നില്ലെന്ന‌് അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെ പ്രവർത്തനം വയനാട്ടിൽ മാത്രമാണ‌്. എല്ലാവരും കുമ്മനം രാജശേഖരന്റെ പിറകെയാണെന്ന തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റ‌് കോൺഗ്രസ‌്–- ബിജെപി ധാരണയ‌്ക്ക‌് ഉദാഹരണമാണ‌്. ഗുരുവായൂരിൽ ചില കോൺഗ്രസുകാർ സുരേഷ‌് ഗോപിയുടെ പിറകെപോയ വാർത്തയും വന്നു.  പണ്ട‌്  കോ–-ലീ–-ബി സഖ്യത്തെ വടകരയിൽ തോൽപ്പിച്ചതുപോലെ ജനങ്ങൾ ഇത്തവണയും ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തോൽപ്പിക്കും. കണ്ണൂർ, കോഴിക്കോട‌്, എറണാകുളം, കൊല്ലം, വടകര എന്നിവിടങ്ങളിൽ എൻഡിഎയ‌്ക്ക‌് സ്ഥാനാർഥിയുണ്ടെങ്കിലും വോട്ട‌് മാറ്റിച്ചെയ്യുമെന്ന സ്ഥിതിയാണ‌്. കണ്ണൂരിൽ സി കെ പത്മനാഭൻ വെറുതെ വെയിലുകൊള്ളുന്നു. വടകരയിൽ സ്ഥാനാർഥി എവിടെയെന്ന‌് ആർക്കും അറിയില്ല. കൊല്ലത്ത‌് യുഡിഎഫ‌് സ്ഥാനാർഥി എൻഡിഎയ‌്ക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. എറണാകുളത്ത‌് അൽഫോൺസ‌് എംപിയെ വേണോ മന്ത്രിയെ വേണോ എന്നു ചോദിച്ചു നടക്കുന്നതല്ലാതെ കൂടെ ബിജെപിക്കാർ ആരുമില്ല. ബിജെപി എവിടെയും അക്കൗണ്ടു തുറക്കാൻ പോകുന്നില്ല. തിരുവനന്തപുരത്ത‌് എൽഡിഎഫ‌് തന്നെയാണ‌് മുന്നിലെന്നും അവിടെ സി ദിവാകരൻ തന്നെ  ജയിക്കുമെന്നും  അദ്ദേഹം പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാസെക്രട്ടറി ആർ നാസറും കോടിയേരിയോടെപ്പം ഉണ്ടായിരുന്നു.

സർവെ നടത്തിയത‌് 108 ശതമാനം തെറ്റിയ അമേരിക്കൻ ഏജൻസി: കോടിയേരി
ആലപ്പുഴ > കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നടത്തിയ പ്രവചനം പൂർണമായും പൊളിഞ്ഞ  അമേരിക്കൻ ഏജൻസിയായ എ–-സി നീൽസന്റെ സർവെയാണ‌് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ  ആലപ്പുഴ പ്രസ‌്ക്ലബിന്റെ ‘ ജനസമക്ഷം’ പരിപാടിയിൽ പറഞ്ഞു.  സർവെ  മൂന്നുശതമാനം തെറ്റാമെന്ന‌് അന്ന‌് ഏജൻസി പറഞ്ഞിട്ട‌് 108 ശതമാനമാണ‌് തെറ്റിയത‌്. അന്ന‌് ലോക‌്സഭയിൽ കോൺഗ്രസിന‌് 91 സീറ്റാണ‌് പറഞ്ഞിരുന്നത‌്. കിട്ടിയത‌് 44.  ബിഎസ‌്പിക്ക‌് യു പിയിൽ 17 സീറ്റ‌് കിട്ടുമെന്ന‌് പറഞ്ഞിട്ട‌് ഒന്നും കിട്ടിയില്ല. കോൺഗ്രസിന‌് അവിടെ 11 സീറ്റ‌് പ്രവചിച്ചെങ്കിലും കിട്ടിയത‌് രണ്ട‌്. സിപിഐ എമ്മിന‌് ബംഗാളിൽ 11 സീറ്റു കിട്ടുമെന്നു പറഞ്ഞിട്ട‌് കിട്ടിയതും രണ്ട‌്. എൻഡിഎയ‌്ക്ക‌് 232 സീറ്റ‌് പ്രവചിച്ചിട്ട‌് അവർ മുന്നൂറിലേറെ സീറ്റ‌് നേടി.

ജനങ്ങളുടെ  ഇച്ഛാശക്തിയെ അട്ടിമറിക്കാൻ ഒരു സർവെയ‌്ക്കും  കഴിയില്ല. സർവെ നടത്തുന്നവരുടെയും ഏജൻസിയുടെയും താൽപ്പര്യങ്ങളാണ‌്  പ്രതിഫലിക്കുന്നത‌്.  ചെങ്ങന്നൂരിൽ യുഡിഎഫ‌്  ജയിക്കുമെന്ന‌് ആയിരുന്നില്ലേ സർവെ?  തങ്ങൾക്ക‌് അനുകൂലമായ സർവെപോലും എൽഡിഎഫ‌് പ്രവർത്തകർ വിശ്വസിക്കരുത‌്. ലോക‌്സഭയിലേക്ക‌് എൽഡിഎഫ‌് 20ൽ 18 സീറ്റു നേടിയ 2014ൽ  എൽഡിഎഫിന‌് ആറു സീറ്റും യുഡിഎഫിന‌് 14 സീറ്റുമാണ‌് പ്രവചിച്ചത‌്.  എന്നാൽ യുഡിഎഫിനു കിട്ടിയത‌് ഒരു സീറ്റ‌്. 2011ൽ  നിയമസഭയിൽ എൽഡിഎഫിന‌് 40 ഉം യുഡിഎഫിനു 100 സീറ്റും പ്രവചിച്ചെങ്കിലും ഫലം വന്നപ്പോൾ എൽഡിഎഫിന‌് 68 ഉം യുഡിഎഫിന‌്  72 ഉം. ഇത്തവണ സിഎസ‌്ഡിഎസ‌് എന്ന ഏജൻസിയുടെ പ്രവചനമുണ്ട‌്.  അതിൽ എൽഡിഎഫിന‌് ആറു മുതൽ 14 വരെയും യുഡിഎഫിന‌് അഞ്ചു മുതൽ 13 വരെയും സീറ്റു കിട്ടുമെന്നാണ‌് പറയുന്നത‌്. ആരെയും വിഷമിപ്പിച്ചിട്ടില്ല. 5103 പേരാണ‌് ഇത്തവണ എ–-സി നീൽസന്റെ സർവേയിൽ പങ്കെടുത്ത‌ത‌്. എന്നാൽ 12 ജില്ലകളിലെ 52,000 പേർ പങ്കെടുത്ത സർവേ അടുത്തയിടെ നടന്നു. 30 വാർഡുകളിലേക്കുള്ള തദ്ദേശ തെരഞ്ഞെടുപ്പ‌്. അതിൽ എൽഡിഎഫിന‌് 45 ശതമാനവും യുഡിഎഫിന‌് 38 ശതമാനവും എൻഡിഎയ‌്ക്ക‌് 12 ശതമാനവും വോട്ടാണ‌് കിട്ടിയതെന്ന‌് അദ്ദേഹം  ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top