27 February Thursday

ശബരിമല പുനഃപരിശോധനാഹർജികൾ : വിശാലബെഞ്ച്‌ പരിഗണിക്കുമെന്ന അറിയിപ്പ്‌ സൈറ്റില്‍നിന്ന് നീക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jan 9, 2020


ന്യൂഡൽഹി
ശബരിമലയിലെ യുവതീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ച്‌ നേരിട്ട്‌ പരിഗണിക്കുമെന്ന അറിയിപ്പ്‌ നീക്കി സുപ്രീംകോടതി വെബ്‌സൈറ്റ്‌.  തിങ്കളാഴ്‌ച സൈറ്റിൽ വന്ന ആദ്യ അറിയിപ്പിൽ ഒമ്പതംഗബെഞ്ച്‌ വിധി ചോദ്യംചെയ്‌തുള്ള  അറുപതോളം ഹർജി പരിഗണിക്കുമെന്നാണ്‌ അറിയിച്ചത്‌. എന്നാൽ, ചൊവ്വാഴ്‌ച രാവിലെമുതൽ അറിയിപ്പ്‌ സൈറ്റിൽ കാണാതായി. ചൊവ്വാഴ്‌ച വൈകിട്ട്‌ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ഒമ്പതംഗബെഞ്ച്‌ വിശ്വാസവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിലാണ്‌ വാദംകേൾക്കുകയെന്നും പുനഃപരിശോധനാഹർജികളിൽ വാദം കേൾക്കുകയില്ലെന്നും കോടതി വ്യക്തമാക്കി.

വിശ്വാസവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിൽ വിശാലബെഞ്ച്‌ വിധി പുറപ്പെടുവിച്ചശേഷമേ ശബരിമല ഹർജികൾ പരിഗണിക്കുകയുള്ളൂവെന്ന്‌ 2019 നവംബറിലെ വിധിയിൽ പരാമർശിച്ചിരുന്നു. എന്നാൽ, 2019 ഡിസംബറിൽ രജിസ്‌ട്രി പുറപ്പെടുവിച്ച നോട്ടീസിൽ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ വിശാലബെഞ്ച്‌ പുനഃപരിശോധനാ ഹർജികളും മറ്റ്‌ ഹർജികളും പരിഗണിക്കുമെന്ന്‌ അറിയിച്ചു. ഇതിനു സമാനമായ അറിയിപ്പാണ്‌ തിങ്കളാഴ്‌ച സൈറ്റില്‍ വന്നത്. പിന്നീട്‌ ഇത് പിന്‍‌വലിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top