25 March Saturday

മത്സ്യോല്‍പ്പാദനം വ്യാവസായികാടിസ്ഥാനത്തിലാക്കണം: ഡോ. ജെ കെ ജെന

വെബ് ഡെസ്‌ക്‌Updated: Sunday Apr 9, 2017

കൊച്ചി > സമുദ്രജലകൃഷിമേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കി വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യോല്‍പ്പാദനം നടത്താന്‍ സംരംഭകര്‍ തയ്യാറാകണമെന്ന് ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ കെ ജെന പറഞ്ഞു. സിഎംഎഫ്ആര്‍ഐയില്‍നിന്ന് മാരികള്‍ചര്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 ഓടെ ഇന്ത്യയില്‍ ദാരിദ്യ്രം പൂര്‍ണമായും ഇല്ലാതാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളിലൂടെ ഭക്ഷ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നയരൂപീകരണ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വ്യവസായസംരംഭകര്‍, കര്‍ഷകര്‍, ബാങ്കിങ് വിദഗ്ധര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. മാരികള്‍ചര്‍ പഠനം 37 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് സംഗമം.

ചെമ്മീന്‍, പായല്‍, കക്ക, പവിഴം തുടങ്ങിയവ ഉള്‍പ്പെടുന്ന സമുദ്രജലകൃഷി വ്യാവസായികതലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ വന്‍തോതില്‍ കൃഷിചെയ്യുന്നത് ചെമ്മീന്‍ മാത്രമാണ്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ മാതൃകയില്‍ വന്‍തോതില്‍ സമുദ്രകൂടു കൃഷിസംരംഭങ്ങള്‍ വരണം. തീരദേശ പരിപാലനനിയമം കടലിനെയും അനുബന്ധ മേഖലയെയും സംരക്ഷിക്കാനുള്ളതാണ്. ടൂറിസത്തിന്റെ പേരില്‍ നിയമം മാറ്റിയെഴുതരുത്. നിലവില്‍ അഞ്ച് ദശലക്ഷം ടണ്‍ ചെമ്മീന്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 35,000 കോടി രൂപയാണ് ഇതില്‍നിന്നുള്ള വരുമാനമെന്ന് സംഗമം ചൂണ്ടിക്കാട്ടി.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍, നബാര്‍ഡ് ഉദ്യോഗസ്ഥന്‍ ഡോ. സുരേഷ് കുമാര്‍, മുന്‍ ഡയറക്ടര്‍ ഡോ. ഇ ജി സൈലസ്, കൊച്ചി സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം വി പൈലി, സിഎംഎഫ്ആര്‍ഐ മുന്‍ ഡയറക്ടര്‍മാരായ ഡോ. പി എസ് ബി ആര്‍ ജെയിംസ്, ഡോ. വേദവ്യാസ റാവു, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ നോബിള്‍, ചെന്നൈ ആസ്ഥാനമായ ഓരുജലമത്സ്യക്കൃഷി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ കെ വിജയന്‍, ഡോ. പി ജയശങ്കര്‍, പി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സിഎംഎഫ്ആര്‍ഐ മാരികള്‍ചര്‍ കോഴ്സില്‍ അധ്യാപകരായിരുന്ന 20 പേരെ ചടങ്ങില്‍ ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top